വൈക്കം നിയോജകമണ്ഡലത്തിലെ 1619 കുട്ടികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു

പദ്ധതി കേരള ഫീഡ്സിന്‍റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിലൂടെ
Vaikom / September 18, 2023

വൈക്കം: മെന്‍സ്ട്രല്‍ കപ്പ് വ്യാപകമാകുന്നതോടെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന് വൈക്കം എംഎല്‍എ കെ ആശ പറഞ്ഞു. പൊതുമേഖലാ കാലിത്തീറ്റ സ്ഥാപനമായ കേരള ഫീഡ്സ് സാമൂഹ്യ പ്രതിബദ്ധതാ(സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ച് വൈക്കം നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആരോഗ്യ-ശുചിത്വ ബോധവത്കരണവും മെന്‍സ്ട്രല്‍ കപ്പ് വിതരണവും എജെജെഎം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സാനിറ്ററി പാഡുകള്‍ പുതിയ തലമുറയ്ക്ക് വലിയ ആശ്വാസമായെങ്കിലും അത് പ്രകൃതിയ്ക്കുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ വലുതാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് സാനിറ്ററി മാലിന്യങ്ങള്‍. അതിന് ഒരു പരിധി വരെ പരിഹാരമാണ് മെന്‍സ്ട്രല്‍ കപ്പ്. സാധാരണ പെണ്‍കുട്ടികള്‍ക്ക് ഇതുപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തിശുചിത്വം പാലിക്കേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ചും ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. മാറ്റിനിറുത്തപ്പെടേണ്ടതല്ല മറിച്ച് ചേര്‍ത്ത് നിറുത്തേണ്ട കാലമാണ് ആര്‍ത്തവമെന്നും അവര്‍ പറഞ്ഞു.


ഗുണനിലവാരമുള്ള പാല്‍ ഉറപ്പു വരുത്തുന്നതില്‍ കേരള ഫീഡ്സ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് എംഎല്‍എ പറഞ്ഞു. കാലിത്തീറ്റയ്ക്കപ്പുറം മിനറല്‍ മിക്സ് പോലുള്ള വിവിധങ്ങളായ അനുബന്ധ ഉത്പന്നങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അന്യ സംസ്ഥാന കാലിത്തീറ്റയില്‍ വ്യാപകമായി മായം കലരുന്നതായി റിപ്പോര്‍ട്ട് വരുന്നുണ്ട്. ഇതിനെ ചെറുക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് കാലിത്തീറ്റ ഗുണമേډ ഉറപ്പു വരുത്തുന്ന ബില്ല് നിയമസഭ പാസാക്കിയെന്നും കെ ആശ പറഞ്ഞു.


കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ ഉജ്ജ്വലമായ ചരിത്രങ്ങള്‍ എഴുതിച്ചേര്‍ത്ത സ്ഥലമാണ് വൈക്കമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കേരള ഫീഡ്സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ പറഞ്ഞു. അയിത്തം, തൊട്ടുകൂടായ്മ, തിരണ്ട് കല്യാണങ്ങള്‍, തുടങ്ങിയ അനാചാരം തുടച്ചു നീക്കുന്ന ശ്രമങ്ങള്‍ക്ക് വൈക്കത്ത് നിന്നാണ് തുടക്കമായത്. വര്‍ത്തമാനകാലത്തെ നവോത്ഥാനമൂല്യങ്ങള്‍ കുട്ടികളിലേക്കെത്തിക്കാനും ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 
പതിനായിരത്തിലേറെ മെന്‍സ്ട്രല്‍ കപ്പാണ് ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളിലെ സ്കൂളുകളില്‍  വിതരണം ചെയ്തതെന്ന് കേരള ഫീഡ്സ് എംഡി ഡോ. കെ ശ്രീകുമാര്‍ പറഞ്ഞു. തെരഞ്ഞെടുത്ത പത്ത് നിയോജക മണ്ഡങ്ങളില്‍ നിന്നായി ഇരുപതിനായിരത്തിലധികം കപ്പുകളാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് സ്ത്രീസൗഹൃദ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഉപയോഗിക്കണമെന്ന മന്ത്രി ജെ ചിഞ്ചുറാണിയുടെ നിര്‍ദ്ദേശപ്രകാരമാണ് മെന്‍സ്ട്രല്‍ കപ്പെന്ന ആശയത്തിലേക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സുമായി(എച്എല്‍എല്‍ ഹെല്‍ത്ത്കെയര്‍) സഹകരിച്ചാണ് കേരള ഫീഡ്സ് ഈ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തംഗം ഷിജി വിന്‍സന്‍റ്, പ്രിന്‍സിപ്പല്‍ ശ്രീലത എസ്, ഹെഡ്മിസ്ട്രസ് ശ്രീമതി മായാദേവി, ഡോ. അര്‍ച്ചന എം, കേരള ഫീഡ്സ് കമ്പനി സെക്രട്ടറി വിദ്യ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content