സ്റ്റാര്‍ട്ടപ്പ് മേഖലയെ 'മുന്നില്‍ നിന്ന് നയിക്കാ'നൊരുങ്ങി വിമന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് 5.0

Kochi / September 14, 2023

കൊച്ചി: രാജ്യത്തെ വനിതാ സംരംഭകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വിമന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ ഇത്തവണത്തെ പ്രമേയം തന്നെ 'മുന്നില്‍ നിന്ന് നയിക്കു'കയെന്നതാണ്. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ രാജ്യം മുന്നേറുമ്പോഴും ഈ രംഗത്തെ വനിതാ പ്രാതിനിധ്യം കുറയുന്നതിന്‍റെ കാരണങ്ങള്‍ പരിഹരിച്ച് കൂടുതല്‍ വനിതാസംരംഭകരെ ഈ രംഗത്തേക്ക് കൊണ്ടു വരികയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യം വയ്ക്കുന്നത്.

കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ സപ്തംബര്‍ 29 ന് നടക്കുന്ന പരിപാടിയില്‍ ദേശീയ അന്തര്‍ദേശീയ രംഗത്ത് വിവിധ മേഖലകളില്‍ നായകത്വം വഹിക്കുന്ന പ്രമുഖവനിതകളാണ് പങ്കെടുക്കുന്നത്. ആഗോളതലത്തിലുള്ള വനിതാ സംരംഭകര്‍ക്ക് പുറമെ, വ്യവസായ പ്രമുഖര്‍, ഇനോവേറ്റര്‍മാര്‍ എന്നിവരും ഇതില്‍ പങ്കെടുക്കും.

 സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, ന്യൂസ് 18 മാനേജിംഗ് എഡിറ്റര്‍ പാല്‍കി ശര്‍മ്മ ഉപാദ്ധ്യായ, സഹോദരി ഫൗണ്ടേഷന്‍റെ സ്ഥാപക കല്‍ക്കി സുബ്രഹ്മണ്യം, സാഫിന്‍ ഇന്ത്യയുടെ എംഡി സുജ ചാണ്ടി, ബിസിനസ് ഫിന്‍ലാന്‍റിന്‍റെ ഇന്ത്യാ വിഭാഗം ടാലന്‍റ് ബൂസ്റ്റ് മേധാവി ഗിറ്റ പെരെസ്, ഫിന്‍ലാന്‍റ് കോണ്‍സുലേറ്റ് ജനറല്‍ എറിക് ഗുസ്താവ് ക്രിസ്റ്റഫര്‍, കെഎസ് യുഎം സിഇഒ അനൂപ് അംബിക തുടങ്ങിയ പ്രമുഖരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

വനിതാ സ്റ്റാര്‍ട്ടപ്പുകളിലെ സുസ്ഥിരമായ വളര്‍ച്ച, സംരംഭക മേഖലയിലെ വനിതാ നെറ്റ്വര്‍ക്കുകള്‍, പാനല്‍ ചര്‍ച്ചകള്‍, പരിശീലനകളരികള്‍, ആശയസംവാദം, എന്നിവ ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വനിതാ സംരംഭകര്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് നല്‍കുന്ന ദിശാബോധം, ആശയത്തില്‍ നിന്ന് മാതൃകയിലേക്ക്, മികച്ച സ്റ്റാര്‍ട്ടപ്പ് അടിത്തറ, വളര്‍ച്ചയുടെ ആസൂത്രണവും വെല്ലുവിളികളും, സംരംഭകത്വത്തിന്‍റെ ഭാവി, വ്യാവസായ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നത്.

 ആശയങ്ങളും അനുഭവങ്ങളും പങ്ക് വയ്ക്കുക, വ്യാവസായിക ലോകവുമായി അടുത്ത് സംവദിക്കുക എന്നിവയാണ് വനിതാ ഉച്ചകോടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആഗോളതലത്തിലെ വിദഗ്ധര്‍ ഓരോ വിഷയത്തിലും സംസാരിക്കും.

സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, ഇനോവേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഉച്ചകോടിയില്‍ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിശ്ചിത സമയത്തേക്ക് മാത്രമാണ് ഈ വിഭാഗത്തിലെ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുകയുള്ളൂ. https://womenstartupsummit.com  എന്ന വെബ്സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8047180470 എന്ന നമ്പറിലോ https://startupmission.kerala.gov.in/   എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.

Photo Gallery