ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉത്തര മലബാര്‍ : എ കെ ജി പോടോത്തുരുത്തി ബി ടീം ചാമ്പ്യന്‍മാര്‍

സിബിഎല്‍ ഉത്തരമലബാര്‍ ലക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kannur / September 9, 2023

കണ്ണൂര്‍: ഉത്തരമലബാറിലെ ആദ്യ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തില്‍  എ കെ ജി പോടോത്തുരുത്തി ബി ടീം ചാമ്പ്യന്മാരായി. ചുരുളന്‍ വള്ളങ്ങളുടെ വാശിയേറിയ മത്സരത്തില്‍ കൃഷ്ണപിള്ള കാവുംചിറ രണ്ടാം സ്ഥാനവും വിഷ്ണുമൂര്‍ത്തി കുറ്റിവയല്‍ മൂന്നാം സ്ഥാനവും നേടി.

മത്സരവള്ളങ്ങളുടെ ഐപിഎല്‍ ക്രിക്കറ്റ് മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ഉത്തരമലബാര്‍ മത്സരങ്ങള്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടിയിലെ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായാണ് രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ലീഗ് മത്സരങ്ങള്‍ നടക്കുന്നത്.

എല്ലാ ജില്ലകളിലേക്കും സിബിഎല്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി പുഴയിലും വള്ളംകളി മത്സരങ്ങള്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കൊല്ലം ചാലിയാറില്‍ ഇത് സംഘടിപ്പിച്ചു. അടുത്ത വര്‍ഷവും ഇതേ ആവേശത്തോടെ വള്ളം കളി മത്സരങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സിബിഎല്‍ ഉത്തരമലബാറിലെ മത്സരങ്ങളുടെ സ്ഥിരം വേദിയായി അഞ്ചരക്കണ്ടി പുഴയെ മാറ്റുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരമലബാറില്‍ ഈ കായികവിനോദത്തിനുള്ള സ്വീകാര്യതയാണ് വള്ളംകളി കാണാനെത്തിയ പതിനായിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ - കാസര്‍കോഡ് ജില്ലകളിലെ 13 ചുരുളന്‍ വള്ളങ്ങളാണ് കണ്ണൂര്‍ ധര്‍മ്മത്തെ അഞ്ചരക്കണ്ടി പുഴയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.  മമ്മാക്കുന്ന് പാലം മുതല്‍ മുഴുപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കി.മി ദൂരത്താണ് മത്സരം നടന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് രണ്ടും കാസര്‍കോഡ് ജില്ലയില്‍ നിന്ന് 11 വള്ളങ്ങളുമാണ് അഞ്ചരക്കണ്ടി പുഴയില്‍ മാറ്റുരച്ചത്.

ഹീറ്റ്സില്‍ നിന്ന് മികച്ച സമയം കുറിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ലൈനപ്പ് തീരുമാനിച്ചത്. മികച്ച സമയത്തിന്‍റെ അടിസ്ഥാനത്തില്‍ വിഷ്ണുമൂര്‍ത്തി കുറ്റിവയല്‍, കൃഷ്ണപിള്ള കാവും ചിറ, എ കെ ജി പോടോത്തുരുത്തി ബി ടീം എന്നീ വള്ളങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടി.

കൃഷ്ണപിള്ള കാവുംചിറ , എ കെ ജി പോടോത്തുരുത്തി എ ടീം, ബി ടീം,  ശ്രീ വിഷ്ണുമൂര്‍ത്തി കുറ്റിവയല്‍, എ കെ ജി മയിച്ച, പാലിച്ചോന്‍ അച്ചാണ്‍ തുരുത്ത് എ ടീം, ബി ടീം , റെഡ്സ്റ്റാര്‍ കാര്യം കോട്, വയല്‍ക്കര വെങ്ങാട്, ഇ എം എസ് മുഴിക്കല്‍, വയല്‍ക്കര മയിച്ച, നവോദയ മംഗലശേരി, സുഗുണന്‍ മാസ്റ്റര്‍ സ്മാരക ക്ലബ്, മേലൂര്‍ എന്നീ ടീമുകളാണ് മത്സരിച്ചത്.

ശ്രീ വി ശിവദാസന്‍ എം പി, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി പി പി ദിവ്യ, ടൂറിസം ഡയറക്ടര്‍ ശ്രീ പ്രേം കൃഷ്ണന്‍ എസ്, ജോയിന്‍റ് ഡയറക്ടര്‍ ഗിരീഷ് കുമാര്‍ ഡി, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Photo Gallery

+
Content
+
Content
+
Content
+
Content