ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് സെപ്റ്റംബര്‍ 27 മുതല്‍ തിരുവനന്തപുരത്ത്

വിദേശത്തു നിന്നുള്‍പ്പടെ 1000 ത്തിലധികം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും
Trivandrum / September 20, 2023

തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണതകള്‍ അറിയാനും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവസരമൊരുക്കുന്ന ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ആദ്യ പതിപ്പിന് സെപ്റ്റംബര്‍ 27 ന് തിരുവനന്തപുരത്ത് തുടക്കമാകും. ഇന്ത്യയിലെയും വിദേശത്തെയും ട്രാവല്‍-ടൂറിസം മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും പുതിയ ബിസിനസ് പങ്കാളിത്തം ഉറപ്പിക്കാന്‍ അവസരമൊരുക്കും. സെപ്റ്റംബര്‍ 30 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററാണ് ജിടിഎമ്മിന് വേദിയാകുക.


വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി 1000 ത്തിലധികം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ജിടിഎമ്മില്‍ പങ്കെടുക്കും. 500 ലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോര്‍പ്പറേറ്റ് ബയേഴ്സും 200 ലധികം സ്റ്റാളുകളും ഉണ്ടായിരിക്കും.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, തവസ്സ് വെഞ്ച്വേഴ്സ്, മെട്രോ മീഡിയ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജിടിഎം ദക്ഷിണേന്ത്യന്‍ ടൂറിസം മേഖലയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.

സെപ്റ്റംബര്‍ 27 ന് ജിടിഎമ്മിന്‍റെ ഉദ്ഘാടനത്തോടൊപ്പം ലോക ടൂറിസം ദിനാഘോഷവും മെട്രോ എക്സ്പെഡിഷന്‍ അവാര്‍ഡ് വിതരണവും നടക്കും. എക്സിബിഷന്‍, ബയേഴ്സ് സെല്ലേഴ്സ് മീറ്റ്, കോര്‍പ്പറേറ്റ് റോഡ് ഷോ, എം.ഐ.എസ്.ഇ കോണ്‍ക്ലേവ്, ബിടുസി എന്നിവ 28, 29 തീയതികളില്‍ നടക്കും. ഫാം ട്രിപ്പ്, മീഡിയ ടൂര്‍, ബിടുസി എന്നിവയാണ് സമാപന ദിവസത്തെ പ്രധാന പരിപാടികള്‍.

തെക്കന്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ രാജ്യത്തെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പരിചയപ്പെടുത്തുന്നതിലൂടെ വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് സി.ഇ.ഒ. സിജി നായര്‍ പറഞ്ഞു.

സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി സാധാരണ നിലയില്‍ മുന്നോട്ട് പോവുകയാണെന്നും തെക്കന്‍ കേരളത്തിലെ പ്രചാരം ലഭിക്കാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് രൂപം നല്‍കുമെന്നും സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡന്‍റ് സുധീഷ് കുമാര്‍ പറഞ്ഞു.

ട്രാവല്‍ മേഖലയിലെ വിദഗ്ധര്‍ ജിടിഎമ്മിലെ സെമിനാര്‍ സെഷനുകള്‍ നയിക്കും. സെപ്തംബര്‍ 29 ന് രാവിലെ അന്‍പതോളം മുന്‍നിര കമ്പനികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കോര്‍പ്പറേറ്റ് ബിസിനസ് നെറ്റ്വര്‍ക്കിംഗ് സെഷനും നടക്കും.

ജടായുപാറ, അഷ്ടമുടിക്കായല്‍, പൂവാര്‍, കോവളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി സെപ്തംബര്‍ 30 ന് പ്രത്യേക ടൂര്‍ സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം നഗരം കാണാനുള്ള അവസരവും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവരുടെ സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയില്‍ ഉണ്ടായിരിക്കും. ജിടിഎമ്മില്‍ 30 ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.gtmt.in

 

 

Photo Gallery