സിബിഎല്‍ മൂന്നാം സീസണ്‍ നാലാം മത്സരം നാളെ (30.09.2023 ശനി) പിറവത്ത്;

തുടര്‍ച്ചയായ നാലാം വിജയത്തിന് പിബിസി വീയപുരം, അട്ടിമറി ലക്ഷ്യമിട്ട് മറ്റുള്ളവര്‍
Kochi / September 28, 2023

കൊച്ചി: ഐപിഎല്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണിലെ നാലാം മത്സരത്തിനായി പിറവത്തെ മുവാറ്റുപുഴയാറ് ഒരുങ്ങി. സെപ്തംബര്‍ 30 ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒന്നരയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

സിബിഎല്‍ ഇരട്ട ചാമ്പ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് കഴിഞ്ഞ തവണ കാലിടറിയ പിറവത്ത് ഇക്കുറിയും തീപാറുന്ന മത്സരമാണ് വള്ളംകളി മത്സരപ്രേമികള്‍ പ്രതീക്ഷിക്കുന്നത്. പിബിസി തുഴയുന്ന വീയപുരം ചുണ്ടനാണ് സിബിഎല്‍ മൂന്നാം സീസണില്‍ ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ളത്. നെഹ്റുട്രോഫി, കൊച്ചി മറൈന്‍ ഡ്രൈവ്, കോട്ടപ്പുറം കായല്‍ എന്നീ നെട്ടായങ്ങളില്‍ അനിഷേധ്യമായ മുന്നേറ്റം നടത്തിയാണ് ഹാട്രിക് സിബിഎല്‍ കിരീടം ലക്ഷ്യമിടുന്ന പിബിസി ഒന്നാമതെത്തിയത്.

ഹീറ്റ്സില്‍ പുലര്‍ത്തിയ മികവ് ഫൈനലില്‍ ആവര്‍ത്തിക്കാനാവാത്തതാണ് വര്‍ധിത വീര്യവുമായി മുന്നോട്ടു വന്ന യുബിസി കൈനകരി തുഴയുന്ന നടുഭാഗം ചുണ്ടന് ഇക്കുറി വിനയായത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ എന്‍സിഡിസി തുഴയുന്ന നിരണം ചുണ്ടന് മൂന്നാം സ്ഥാനമാണ് പോയിന്‍റ് പട്ടികയിലുള്ളത്.

സിബിഎല്ലില്‍ കാണികള്‍ക്ക് ഏറ്റവുമധികം മിഴിവേകുന്ന മത്സരട്രാക്ക് കൂടിയാണ് പിറവത്തേത്. ഇരുകരകള്‍ക്കും നല്ല പൊക്കമുള്ളതിനാല്‍ കാണികള്‍ക്ക് സ്റ്റാര്‍ട്ടിംഗ് പോയിന്‍റ് മുതല്‍ മത്സരം തടസ്സമില്ലാതെ കാണാനാകും. കൂടാതെ പിറവത്തെ ആര്‍ച്ച് പാലത്തില്‍ നിന്നും മനോഹരമായ ദൃശ്യാനുഭവം കാണികള്‍ക്ക് ലഭിക്കുകയും ചെയ്യും.

പിറവം എംഎല്‍എ അനൂപ് ജേക്കബ് അധ്യക്ഷനാകുന്ന ചടങ്ങില്‍ വ്യവസായമന്ത്രി പി രാജീവ് പിറവം വള്ളംകളിയും സിബിഎല്‍ നാലാം മത്സരവും ഉദ്ഘാടനം ചെയ്യും.  കോട്ടയം എം പി തോമസ് ചാഴിക്കാടന്‍, പിറവം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, ജില്ലാകളക്ടര്‍ എന്‍എസ്കെ ഉമേഷ്, കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, സിനിമാതാരം ലാലുഅലക്സ്, പിറവം നഗരസഭാ ഉപാധ്യക്ഷന്‍ കെ പി സലീം, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (വീയപുരം) പിബിസി, കോസ്റ്റ് ഡോമിനേറ്റേഴ്സ്(നടുഭാഗം) യുബിസി, മൈറ്റി ഓര്‍സ്(നിരണം) എന്‍സിഡിസി, ബാക്ക് വാട്ടര്‍ വാരിയേഴ്സ്(ചമ്പക്കുളം)കുമരകം ടൗണ്‍ ബോട്ട്ക്ലബ്, റേജിംഗ് റോവേഴ്സ് (മഹാദേവിക്കാട്) പോലീസ് ബോട്ട് ക്ലബ്, തണ്ടര്‍ ഓര്‍സ്(പായിപ്പാടന്‍)കെബിസി/എസ്എഫ്ബിസി, റിപ്പിള്‍ ബ്രേക്കേഴ്സ്(കാരിച്ചാല്‍) പുന്നമട ബോട്ട് ക്ലബ്, ബാക്ക് വാട്ടര്‍ കിംഗ്സ്(സെ. പയസ്)നിരണം ബോട്ട് ക്ലബ്, പ്രൈഡ് ചേസേഴ്സ്(ആയാപറമ്പ് പാണ്ടി)വിബിസി എന്നിവയാണ് മത്സരിക്കുന്ന ടീമുകള്‍.

പിറവം-എറണാകുളം(സെപ്തംബര്‍ 30), താഴത്തങ്ങാടി, കോട്ടയം, (ഒക്ടോബര്‍ 7), പുളിങ്കുന്ന്, ആലപ്പുഴ(ഒക്ടോബര്‍ 14), കൈനകരി, ആലപ്പുഴ(ഒക്ടോബര്‍ 21), കരുവാറ്റ, ആലപ്പുഴ(ഒക്ടോബര്‍ 28), കായംകുളം, ആലപ്പുഴ(നവംബര്‍ 18), കല്ലട, കൊല്ലം(നവംബര്‍ 25), പാണ്ടനാട്, ചെങ്ങന്നൂര്‍ ആലപ്പുഴ(ഡിസംബര്‍ 2), പ്രസിഡന്‍റ്സ് ട്രോഫി, കൊല്ലം(ഡിസംബര്‍ 9) എന്നിങ്ങനെയാണ് ഇനി നടക്കാനുള്ള മത്സരങ്ങള്‍.

 

Photo Gallery