മില്‍മയുടെ ആദ്യ ഭക്ഷണശാല തൃശ്ശൂരില്‍ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

Thrissur / September 7, 2023

തൃശൂര്‍: കേരളത്തിലെ ക്ഷീരമേഖലയിലെ നിര്‍ണായക സാന്നിധ്യമായ മില്‍മ ഭക്ഷണ വൈവിധ്യത്തിലേക്കും. മില്‍മയുടെ ആദ്യ ഭക്ഷണശാല 'മില്‍മ റിഫ്രഷ് വെജ്' തൃശ്ശൂരില്‍ തുറന്നു. സംരംഭത്തിന്‍റെ ഉദ്ഘാടനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു. നവീകരിച്ച മില്‍മ സൂപ്പര്‍ മാര്‍ക്കറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.

ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍, ചൈനീസ്  വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലയാണ് മില്‍മ തൃശ്ശൂര്‍ എംജി റോഡില്‍ കോട്ടപ്പുറത്ത് തുറന്നത്.

സംസ്ഥാനത്തിന്‍റെ ക്ഷീരമേഖലയുടെ വളര്‍ച്ചയില്‍ മില്‍മയുടെ പങ്ക് നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ഓണക്കാലത്ത് 1.57 കോടി ലിറ്റര്‍ പാല്‍ വിറ്റ് റെക്കോര്‍ഡ് നേട്ടമാണ് മില്‍മ സ്വന്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നടത്തിയ ദേശീയ സര്‍വേയില്‍ പാലിന്‍റെ ഗുണനിലവാരത്തില്‍ മില്‍മയെ ഏറ്റവും മികച്ച പാല്‍ സഹകരണ സംഘമായി തെരഞ്ഞെടുത്തത് അഭിമാനകരമാണ്. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ട് 55 കോടി രൂപയുടെ പാല്‍പ്പൊടി യൂണിറ്റ് ഉടന്‍ പൂര്‍ത്തിയാകും. കര്‍ണാടക ക്ഷീര സഹകരണ ഫെഡറേഷനായ നന്ദിനി അടുത്തിടെ കേരളത്തില്‍ ഔട്ട്ലറ്റുകള്‍ തുറന്ന് പാല്‍ വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ മില്‍മയിലെ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള ഇടപെടലുകളിലൂടെ ഈ പ്രവണത അവസാനിപ്പിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

1400 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഭക്ഷണശാലയും മില്‍മ സൂപ്പര്‍ മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നത്. ഭക്ഷണശാലയില്‍ 20 സീറ്റുകളാണുള്ളത്. മില്‍മയുടെ പാലും തൈരും ചീസും നെയ്യും ചേര്‍ത്താണ് ഭക്ഷണശാലയില്‍ വിഭവങ്ങള്‍ തയ്യാറാക്കുക. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജ്യൂസ് ആന്‍ഡ് ഷെയ്ക്ക് പോയിന്‍റ്, ഐസ്ക്രീം പാര്‍ലര്‍ എന്നിവയാണുള്ളത്.

മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ടി.എന്‍. പ്രതാപന്‍ എംപി സൂപ്പര്‍മാര്‍ക്കറ്റിലെ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. പി.ബാലചന്ദ്രന്‍ എം.എല്‍.എ സംബന്ധിച്ചു.

മധ്യകേരളത്തില്‍ ഈ മാതൃകയിലുള്ള അര ഡസനോളം ഭക്ഷണശാലകള്‍ ഉടന്‍ തുറക്കുമെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി ജയന്‍ പറഞ്ഞു. ഇതില്‍ ആദ്യത്തേത് തൃശ്ശൂരിലെ രാമവര്‍മപുരത്ത് ആയിരിക്കും. ചാലക്കുടിയില്‍ മില്‍മയുടെ ബേക്കറി ഇനങ്ങളുടെ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കും. സ്വകാര്യ വ്യക്തികള്‍ക്കും മറ്റ് സഹകരണ സ്ഥാപനങ്ങള്‍ക്കും റെസ്റ്റോറന്‍റുകള്‍ തുറക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് മില്‍മ അനുമതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമിയെ ചടങ്ങില്‍ ആദരിച്ചു. മില്‍മ എറണാകുളം മേഖല യൂണിയനില്‍ നിന്ന് ഏറ്റവുമധികം പാല്‍ വാങ്ങിയ പാചകക്കാരനാണ് ഇദ്ദേഹം. കൗണ്‍സിലര്‍ സാറാമ്മ റോബ്സണ്‍, മില്‍മ എറണാകുളം യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ വില്‍സണ്‍ ജെ. പുറവക്കാട്ട് എന്നിവര്‍ സംസാരിച്ചു.

 

Photo Gallery

+
Content
+
Content