എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര മാതൃകകള്‍ ടൂറിസത്തില്‍ സ്വീകരിക്കണം: ഗവര്‍ണര്‍

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് കോവളത്ത് ഉദ്ഘാടനം ചെയ്തു
Trivandrum / September 27, 2023

തിരുവനന്തപുരം: എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര മാതൃകകള്‍ ടൂറിസത്തില്‍ സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരിസ്ഥിതി നശീകരണത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും പ്രകൃതിയെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിലാണ് ടൂറിസത്തിന്‍റെ ഭാവിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്സ്പോ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ആദ്യ പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക' എന്നതാണ് സെപ്റ്റംബര്‍ 30 വരെ നടക്കുന്ന ജിടിഎം-2023 ന്‍റെ പ്രമേയം.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വിവിധ നടപടികള്‍ക്ക് ലോകരാജ്യങ്ങള്‍ തയ്യാറാകുന്നത് ആശ്വാസകരമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സുസ്ഥിരതയും ഉള്‍ക്കൊള്ളലും എന്ന ആശയത്തിന് അടുത്തിടെ നടന്ന ജി 20 ഉച്ചകോടിയിലും ഊന്നല്‍ നല്‍കിയിരുന്നു. പരിസ്ഥിതി, സംസ്കാരം, പൈതൃകം എന്നിവ സംരക്ഷിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഹരിത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം മാതൃകാപരമായ മാറ്റം വരുത്തിയിരിക്കുന്നത് സന്തോഷകരമാണ്. പ്രകൃതിയോടുള്ള ആദരവും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലുള്ള താത്പര്യവും പുരാതന കാലം മുതല്‍ക്ക് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. വിശാലമായ ചരിത്രവും സാംസ്കാരിക വൈവിധ്യവുമുള്ള ഇന്ത്യ അനന്തമായ സാധ്യതകളുള്ള പൈതൃക ടൂറിസം ശക്തിപ്പെടുത്തണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


ചടങ്ങില്‍ മെട്രോ എക്സ്പെഡിഷന്‍ മാഗസിന്‍റെ പ്രത്യേക പതിപ്പ് ഗവര്‍ണര്‍ പ്രകാശനം ചെയ്തു.


ജിടിഎമ്മിന്‍റെ സെമിനാര്‍ സെഷന്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ജിടിഎം 2023 ഹാന്‍ഡ്ബുക്ക് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഷെല്ലി സലെഹിന്‍ പ്രത്യേക പ്രഭാഷണം നടത്തി.


ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് രഘുചന്ദ്രന്‍ നായര്‍, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം വൈസ് പ്രസിഡന്‍റ് എം.ആര്‍ നാരായണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് ഇ.എം നജീബ്, കെടിഎം മുന്‍ പ്രസിഡന്‍റ് ബേബി മാത്യു, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡന്‍റ് സുധീഷ്കുമാര്‍, കേരള ടൂറിസം ഡവലപ്മെന്‍റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍, ജിടിഎം സിഇഒ സിജി നായര്‍, ജിടിഎം ജനറല്‍ കണ്‍വീനര്‍ പ്രസാദ് മഞ്ഞളി എന്നിവര്‍ പങ്കെടുത്തു.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, തവാസ് വെഞ്ചേഴ്സ്, സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ്, മെട്രോ മീഡിയ എന്നിവ ചേര്‍ന്നാണ് വാര്‍ഷിക ബി2ബി, ട്രാവല്‍ ആന്‍ഡ് ട്രേഡ് എക്സിബിഷനായ ജിടിഎം 2023 സംഘടിപ്പിക്കുന്നത്.

ജിടിഎം 2023 ന്‍റെ ട്രാവല്‍ ട്രേഡ് എക്സിബിഷന്‍ ഇന്ന് (സെപ്തംബര്‍ 28) രാവിലെ 10.15 ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യും.

അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ട്രാവല്‍ ഏജന്‍റുമാര്‍ക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെ ഇന്നും നാളെയും (28, 29) നടക്കുന്ന എക്സ്പോയിലും സെമിനാര്‍ സെഷനുകളിലും പങ്കെടുക്കാം.

ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും നിരവധി പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും ജിടിഎം സാക്ഷ്യം വഹിക്കും. 1000-ത്തിലധികം ട്രേഡ് വിസിറ്റേഴ്സും 600-ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100-ലധികം കോര്‍പ്പറേറ്റ് ബയേഴ്സും പങ്കെടുക്കുന്നുണ്ട്.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയില്‍ ഉണ്ടായിരിക്കും. ആയുര്‍വേദം, യോഗ-വെല്‍നസ്, റിസോര്‍ട്ടുകള്‍, റിട്രീറ്റുകള്‍, ആശുപത്രികള്‍, വെഡ്ഡിംഗ് ടൂറിസം, കോര്‍പ്പറേറ്റ് കോണ്‍ക്ലേവുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകള്‍ തുടങ്ങിയ പവലിയനുകളും സജ്ജീകരിക്കും.

 
ട്രാവല്‍ മേഖലയിലെ വിദഗ്ധര്‍ ജിടിഎമ്മിലെ സെമിനാര്‍ സെഷനുകള്‍ നയിക്കും. വിവിധ കമ്പനികളുടെ പ്രതിനിധികളുമായുള്ള കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കിംഗ് സെഷന്‍ 29 നും ബിടുബി സെഷനുകള്‍ 28, 29 തിയതികളിലും നടക്കും. 30 ന് എക്സ്പോയില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും.

Photo Gallery

+
Content
+
Content
+
Content