ബ്രിട്ടനിലേക്ക് 150 റോബോട്ടുകളെ കയറ്റി അയക്കാനുള്ള കരാര്‍ സ്വന്തമാക്കി ശാസ്ത്ര റോബോട്ടിക്സ്

Kochi / September 7, 2023

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍ക്യൂബേറ്റ് ചെയ്ത ശാസ്ത്ര റോബോട്ടിക്സ് ബ്രിട്ടനിലേക്ക് 150 റോബോട്ടുകളെ കയറ്റി അയക്കാനുള്ള കരാര്‍ സ്വന്തമാക്കി. ബ്രിട്ടനിലെ ലോകോത്തര കമ്പനിയുമായാണ് ശാസ്ത്ര റോബോട്ടിക്സ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതുവഴി ബ്രിട്ടന്‍ കേന്ദ്രീകരിച്ചു ശാസ്ത്ര റോബോട്ടിക്സിനു പ്രവര്‍ത്തിക്കാനാകും.

മനുഷ്യവിരലുകളെ പോലെ സ്പര്‍ശിക്കാന്‍ ശേഷിയുള്ള യന്ത്രക്കൈകള്‍ ഉപയോഗിച്ച് മനുഷ്യന് സാധ്യമല്ലാത്ത ക്വാളിറ്റി ടെസ്റ്റിംഗ് ജോലികള്‍ ഓട്ടോമാറ്റിക് ആയി ചെയ്യുന്ന റോബോട്ടുകളാണ് ശാസ്ത്ര റോബോട്ടിക്സ് വികസിപ്പിച്ചെടുത്തത്. മൊബൈല്‍, ബഹിരാകാശം, പ്രതിരോധം, ബാങ്കിങ്, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവയിലെ തകരാറുകള്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് കണ്ടുപിടിക്കാനാണ് ഇത്തരം റോബോട്ടുകളെ ഉപയോഗിക്കുന്നത്.

മെയ്ഡ് ഇന്‍ കേരള, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നീ പദ്ധതികളുടെ അഭിമാനാര്‍ഹമായ നേട്ടമാണ് ശാസ്ത്ര കൈവരിച്ചിരിക്കുന്നതെന്ന് കമ്പനി സഹസ്ഥാപകനും സിഇഓയുമായ അരോണിന്‍ പൊന്നപ്പന്‍ പറഞ്ഞു. റോബോട്ടിക്സ് മേഖലയില്‍, കേരളത്തില്‍ നിന്നും ഇത്രയും വലിയ കരാര്‍ ലഭിക്കുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണമായും കേരളത്തില്‍ രൂപകല്‍പ്പന ചെയ്തു വികസിപ്പിച്ചെടുത്തതാണ് ഈ റോബോട്ടുകള്‍. ടച്ച് സ്ക്രീനുകളിലെ സോഫ്റ്റ്വെയര്‍ ആന്‍ഡ് ഹാര്‍ഡ്വെയര്‍ തകരാറുകള്‍ കണ്ടുപിടിക്കുന്നതില്‍ മനുഷ്യ ഇടപെടല്‍ പരമാവധി കുറയ്ക്കാന്‍ ഇവയ്ക്കു സാധിക്കും. കൂടാതെ നിര്‍മിതബുദ്ധി ഉപയോഗിച്ച് തകരാറുകളുടെ കാരണം പ്രവചിക്കാനും ഇവയ്ക്ക് സാധിക്കും.  

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ശാസ്ത്ര നേടിയിട്ടുണ്ട്. ജര്‍മന്‍ കമ്പനിയായ റോബര്‍ട്ട് ബോഷ്, HCL, ടെക് മഹിന്ദ്ര, Qualcomm, ABB തുടങ്ങിയ ലോകോത്തര കമ്പനികളാണ് ശാസ്ത്രയുടെ ഉപഭോക്താക്കളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്. ബ്രിട്ടനു പുറമേ അമേരിക്കയിലേക്കും ശാസ്ത്ര റോബോട്ടുകളെ കയറ്റി അയക്കുന്നുണ്ട്.

Photo Gallery

+
Content