മാലിന്യമുക്തം നവകേരളം; ഇപിആര്‍ നിബന്ധനകള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

Trivandrum / September 3, 2023

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്സ്റ്റെന്‍ഡഡ് പ്രൊഡ്യുസേഴ്സ് റെസ്പോണ്‍സിബിലിറ്റി (ഇപിആര്‍) നിബന്ധനകള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരംഭിച്ചു.

ഇതുമായി ബന്ധപെട്ട് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ബ്രാന്‍ഡ് ഉടമകള്‍ക്കു വേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് വഴുതക്കാട് മുന്‍സിപ്പല്‍ ഹൗസില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. കെ പി സുധീര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. ഷീല, സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ബാബു അമ്പാട്ട്, ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്‍റ് എന്‍. ജഗജീവന്‍, ശുചിത്വ മിഷന്‍ ഖരമാലിന്യ പരിപാലനം ഡയറക്ടര്‍ ജ്യോതിഷ് ചന്ദ്രന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്‍റ് എഞ്ചിനിയര്‍ ബിന്‍സി ബി.എസ്, ജിസ് എക്സ്പെര്‍ട്ടിലെ വിവേക് എന്നിവര്‍ സംസാരിച്ചു. ഇതിന്‍റെ തുടര്‍ച്ചയായി എല്ലാ ജില്ലകളിലും ശില്‍പ്പശാലകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

മുരളിയ, മില്‍മ, സിസോ കോസ്മെറ്റിക്സ്, കേരഫെഡ്, മലബാര്‍ സിമന്‍റ്സ്, പോത്തീസ്, ലുലു തുടങ്ങിയ ബ്രാന്‍ഡുകള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത് രജിസ്ട്രേഷന്‍  നടപടികള്‍ പൂര്‍ത്തിയാക്കി. 2016 ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടമനുസരിച്ച് പ്ലാസ്റ്റിക് പാക്കേജിംഗുകളുടെ ഉത്പാദകര്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡ് ഓണര്‍മാര്‍, പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നവര്‍ എന്നിവര്‍ ഇപിആര്‍ രജിസ്ട്രേഷന്‍ നേടേണ്ടതുണ്ട്.

Photo Gallery