സംസ്ഥാനത്തിന്‍റെ പുതിയ വ്യവസായനയത്തിന്‍റെ നേര്‍ക്കാഴ്ചയായി കെഎസ്ഐഡിസി ഫ്ളോട്ട്

Trivandrum / September 2, 2023

തിരുവനന്തപുരം: ഓണം വാരാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയില്‍ സംസ്ഥാന വ്യവസായ വകുപ്പിന്‍റെ പുതിയ നയം പ്രമേയമാക്കിയ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മന്‍റ് കോര്‍പറേഷന്‍റെ(കെഎസ്ഐഡിസി) നിശ്ചലദൃശ്യം ശ്രദ്ധയാകര്‍ഷിച്ചു. ഉത്തരവാദിത്തത്തോടെയുള്ള നിക്ഷേപമെന്നതാണ് പുതിയ വ്യവസായനയത്തിന്‍റെ കാതല്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് നിശ്ചലദൃശ്യം തയ്യാറാക്കിയിട്ടുള്ളത്.

തിളങ്ങുന്ന കേരളത്തിന്‍റെ ഭൂപടവും അതില്‍ നിക്ഷേപത്തെ സൂചിപ്പിക്കുന്ന ഡോളറിന്‍റെ സുവര്‍ണമാതൃകകളും നിശ്ചലദൃശ്യത്തില്‍ ഒരുക്കി. വ്യവസായനയം മുന്‍ഗണന നല്‍കുന്ന 22 വ്യവസായങ്ങളെ പ്രതിനിധീകരിച്ചാണിത്. ഇതിനു പുറമെ വ്യവസായക്കുതിപ്പിനെ സൂചിപ്പിക്കുന്ന സൂചകവും അതില്‍ തിരിക്കുന്ന പല്‍ച്ചക്രവും ഘടിപ്പിച്ചിട്ടുണ്ട്. ചക്രം തിരിക്കുന്നതിനനുസരിച്ച് കൈ വിരലുകള്‍ സൂചകത്തില്‍ പിടി മുറുക്കുന്നതും കൗതുകമുണര്‍ത്തി.

വ്യവസായ വകുപ്പിന്‍റെ ഏകജാലക സംവിധാനത്തെയും നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ പ്രമേയത്തിന്‍റെ കാതല്‍ കാഴ്ചക്കാരന് ലഭിക്കുന്ന വിധത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം.

ഉത്തരവാദിത്ത നിക്ഷേപ സാധ്യതകള്‍ വിലയിരുത്താനും സംരംഭകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രൊഫഷണലുകളെ സംരംഭക വികസന എക്സിക്യൂട്ടീവുകളായി നിയമിച്ചിട്ടുണ്ട്. താലൂക്ക് തലത്തിലും ജില്ലാതലത്തിലും ഇതിനായി മേല്‍നോട്ട ഉദ്യോഗസ്ഥരെയും നിയമിച്ച് കഴിഞ്ഞു. ഭാവിയുടെ വ്യവസായമെന്ന് ആഗോളതലത്തില്‍ അംഗീകാരം നേടിയ മേഖലകളെയാണ് മുന്‍ഗണന നല്‍കി വ്യവസായ വകുപ്പ് നിക്ഷേപം പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നത്.

ഉത്തരവാദിത്ത നിക്ഷേപമെന്ന കാഴ്ചപ്പാടിലൂടെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക, അതുവഴി കൂടുതല്‍ വ്യവസായങ്ങള്‍ കൊണ്ടുവരുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പുതിയ വ്യവസായനയം ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിലെ ഇ.എസ്.ജി (എന്‍വിറോണ്‍മെന്‍റ് സോഷ്യല്‍ ആന്‍റ് ഗവേണന്‍സ്) നിക്ഷേപത്തിന്‍റെ ലക്ഷ്യസ്ഥാനമായി കേരളത്തെ വികസിപ്പിക്കുന്നതിനോടൊപ്പം വ്യവസായ വിപ്ലവം 4.0ന് അനുസൃതമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനും നയം വിഭാവനം ചെയ്യുന്നു.

Photo Gallery

+
Content
+
Content