കോട്ടപ്പുറം കായലിനെ കീറിമുറിച്ച് പള്ളാത്തുരുത്തി തുഴഞ്ഞ വീയപുരം ചുണ്ടന്‍ ഒന്നാമത്

Thrissur / September 23, 2023

കൊടുങ്ങല്ലൂര്‍: ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണില്‍ കോട്ടപ്പുറത്ത് നടന്ന മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി)തുഴഞ്ഞ വീയപുരം(2.28.01 മിനിറ്റ്) ജേതാക്കളായി.

തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം നിറച്ച മത്സരത്തില്‍ അവസാന 200 മീറ്ററിലെ ഉജ്ജ്വല കുതിപ്പിന്‍റെ സഹായത്തോടെ നടുഭാഗം ചുണ്ടന്‍ (യുബിസി കൈനകരി, കോസ്റ്റ് ഡോമിനേറ്റേഴ്സ്), മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (പോലീസ് ബോട്ട് ക്ലബ്, റേജിംഗ് റോവേഴ്സ്) എന്നിവയെ തറ പറ്റിച്ച് വീയപുരം ചാമ്പ്യനായി. നടുഭാഗം ചുണ്ടന്‍ രണ്ടും(2.29.15 മിനിറ്റ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നും സ്ഥാനങ്ങള്‍(2.30.37 മിനിറ്റ്) കരസ്ഥമാക്കി. യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ഹീറ്റ്സില്‍ മികച്ച സമയം കുറിച്ച് ഒന്നാമതെത്തിയെങ്കിലും ഫൈനലില്‍ ആ മികവ് നിലനിറുത്താനായില്ല.

നിരണം ചുണ്ടന്‍(എന്‍സിഡിസി, മൈറ്റി ഓര്‍സ്) നാലും, കാരിച്ചാല്‍ (പുന്നമട ബോട്ട് ക്ലബ്, റിപ്പിള്‍ ബ്രേക്കേഴ്സ്) അഞ്ചും, ചമ്പക്കുളം ചുണ്ടന്‍(കുമരകം ടൗണ്‍ ബോട്ട് ക്ലബ്, ബാക്ക് വാട്ടര്‍ വാരിയേഴ്സ്) ആറും സ്ഥാനങ്ങള്‍ നേടി.

സെ. പയസ് ടെന്‍ത്(നിരണം ബോട്ട് ക്ലബ്, ഏഴ്), പായിപ്പാടന്‍ ചുണ്ടന്‍(കെബിസി ആന്‍ഡ് എസ് എഫ് ബിസി, തണ്ടര്‍ ഓര്‍സ്, എട്ട്), ആയാപറമ്പ് പാണ്ടി (വേമ്പനാട് ബോട്ട് ക്ലബ്, പ്രൈഡ് ചേസേഴ്സ് ഒമ്പത്) എന്നീ സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

ടൂറിസം ക്ലബ് അംഗങ്ങളെ ഉപയോഗിച്ച് പ്രാദേശികമായി ഗൈഡുകളെ നിയോഗിക്കാനുളള പദ്ധതി സംസ്ഥാന സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് കോട്ടപ്പുറം വള്ളംകളി ഉദ്ഘാടനം ചെയ്തു കൊണ്ട് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളെയും ടൂറിസവുമായി ബന്ധപ്പെടുത്തി സമഗ്രമായ വിനോദസഞ്ചാര ഉത്പന്നങ്ങള്‍ സഞ്ചാരികള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ എം പി ബെന്നി ബഹനാന്‍ സമ്മാനദാനം നടത്തി. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. തൃശൂര്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ, കൊടുങ്ങല്ലൂര്‍ നഗരസഭാദ്ധ്യക്ഷ ടി കെ ഗീത എന്നിവരും സംബന്ധിച്ചു.

പിറവം-എറണാകുളം(സെപ്തംബര്‍ 30), താഴത്തങ്ങാടി, കോട്ടയം, (ഒക്ടോബര്‍ 7), പുളിങ്കുന്ന്, ആലപ്പുഴ(ഒക്ടോബര്‍ 14), കൈനകരി, ആലപ്പുഴ(ഒക്ടോബര്‍ 21), കരുവാറ്റ, ആലപ്പുഴ(ഒക്ടോബര്‍ 28), കായംകുളം, ആലപ്പുഴ(നവംബര്‍ 18), കല്ലട, കൊല്ലം(നവംബര്‍ 25), പാണ്ടനാട്, ചെങ്ങന്നൂര്‍ ആലപ്പുഴ(ഡിസംബര്‍ 2), പ്രസിഡന്‍റ്സ് ട്രോഫി, കൊല്ലം(ഡിസംബര്‍ 9) എന്നിങ്ങനെയാണ് ഇനി നടക്കാനുള്ള മത്സരങ്ങള്‍.

 

Photo Gallery

+
Content
+
Content
+
Content