ജര്‍മ്മന്‍ സംരംഭങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനം വിപുലമാക്കാന്‍ ആറ് കെ എസ് യു എം സ്റ്റാര്‍ട്ടപ്പുകള്‍

Kochi / August 31, 2023

കൊച്ചി: ജര്‍മ്മന്‍ സംരംഭങ്ങളുമായി സഹകരിച്ച് ആ രാജ്യത്ത് പ്രവര്‍ത്തനം വിപുലമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ആറ് സംരംഭങ്ങള്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ നടത്തിയ ജര്‍മ്മന്‍ സന്ദര്‍ശനത്തിലാണ് കമ്പനികളുടെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ സോഫ്റ്റ് ലോഞ്ച് നടത്തിയത്.

ഇന്‍ഫ്യൂസറി ഫ്യൂച്ചര്‍ ടെക് ലാബ്സ്, പ്ലേസ്പോട്സ്, സ്കീബേര്‍ഡ് ടെക്നോളജീസ്, ഫ്യൂസലേജ് ഇനോവേഷന്‍സ്, ട്രാന്‍ക്വിലിറ്റി ഐഒടി ആന്‍ഡ് ബിഗ് ഡേറ്റ സൊല്യൂഷന്‍സ്, ടോസില്‍ സിസ്റ്റംസ് എന്നിവയുടെ സ്ഥാപകരും മേധാവികളുമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘത്തിലുണ്ടായിരുന്നത്. ജര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ(എന്‍ആര്‍ഡബ്ല്യൂ) സംഘം സന്ദര്‍ശിച്ചു. ക്രെഫെല്‍ഡ്, എസ്സെന്‍, ഡോര്‍ട്മുന്‍ഡ്, സോലിഗെന്‍, ഡസല്‍ഡ്രോഫ് എന്നീ നഗരങ്ങളാണ് സംഘം സന്ദര്‍ശിച്ചത്.

യൂറോപ്യന്‍ ഇനോവേഷന്‍ ഇകോസിസ്റ്റത്തിലെ സുപ്രധാന വ്യക്തിത്വങ്ങളും സ്ഥാപനങ്ങളുമായി സംഘം ആശയവിനിമയം നടത്തി. ആഗോള ഡിജിറ്റല്‍ ഡെമോ ഡേയിലും സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു. വാണിജ്യസഹകരണം വര്‍ധിപ്പിക്കുന്ന വിവിധ ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും സംഘം പങ്കെടുത്തു.

സുപ്രധാനവും സാര്‍ഥകവുമായ ചര്‍ച്ചകളും നിക്ഷേപസാധ്യതകളും ജര്‍മ്മന്‍ സന്ദര്‍ശനത്തിലൂടെ ലഭിച്ചെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. വിദേശ വ്യവസായ അന്തീരക്ഷത്തെ കൂടുതല്‍ മനസിലാക്കാനും പഠിക്കാനും ഇതു വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മ്മന്‍ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് എക്സ്ചേഞ്ച് പരിപാടി(ജിന്‍സെപ്)യുടെ ഭാഗമായാണ് ഈ സന്ദര്‍ശനം സംഘടിപ്പിച്ചത്. എന്‍ആര്‍ഡബ്ല്യൂ ഗ്ലോബല്‍ ബിസിനസ്, ഓഫീസ് ഓഫ് ഇകണോമിക് ഡെവലപ്മന്‍റ് ഡസല്‍ഡ്രോഫ് എന്നിവയുടെ സഹകരണവുമുണ്ടായിരുന്നു.

പ്രധാനമായും 16 സെഷനുകളിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തത്. ആഗോളവിപണിയിലേക്കുള്ള സ്വന്തം തയ്യാറെടുപ്പ് വിലയിരുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിച്ചു. സന്ദര്‍ശനത്തിന് മുമ്പേ തന്നെ ഓണ്‍ലൈനിലൂടെ നിരവധി കൂടിക്കാഴ്ചകളും ചര്‍ച്ചകളും ജിന്‍സെപും എന്‍ആര്‍ഡബ്ല്യൂവുമായി നടത്തിയിരുന്നു. ഡെമോ ഡേയില്‍ ഇന്ത്യന്‍ പവലിയനൊരുക്കിയത് കൂടാതെ ഡസല്‍ഡ്രോഫിലെ വ്യാവസായിക പ്രമുഖരുമായി ഉന്നതതല ചര്‍ച്ചകളും കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ നടത്തി.

Photo Gallery

+
Content