നിപയെ ഭയക്കാതെ ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കാം നിര്‍മ്മിത ബുദ്ധി ക്യൂ ആപ്പുമായി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്

Kozhikode / September 19, 2023

കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തില്‍ ഡോക്ടറെ കാണാനുള്ള കാത്തിരിപ്പ് ഒഴിവാക്കാനും അതു വഴി ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്ന നിര്‍മ്മിത ബുദ്ധി ക്യൂ ആപ്പ് പ്രചരിപ്പിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന അണ്‍ക്യു. നിപയും കൊവിഡും പോലുള്ള പകര്‍ച്ചാവ്യാധികള്‍ ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ളവരാണ് ഡോക്ടര്‍മാരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരെന്നത് ഈ ആപ്പിന്‍റെ പ്രാധാന്യം കൂട്ടുന്നു.

അണ്‍ക്യു ആപ്പിന്‍റെ പ്രധാന സൗകര്യം ഡോക്ടറെ കാണാന്‍ കണ്‍സല്‍ട്ടിംഗ് മുറിക്ക് മുന്നില്‍ കാത്തു നില്‍ക്കേണ്ട എന്നതാണ്. ആപ്പ് വഴി ലഭിക്കുന്ന എസ്എംഎസ് ലിങ്ക് വഴി ഡോക്ടറുമായുള്ള കൂടിക്കാഴ്ച ബുക്ക് ചെയ്യാം. തനിക്ക് മുന്നില്‍ എത്ര രോഗികളുണ്ട്, അവരെ കാണാന്‍ ഡോക്ടര്‍ എടുക്കാന്‍ സാധ്യതയുള്ള സമയം, ഇനി ചില രോഗികള്‍ക്ക് കൂടുതല്‍ സമയമെടുക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത്, ഓരോ ഡോക്ടറുടെയും പരിശോധനാ രീതി മുതലായവ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ അറിയാന്‍ സാധിക്കും. അതനുസരിച്ച് രോഗിയ്ക്ക് ആശുപത്രിയിലെത്തേണ്ട സമയം ഈ ആപ്പ് ക്രമീകരിക്കും. രോഗിയുടെ വീടു മുതല്‍ ആശുപത്രി വരെയുള്ള ഗതാഗതവും വിശകലനം ചെയ്താണ് കൂടിക്കാഴ്ചയ്ക്കുള്ള സമയം കണക്കാക്കുന്നത്.

കോഴിക്കോട്ടെ പല ആശുപത്രികളും സ്വകാര്യ ക്ലിനിക്കുകളും അണ്‍ക്യു ആപ്പ് ഉപയോഗിക്കുന്നുണ്ട്. രോഗികള്‍ക്ക് മാത്രമല്ല, ഡോക്ടര്‍മാര്‍ക്കും ഇത് വളരെ സഹായകരമായ ആപ്പാണെന്ന് അണ്‍ക്യുവിന്‍റെ എംഡി മുഹമ്മദ് ജാസിം ചൂണ്ടിക്കാട്ടി. നിരവധി രോഗികള്‍ ഡോക്ടറുടെ മുറിക്ക് ചുറ്റും കൂടി നില്‍ക്കുന്നത് ഒഴിവാക്കാനാകും. പരിശോധനയ്ക്ക് ശേഷം ചികിത്സാനടപടികള്‍ ചെയ്യേണ്ട അവസ്ഥയുണ്ടെങ്കില്‍ അതുകൂടി കണക്കിലെടുത്ത് തുടര്‍ന്നു വരുന്ന രോഗികള്‍ക്കുള്ള കൂടിക്കാഴ്ചാ സമയം ക്രമീകരിക്കുയും ചെയ്യും.

ഗള്‍ഫ് രാജ്യമായ ഒമാനിലെ നിരവധി ആശുപത്രികള്‍ അണ്‍ക്യു ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 5000 ലധികം രോഗികള്‍, 1000ലധികം ക്യൂ എന്നിവ അണ്‍ക്യുവിന്‍റെ സേവനം ഉപയോഗിക്കുന്നുണ്ടെന്നും ജാസിം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99466 75555 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Photo Gallery