കെമിക്കല്‍ മേഖല കൂടുതല്‍ സ്വയംപര്യാപ്തമാകണമെന്ന് വിദഗ്ധര്‍

സി.എസ്.ഐ.ആര്‍-എന്‍.ഐ.എസ്.ടി ഇന്‍ഡസ്ട്രി കണക്ട് മീറ്റ് സംഘടിപ്പിച്ചു
Trivandrum / September 21, 2023

തിരുവനന്തപുരം: രാജ്യത്തെ കെമിക്കല്‍ മേഖല സ്വാശ്രയത്വത്തിനും ചെലവ് കുറഞ്ഞ രീതികള്‍ സ്വീകരിക്കാനും ശ്രമിക്കണമെന്ന് വിദഗ്ധര്‍. ഇത് ബാഹ്യസ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും ഗവേഷണ വികസന സ്ഥാപനങ്ങളും വ്യവസായവും തമ്മിലുള്ള സഹകരണം ഇക്കാര്യത്തില്‍ പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെമിക്കല്‍ സിനര്‍ജി: ബ്രിഡ്ജിംഗ് ഇന്‍ഡസ്ട്രീസ് വിത്ത് സിന്തറ്റിക്ക് എക്സ്പേര്‍ട്ടൈസ്' എന്ന വിഷയത്തില്‍ പാപ്പനംകോട് സി.എസ്.ഐ.ആര്‍-എന്‍.ഐ.എസ്.ടി സംഘടിപ്പിച്ച ഇന്‍ഡസ്ട്രി കണക്ട് മീറ്റിലാണ് ഇക്കാര്യം പ്രതിപാദിക്കപ്പെട്ടത്.


എലിക്സ് ഗ്ലോബല്‍ മെന്‍റര്‍ ഡോ. ശ്രീനിവാസ് ലങ്ക, ക്രിസ്റ്റല്‍ ക്രോപ്പ് പ്രൊട്ടക്ഷന്‍ ലിമിറ്റഡ് ആര്‍ ആന്‍ഡ് ഡി വൈസ് പ്രസിഡന്‍റ് ഡോ. രാജീവ് ആര്‍. ഝാ, അംബര്‍നാഥ് ഓര്‍ഗാനിക്സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ഡോ. സന്തോഷ് നന്ദന്‍ എന്നിവര്‍ ഈ വിഷയത്തില്‍ ഉള്‍ക്കാഴ്ചകള്‍ പങ്കുവച്ചു.

രാസവസ്തുക്കളുടെയും സവിശേഷമായ രാസവസ്തുക്കളുടെയും കയറ്റുമതിയില്‍ ഇന്ത്യയുടെ പങ്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വിഷയം അവതരിപ്പിച്ച് സി.എസ്.ഐ.ആര്‍-എന്‍.ഐ.എസ്.ടി ഡയറക്ടര്‍ ഡോ.സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു.

കെമിക്കല്‍ മേഖലയില്‍ ചൈനയുള്‍പ്പെടെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും  തന്മാത്രകള്‍ ചെലവ് കുറഞ്ഞ രീതികള്‍ വികസിപ്പിക്കേണ്ടത് പ്രധാനമാണെന്നും ഡോ.ശ്രീനിവാസ് ലങ്ക ചൂണ്ടിക്കാട്ടി.


അഗ്രോകെമിക്കല്‍ തന്മാത്രകള്‍ വികസിപ്പിക്കുമ്പോള്‍ ചെലവ് കുറയ്ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഡോ.രാജീവ് ആര്‍. ഝാ സംസാരിച്ചു. പാരിസ്ഥിതിക പരിഗണനകള്‍ ഉള്‍പ്പെടെയുള്ള സാധ്യതയുള്ള വെല്ലുവിളികളെ നേരിടാന്‍ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും സഹകരണ സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു.


രാസപ്രവര്‍ത്തനങ്ങളുടെ ഡാറ്റ ശേഖരണം സമഗ്രമായ ഡാറ്റാബേസ് സൃഷ്ടിക്കുന്നതില്‍ അനിവാര്യമാണെന്ന് ഡോ. സന്തോഷ് നന്ദന്‍ സൂചിപ്പിച്ചു. സാമ്പത്തിക പരിഗണനകള്‍ ഗവേഷണത്തെ നയിക്കണമെന്നും ശാസ്ത്രീയ പരിശ്രമങ്ങളില്‍ പുനരുല്‍പ്പാദനത്തിന്‍റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളുമായി ബന്ധപ്പെട്ട പാനല്‍ ചര്‍ച്ചകളും നടന്നു. രാസപദാര്‍ഥ മേഖലയില്‍ ഇന്ത്യയുടെ ഉപയോഗപ്പെടുത്താത്ത സാധ്യതകള്‍, അവസരങ്ങളുടെ കുറവ്, ഉയര്‍ന്ന മൂല്യമുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രോകെമിക്കല്‍ മേഖലയിലെ സാധ്യതകള്‍ കെമിക്കല്‍സ്-ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായത്തിലെ ഗവേഷണ-വികസന തടസ്സങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്തത്.

Photo Gallery

+
Content