ഓണം വാരാഘോഷത്തിന് ഇന്ന് (സെപ്റ്റംബര്‍ 2) കൊടിയിറക്കം; സമാപന സമ്മേളനം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്യും

Trivandrum / September 1, 2023

തിരുവനന്തപുരം: നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാക്കി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് ഇന്ന് (സെപ്റ്റംബര്‍ 2) കൊടിയിറങ്ങും. സംഗീത, നൃത്ത, വാദ്യഘോഷങ്ങളും ദീപാലങ്കാരങ്ങളും പൊലിമ ചാര്‍ത്തിയ ഒരാഴ്ചത്തെ ഓണാഘോഷത്തിന് വര്‍ണശബളമായ സാംസ്ക്കാരിക ഘോഷയാത്രയോടെയാണ് സമാപനമാകുക.

കനകക്കുന്ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം വൈകുന്നേരം ഏഴിന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്   ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്‍റണി രാജു, വീണാ ജോര്‍ജ്ജ്, ചലച്ചിത്ര താരങ്ങളായ ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്‍റണി വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിക്കും. ഹരിശങ്കറിന്‍റെ മ്യൂസിക്ക് ബാന്‍ഡ് അവതരണവും നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.

ഘോഷയാത്ര വൈകുന്നേരം അഞ്ചിന് വെള്ളയമ്പലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്ളാഗ് ഓഫ് ചെയ്യും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യാതിഥിയാകും. വാദ്യോപകരണമായ കൊമ്പ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറിക്കൊണ്ട് സാംസ്കാരിക ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കം കുറിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഫ്ളോട്ടുകള്‍ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയില്‍ അണിനിരക്കും. മൂവായിരത്തോളം കലാകാരന്മാര്‍  പങ്കെടുക്കും. വാദ്യഘോഷങ്ങള്‍ക്കൊപ്പം വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയെ പ്രൗഢമാക്കും.

'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 27 ന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങളും സംഗീത, ദൃശ്യവിരുന്നുകളും മാറ്റുകൂട്ടിയ ഓണം വാരാഘോഷം വന്‍ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരത്ത് മാത്രം 31 വേദികളിലായിരുന്നു ഓണാഘോഷം.
 

Photo Gallery