ഓണം സാംസ്ക്കാരിക ഘോഷയാത്രയില്‍ വിസ്മയക്കാഴ്ചയൊരുക്കി ടൂറിസം വകുപ്പ്

Trivandrum / September 2, 2023

തിരുവനന്തപുരം: നൂറു മീറ്ററിലേറെ ദൈര്‍ഘ്യം, 250 കലാപ്രതിഭകള്‍, ഇരുമ്പും തുണിയും പ്ലാസ്റ്റര്‍ ഓഫ് പാരീസും മാത്രം ഉപയോഗിച്ചുള്ള നിശ്ചല ദൃശ്യങ്ങള്‍, ലോറികള്‍ ഒഴിവാക്കി ആളുകള്‍ ഉരുട്ടുന്ന താല്‍ക്കാലിക പ്ലാറ്റ് ഫോം, ഓണം സാംസ്കാരിക ഘോഷയാത്രയില്‍ സംഘാടകരായ ടൂറിസം വകുപ്പ് അണിയിച്ചൊരുക്കിയ 'ഗാര്‍ഡന്‍ ഓഫ് ലൈറ്റ്സ്' കാഴ്ചക്കാര്‍ക്ക് വിസ്മയമായി.

ഹരിതപെരുമാറ്റച്ചട്ടം ഏതാണ്ട് പൂര്‍ണമായും പാലിച്ചും പുകമലിനീകരണം ഒഴിവാക്കിയുമാണ് ഇത്തവണ ടൂറിസം വകുപ്പിന്‍റെ നിശ്ചലദൃശ്യം തയ്യാറാക്കിയത്. ലോറി ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹനങ്ങളെ ഒഴിവാക്കി ആളുകള്‍ക്ക് വലിച്ചുകൊണ്ടുപോകാനാകുംവിധം പ്രത്യേകം നിര്‍മിച്ച വലിവണ്ടികളില്‍ അഞ്ച് നിശ്ചല രൂപങ്ങളാണ് 'ഗാര്‍ഡന്‍ ഓഫ് ലൈറ്റ്സി'ല്‍ ഉണ്ടായിരുന്നത്. എല്ലാ നിശ്ചലദൃശ്യങ്ങളും നൃത്തം അവതരിപ്പിക്കുന്നവരുടെ വസ്ത്രവും മറ്റ് വസ്തുക്കളും എല്‍ഇഡി ലൈറ്റുകളാല്‍ അലംകൃതമാക്കിയതായിരുന്നു.

പ്ലാസ്റ്റര്‍ ഓഫ് പാരീസ് നാമമാത്രമായാണ് ഉപയോഗിച്ചത്. ഇരുമ്പ്, ഫൈബര്‍, തുണി, എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങി മറ്റു വസ്തുക്കളൊക്കെ പുനരുപയോഗിക്കാവുന്നവയാണ്. ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍, എക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം, എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് ഗാര്‍ഡന്‍ ഓഫ് ലൈറ്റ്സ് സജ്ജമാക്കിയത്.

സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഒരുക്കിയ വനിത ബൈക്ക് റാലിയും ഇതിന്‍റെ ഭാഗമായിരുന്നു

വെളിച്ചത്തിന്‍റെ ഉദ്യാനത്തിലേക്ക് പ്രവേശിച്ചതായി കാഴ്ചക്കാര്‍ക്ക് തോന്നുന്ന അനുഭൂതിയാണ് ഈ നിശ്ചലദൃശ്യങ്ങള്‍ പകര്‍ന്നു നല്‍കിയത്. നിറങ്ങള്‍ ഒഴുകിപ്പരക്കുന്ന കൂണില്‍ തുടക്കം. തുടര്‍ന്ന് ധവളവിളക്കുകള്‍ വെളിച്ചം വാരിവിതറുന്ന വൃക്ഷച്ചുവട്ടില്‍ വെളിച്ചക്രമീകരണങ്ങളുള്ള പൂക്കൂടകളുമായി നര്‍ത്തക സംഘം, ചിത്രശലഭങ്ങളുടെ ബൃഹദ് രൂപങ്ങള്‍, ചിറകടിക്കുന്ന ശലഭോദ്യാനം, വന്‍വൃക്ഷത്തിന്‍റെ ശിഖരത്തില്‍ കൂടുകൂട്ടിയ തേനിച്ചകളുടെ മനോഹാരിത, ഏറ്റവുമവസാനം വലിയൊരു മണ്‍കുടത്തില്‍ നിന്ന് പുല്‍ത്തകിടിയിലേക്ക് ചൊരിയുന്ന വെളുത്ത പുഷ്പങ്ങള്‍ എന്നിവയാണ് ഇതില്‍ നിരനിരയായി ക്രമീകരിച്ചത്.

ഇതിനിടയില്‍ വെളിച്ചത്തില്‍ മുങ്ങിയ സൈക്കിളുകളും ടൂറിസം ക്ലബ്ബ് അംഗങ്ങളുടെ പ്രത്യേകം തയ്യാറാക്കിയ നൃത്തച്ചുവടുകളുമെല്ലാം പരിപാടിയ്ക്ക് കൊഴുപ്പേകി.
 

Photo Gallery

+
Content
+
Content
+
Content
+
Content