ചാമ്പ്യന്‍സ് ബോട്ട് ലീഗ് മലബാറിലേക്കും മത്സരങ്ങള്‍ ശനിയാഴ്ച അഞ്ചരക്കണ്ടി പുഴയില്‍

Kannur / September 5, 2023

കണ്ണൂര്‍: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) മത്സരങ്ങള്‍ ഉത്തരമലബാറിലേക്കും എത്തുന്നു. ചുരുളന്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള സിബിഎല്‍ മത്സരങ്ങള്‍ അഞ്ചരക്കണ്ടി പുഴയില്‍ മുഴുപ്പിലങ്ങാട് കടവിന് സമീപമാണ് നടത്തുന്നത്. മത്സരങ്ങള്‍ സെപ്തംബര്‍ 9 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കൊല്ലം മുതല്‍ കോട്ടപ്പുറം വരെ വള്ളംകളിയുടെ ആവേശം നിറച്ച സിബിഎല്‍ മത്സരങ്ങള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുമെന്ന് 2022 ലെ സിബിഎല്‍ രണ്ടാം ലക്കത്തിന്‍റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ചുവടു പിടിച്ചാണ് ഉത്തരമലബാറില്‍ സിബിഎല്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.

ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പകരം കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 14 ചുരുളന്‍ വള്ളങ്ങളാണ് ഉത്തരമലബാറിലെ മത്സരങ്ങളില്‍ ഏറ്റുമുട്ടുന്നത്. അഞ്ചരക്കണ്ടി പുഴയില്‍ മമ്മാക്കുന്ന് പാലം മുതല്‍ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്താണ് ജലോത്സവം നടക്കുന്നത്.

വള്ളംകളിയുടെ വീറും വാശിയും അതിന്‍റെ ത്രസിപ്പിക്കുന്ന ആവേശവും മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം കേരള ടൂറിസത്തിന്‍റെ സുപ്രധാന ടൂറിസം ഉത്പന്നമായി ഇതിനെ മുന്നോട്ടു വയ്ക്കാനും ഈ ഉദ്യമത്തിലൂടെ സാധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിബിഎല്‍ അനുബന്ധ മത്സരങ്ങള്‍ കഴിഞ്ഞ കൊല്ലം ചാലിയാര്‍ പുഴയില്‍ നടത്തിയിരുന്നു. ഉത്തരമലബാറിലേക്കും പടിപടിയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാനും ടൂറിസം വകുപ്പിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Photo Gallery