ഉത്രാടം ദിനത്തില്‍ ചരിത്ര വില്‍പനയുമായി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

Trivandrum / August 30, 2023

തിരുവനന്തപുരം: ഉത്രാടം ദിനത്തില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് സര്‍വകാല റെക്കോര്‍ഡ് വില്‍പന. പാല്‍ തൈര് എന്നിവയുടെ വില്‍പനയിലാണ് തിരുവനന്തപുരം യൂണിയന്‍ റെക്കോര്‍ഡ് വില്‍പന നടത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉത്രാട ദിനത്തിലെ പാല്‍ വില്‍പനയില്‍ 21 ശതമാനത്തിന്‍റെ വന്‍ വര്‍ധനവാണ് തിരുവനന്തപുരം യൂണിയന്‍ നേടിയത്. ഉത്രാടദിനത്തില്‍ 15,50,630 ലിറ്റര്‍ പാല്‍ വിറ്റഴിച്ചു. തൈരിന്‍റെ വില്‍പനയില്‍ 26 ശതമാനം വര്‍ധനയോടെ 2,40,562 കിലോയാണ് വിറ്റഴിച്ചത്.

പാല്‍, തൈര് എന്നിവയുടെ വില്പനയില്‍ സര്‍വകാല റെക്കോര്‍ഡ് കൈവരിക്കാന്‍ ടിആര്‍സിഎംപിയു വിന് കഴിഞ്ഞെന്ന് അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ പറഞ്ഞു. ഓണത്തിന് 320 മെട്രിക് ടണ്‍ നെയ്യ് വിറ്റഴിച്ചതിലൂടെ തിരുവനന്തപുരം മേഖലാ യുണിയന്‍ ഒന്നാം സ്ഥാനത്ത് എത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണക്കാലത്ത് പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കുമുള്ള അധിക ആവശ്യം പരിഗണിച്ച് വിപുലമായ ക്രമീകരണങ്ങളാണ് തിരുവനന്തപുരം മേഖലാ യൂണിയന്‍ ഒരുക്കിയിരുന്നതെന്ന് അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ എന്‍. ഭാസുരാംഗനും എംഡി ഡി. എസ് കോണ്ടയും പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മില്‍മ നേരിട്ട് നടത്തുന്ന സ്റ്റാളുകള്‍, മറ്റ് പ്രധാന ഏജന്‍സികള്‍ എന്നിവ രാവിലെ അഞ്ച് മുതല്‍ രാത്രി 12 വരെ തുറന്ന് പ്രവര്‍ത്തിച്ചു.

ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച ക്ഷീരകര്‍ഷകര്‍, മില്‍മ ജീവനക്കാര്‍, ഏജന്‍സികള്‍, തൊഴിലാളി സംഘടനകള്‍, വിതരണ വാഹന ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം ഉപഭോക്താക്കളോടുമുള്ള നന്ദി അറിയിക്കുന്നതായി എന്‍. ഭാസുരാംഗനും ഡി. എസ് കോണ്ടയും പറഞ്ഞു.

Photo Gallery