നിപ: ആര്‍ജിസിബി മൊബൈല്‍ വൈറോളജി ലാബ് കോഴിക്കോട്ടേക്ക്

ആരോഗ്യമന്ത്രി മൊബൈല്‍ യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു
Trivandrum / September 14, 2023

തിരുവനന്തപുരം: നിപ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) മൊബൈല്‍ വൈറോളജി ടെസ്റ്റിംഗ് യൂണിറ്റ് നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കേരള നിയമസഭയ്ക്കു മുന്നില്‍ ആരോഗ്യ, സ്ത്രീ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മൊബൈല്‍ ലാബ് ഫ്ളാഗ് ഓഫ് ചെയ്തു.

നിപയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു മൊബൈല്‍ ലാബ് സജ്ജമാക്കിയ ആര്‍ജിസിബിയെ മന്ത്രി അഭിനന്ദിച്ചു. മൊബൈല്‍ ലാബ് വ്യാഴാഴ്ച കോഴിക്കോട്ടെത്തുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് മെഷീനുകള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്ന ലാബില്‍ ബയോസേഫ്റ്റി ലെവല്‍ 2 (ബിഎസ്എല്‍) പ്ലസ് ലെവല്‍ 3 പരിശോധനകള്‍ നടത്താനാകും. രണ്ട് മെഷീനുകളിലായി ആകെ 192 സാമ്പിളുകള്‍ ഒരേസമയം പരിശോധിക്കാന്‍ കഴിയും. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോസയന്‍സസില്‍ നിന്നുള്ള മൊബൈല്‍ ലാബ് കോഴിക്കോട്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആര്‍ജിസിബിയില്‍ നിന്നുള്ള ആറ് വിദഗ്ധരുടെ സംഘം മൊബൈല്‍ യൂണിറ്റിലുണ്ടാകുമെന്ന് പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. സാമ്പിളുകള്‍ പരിശോധിച്ച് ആറ് മണിക്കൂറിനുള്ളില്‍ ഫലം നല്‍കാന്‍ കഴിയും. മൊബൈല്‍ ലാബ് കണ്ടെയ്ന്‍മെന്‍റ് സോണില്‍ വിന്യസിക്കും. പൊതുജനങ്ങള്‍ക്ക് പെട്ടെന്ന് പരിശോധനാ ഫലം ലഭ്യമാക്കുന്നതിന് എത്ര ചെറിയ സാമ്പിളുകളും പരിശോധിക്കാം. ഒരു ബിഎസ്എല്‍ 3 സൗകര്യത്തിന് സമാനമായ ഇരട്ട എയര്‍ലോക്ക് സംവിധാനമുള്ള മൊബൈല്‍ യൂണിറ്റില്‍ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്ന ഓണ്‍ബോര്‍ഡ് അണുവിമുക്തമാക്കാനും ജൈവ മാലിന്യ സംസ്കരണത്തിനുമുള്ള സൗകര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ജിസിബി ചീഫ് കണ്‍ട്രോളര്‍ എസ്. മോഹനന്‍ നായര്‍, ശാസ്ത്രജ്ഞന്‍ ഡോ.ആര്‍. രാധാകൃഷ്ണന്‍, ഉപദേഷ്ടാവ് ഡോ. ആര്‍. അശോക്, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. കുമാര്‍, ആര്‍ജിസിബിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ആര്‍ജിസിബി) ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്സ് (എല്‍എംഎംഡി) വിഭാഗത്തിനു കീഴിലാണ് സ്വയം നിയന്ത്രിത മൊബൈല്‍ വൈറോളജി ടെസ്റ്റിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. വൈറല്‍ ടെസ്റ്റിംഗിനു പുറമേ ബാക്ടീരിയ, ഫംഗസ്, മറ്റ് രോഗകാരികളായ ജീവികള്‍ എന്നിവയിലൂടെ ഉണ്ടാകുന്ന രോഗപരിശോധനയും മൊബൈല്‍ ലാബിലൂടെ സാധ്യമാകും.

 പിസിആര്‍ മെഷീനുകള്‍, ജെല്‍ ഡോക്യുമെന്‍റേഷന്‍ സംവിധാനങ്ങള്‍, വര്‍ക്ക്സ്റ്റേഷനുകള്‍, ഹൈ-സ്പീഡ് റഫ്രിജറേറ്റഡ് സെന്‍ട്രിഫ്യൂജുകള്‍, മൈനസ് 80 ഡിഗ്രി ഫ്രീസറുകള്‍, റഫ്രിജറേറ്ററുകള്‍, ഡിഎന്‍എ/ആര്‍എന്‍എ എക്സ്ട്രാക്റ്റിംഗ് മെഷീനുകള്‍, ഓട്ടോക്ലേവ് തുടങ്ങിയ അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മൊബൈല്‍ ലാബ്. വേഗത്തില്‍ പരിശോധനാ ഫലം ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും ഇതിന്‍റെ പ്രത്യേകതയാണ്. മൊബൈല്‍ വൈറോളജി ലാബിനെ ഇന്‍റര്‍നെറ്റ് വഴി ആര്‍ജിസിബിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

 

Photo Gallery

+
Content
+
Content