മാലിന്യമുക്തം നവകേരളം; ഗാന്ധിജയന്തിയിലെ ശുചീകരണ യജ്ഞത്തില്‍ 25 ലക്ഷം പേര്‍ പങ്കെടുക്കും

Trivandrum / September 29, 2023

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ഭാഗമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 1, 2 തീയതികളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തില്‍ 25 ലക്ഷം പേര്‍ പങ്കെടുക്കും. സംസ്ഥാന-ജില്ലാ കാമ്പയിന്‍ സെക്രട്ടറിയേറ്റുകളുടെ നേതൃത്വത്തില്‍ സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സംസ്ഥാനമൊട്ടാകെ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്. ഓരോ വാര്‍ഡില്‍ നിന്നും കുറഞ്ഞത് 200 പേര്‍ പങ്കെടുക്കുന്ന യജ്ഞത്തില്‍ നഗരപ്രദേശങ്ങള്‍, ബസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളാണ് വൃത്തിയാക്കുക. 2024 ജനുവരി 30 വരെ നടക്കുന്ന കാമ്പയിനിന്‍റെ രണ്ടാംഘട്ടത്തിലെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒക്ടോബര്‍ രണ്ടിന് തുടക്കമാകുന്നത്.


സ്വച്ഛതാ ഹി സേവ കാമ്പയിനിന്‍റെ ഭാഗമായി ഒക്ടോബര്‍ ഒന്നിനും മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ഭാഗമായി ഒക്ടോബര്‍ രണ്ടുമുതല്‍ 15 വരെയും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശുചീകരണം നടത്തും. മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ നടക്കുന്ന തീവ്ര ശുചീകരണ പരിപാടിയുടെ കര്‍ട്ടന്‍ റൈസര്‍ എന്ന നിലയിലാണ് ഒക്ടോബര്‍ ഒന്നിന് ഒരു മണിക്കൂര്‍ ശുചീകരണ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, യുവാക്കള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ ഇതിന്‍റെ ഭാഗമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്  swachhatahiseva.com സന്ദര്‍ശിക്കുക. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 23,000 ഇടങ്ങള്‍ മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.


വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യ സംസ്കരണം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 10 വരെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വ്യാപാര-സ്വകാര്യ സ്ഥാപനങ്ങളില്‍ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കുന്നതും ഹരിത പ്രൊട്ടോക്കോള്‍ പാലിക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ നടക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യസംസ്കരണ രംഗത്തെ വിടവ് വിലയിരുത്തല്‍, ചിക്കന്‍ കട്ടിംഗ് കേന്ദ്രങ്ങള്‍ 100 ശതമാനം ചിക്കന്‍ റെന്‍ഡറിങ് ഏജന്‍സികളുമായി കരാര്‍ വച്ചു എന്ന് ഉറപ്പാക്കല്‍, അവശേഷിക്കുന്ന മാലിന്യക്കൂനകളുടെ സമ്പൂര്‍ണ ശുചീകരണം, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കം ചെയ്യല്‍ തുടങ്ങിയവയും ഒക്ടോബറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളാണ്.

നിലവിലുള്ള കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍ നവംബര്‍ ഒന്നുമുതല്‍ 15 വരെ നടക്കും. മിനി എംസിഎഫ്, ആര്‍ആര്‍എഫ് സംവിധാനങ്ങളുടെ ഉറപ്പുവരുത്തല്‍, ജൈവ മാലിന്യങ്ങളുടെ ഉറവിട സംസ്കരണവും അജൈവ മാലിന്യങ്ങളുടെ ശേഖരണവും 100 ശതമാനമായെന്ന വിലയിരുത്തല്‍, ഹരിത ഗ്രാമസഭകള്‍, ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിക്കല്‍, മാലിന്യം വലിച്ചെറിയുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന ക്യാമ്പയിന്‍ എന്നിവ നവംബര്‍ 15 മുതല്‍ 30 വരെ നടക്കും. നവംബര്‍ 14 ന് ശിശുദിനത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. ഹരിതസഭയ്ക്കുള്ള കുട്ടികളെ ഒക്ടോബര്‍ രണ്ടിനാണ് തെരഞ്ഞെടുക്കുക.

സാനിറ്ററി മാലിന്യസംസ്കരണ സംവിധാനം എല്ലാ നഗരസഭകളിലും ഉറപ്പാക്കല്‍ ഡിസംബര്‍ ഒന്നുമുതല്‍ 10 വരെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഉറപ്പാക്കി പ്രഖ്യാപിക്കല്‍ 20 വരെയും ഹരിത കര്‍മ്മസേന ബ്രാന്‍ഡിംഗ് 31 വരെയും നടക്കും. ഹരിതമിത്രം ആപ്ലിക്കേഷന്‍ 600 പഞ്ചായത്തുകളിലും 65 മുന്‍സിപ്പിലിറ്റികളിലും നാല് കോര്‍പ്പറേഷനുകളിലും സമ്പൂര്‍ണ്ണമാക്കല്‍ ജനുവരി ഒന്നുമുതല്‍ 10 വരെയാണ്. ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്കരണവും വാതില്‍പ്പടി ശേഖരണവും വ്യാപാര സ്ഥാപനങ്ങളിലെ ശാസ്ത്രീയ മാലിന്യ സംസ്കരണവും 100 ശതമാനം ഉറപ്പുവരുത്തലും വാര്‍ഡുകളുടെ വിലയിരുത്തല്‍ പ്രഖ്യാപനവും ജനുവരി 10 മുതല്‍ 20 വരെ നടക്കും. മാലിന്യമില്ലാത്ത പൊതുനിരത്തുകളും ഖര മാലിന്യമില്ലാത്ത ജലാശയങ്ങളും ഈ ഘട്ടത്തിലെ ലക്ഷ്യങ്ങളാണ്. മികച്ച സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള അനുമോദനം, മികച്ച തദ്ദേശ സ്ഥാപനങ്ങളെ വിലയിരുത്തല്‍ എന്നിവയും ജനുവരിയില്‍ നടക്കും.

2024 മാര്‍ച്ചോടെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ്ണ ശുചിത്വ പദവിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം മാര്‍ച്ച് 15 ന് മൂന്ന് ഘട്ടങ്ങളായുള്ള മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ആരംഭിച്ചത്. ഒന്നാം ഘട്ടത്തിലെ പൂര്‍ത്തിയാക്കാത്ത ലക്ഷ്യങ്ങളും രണ്ടാം ഘട്ടത്തിലെ പ്രധാന ലക്ഷ്യമായ മാലിന്യ സംസ്കരണത്തിനാവശ്യമായ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമിടുന്നത്.

Photo Gallery