ഗീതഗോവിന്ദത്തിന്‍റെ കഥക് ശൈലിയിലുള്ള ആദ്യ ഡിജിറ്റല്‍ രൂപം പ്രകാശനം ചെയ്തു

New Delhi / August 28, 2023

ന്യൂഡല്‍ഹി: വിഖ്യാത നര്‍ത്തകി ഡോ. പാലി ചന്ദ്രയും നൃത്ത സ്ഥാപനമായ നാട്യസൂത്രയും നടത്തിയ അഞ്ച് വര്‍ഷത്തെ അതിസൂക്ഷ്മ പ്രയത്നത്തിനൊടുവില്‍ ജയദേവകവികളുടെ പ്രസിദ്ധമായ ഗീതഗോവിന്ദത്തിന്‍റെ കഥക് നൃത്താവിഷ്കാരം സമ്പൂര്‍ണ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറായി. ഗീതാഗോവിന്ദത്തിന്‍റെ 24 ഗീതങ്ങളടങ്ങിയ ഡിജിറ്റല്‍ രൂപം ജി20 സമ്മേളനത്തിലെ ഇന്ത്യയുടെ ഷെര്‍പയും നീതി ആയോഗ് മുന്‍ സിഇഒയുമായിരുന്ന അമിതാഭ് കാന്ത് പ്രകാശനം ചെയ്തു.    
ഏതെങ്കിലുമൊരു നൃത്ത രൂപത്തില്‍ രാധാ-കൃഷ്ണ പ്രണയം വിവരിക്കുന്ന ഗീതഗോവിന്ദം സമ്പൂര്‍ണമായി ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാവുന്നത് ഇതാദ്യമാണ്. ഗീതാ ഗോവിന്ദ- ദി എറ്റേണല്‍ സ്റ്റോറി ഓഫ് കേളീ വിരഹ ആന്‍ഡ് കൈവല്യ എന്ന ഈ കൃതി ലോകമെമ്പാടുമുള്ള നൃത്ത കുതുകികള്‍ക്കായി വിതരണത്തിനായി തയ്യാറായി കഴിഞ്ഞു. www.natyasutraonline.com എന്ന വെബ്സൈറ്റിലൂടെ ഇത് ലഭ്യമാകും.


    കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 200 ഓളം പേരടങ്ങുന്ന നാട്യസൂത്ര-ഇന്‍വിസ് സംഘം തയ്യാറാക്കിയ ഈ ഡിജിറ്റല്‍ രൂപം ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ സബ്സ്ക്രിപ്ഷനിലൂടെ ഉപയോഗപ്പെടുത്താം. ആയിരത്തിലധികം ദിവസങ്ങളെടുത്താണ് ഈ ഉദ്യമം ഇന്‍വിസ് പ്രൈവറ്റ് ലിമിറ്റഡ് പൂര്‍ത്തിയാക്കിയത്. 
ആഗോള സാംസ്ക്കാരിക വേദിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഉദ്യമമാണ് ഇതെന്ന് അമിതാഭ് കാന്ത് പറഞ്ഞു. ഇതിനു പിന്നിലെ പരിശ്രമം എടുത്തു പറയേണ്ടതാണ്. സംസ്കൃതം വരികള്‍ക്ക് ഇംഗ്ലീഷ് ലിപി വിവരണം നല്‍കിയതിലൂടെ  ആഗോള പ്രേക്ഷകര്‍ ഈ നൃത്തരൂപത്തിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഇന്ത്യാ ഇന്‍റര്‍നാഷണല്‍ സെന്‍ററിലായിരുന്നു പ്രകാശനച്ചടങ്ങ്.


കേരളത്തിലെ മിയാവാക്കി വനങ്ങളുടെ പശ്ചാത്തലത്തിലാണ് നൃത്താവിഷ്കാരം ഒരുക്കിയിട്ടുള്ളത്. സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. പാലി ചന്ദ്രയ്ക്ക് ഇന്ത്യയുടെ സാംസ്ക്കാരിക പൈതൃകത്തോടുള്ള പ്രതിബദ്ധതയാണ് ഈ ഉദ്യമത്തിലൂടെ ദൃശ്യമാകുന്നത്. ഇന്ത്യയുടെ സംസ്ക്കാരിക പൈതൃകത്തിന് വന്‍കരകള്‍ താണ്ടിയുള്ള പ്രചാരം ലഭിക്കും. ഇതിന് ലഖ്നൗവില്‍ ജനിച്ച് വിക്രം സിംഗെയുടെയും കപില രാജിന്‍റെയും ശിക്ഷണത്തില്‍ നൃത്തമഭ്യസിച്ച ഡോ. പാലിചന്ദ്രയുടെ പരിശ്രമം ശ്ലാഘനീയമാണെന്നും അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി.


നാട്യശാസ്ത്രവും അഭിനയ ദര്‍പ്പണവും അടിസ്ഥമാക്കി അഞ്ച് വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ഈ ഉദ്യമം ചിട്ടപ്പെടുത്തിയത്. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തിന്‍റെ അന്ത:സ്സത്തയാണ് ഈ കൃതിയില്‍ തനിക്ക് പ്രചോദനമായതെന്ന് മറുപടി പ്രസംഗത്തില്‍ ഡോ. പാലി ചന്ദ്ര ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണമാണ് ജയദേവകൃതികളുടെ വരികളിലൂടെ മനസിലാകുന്നത്. വിഷ്വല്‍ ഇഫക്ട്സ് ശരിയാകാതെ വന്നതിനാല്‍ പല ഭാഗങ്ങളും നിരവധി തവണ മാറ്റി ഷൂട്ട് ചെയ്യേണ്ടി വന്നു. ഈ സമയങ്ങളിലെല്ലാം മികവ് നിലനിറുത്താന്‍ സംഘാംഗങ്ങള്‍ കാണിച്ച ശ്രമത്തെ അവര്‍ പ്രകീര്‍ത്തിച്ചു.
ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ സുരഭി അലുവാലിയ, ഭത്ഖണ്ഡെ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മാണ്ഡവി സിംഗ് എന്നിവരും പ്രകാശന ചടങ്ങില്‍ സംസാരിച്ചു. നര്‍ത്തകികളായ മൈഥിലി പട്ടേല്‍, സ്വരശ്രീ ശ്രീധര്‍  എന്നിവര്‍ ഗീതാഗോവിന്ദം അവതരിപ്പിച്ചു. അതിനു ശേഷം ഓപ്പണ്‍ ചര്‍ച്ചയും നടന്നു.


ഗീതാഗോവിന്ദത്തിന്‍റെ ഇ-ബുക്ക്, കോഫി ടെബിള്‍ ബുക്ക്, ചുവര്‍ച്ചിത്രങ്ങള്‍, അലങ്കാര ചിത്രങ്ങള്‍, പരമ്പരാഗത കരകൗശലവസ്തുക്കള്‍ എന്നിവ കൂടി നാട്യസൂത്ര ഉടന്‍ ഒരുക്കുമെന്ന് ഇന്‍വിസ് ചെയര്‍മാന്‍ ഹരി എം ആര്‍, നാട്യസൂത്ര എംഡി അനിത ജയകുമാര്‍ എന്നിവര്‍ അറിയിച്ചു. 
കൃതിയുടെ എല്ലാവശങ്ങളും കഥക് വ്യാഖ്യാനത്തിലൂടെ മനസിലാക്കാം. ഗീതം രചിക്കാനായി അഷ്ടപദിയാണ് ജയദേവ കവികള്‍ അവലംബിച്ചിട്ടുള്ളത്. അധ്യയനത്തിന്‍റെ ഘടനയിലാണ് ഇത് ഒരുക്കിയത്. നൃത്തത്തിന്‍റെ നുറുങ്ങുകള്‍, ഉദാഹരണങ്ങള്‍, ഗീതത്തിന്‍റെ പ്രകടനം എന്നിവയും ഇതിലുണ്ട്.
    വേദികളിലും നവമാധ്യമങ്ങളിലും നൃത്തം അവതരിപ്പിക്കേണ്ട രീതികളും ഗുരു പാലി ചന്ദ്ര ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നു. നൃത്തത്തിന്‍റെ സങ്കീര്‍ണതകള്‍ക്കൊപ്പം സംഗീതരചന, നൃത്തവ്യുല്‍പത്തി എന്നിവയെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്.


സംസ്കൃതത്തിലാണ് നൃത്തരൂപം ചിട്ടപ്പെടുത്തിയതെങ്കിലും സാര്‍വദേശീയമായി മനസിലാക്കുന്നതിന് ഇംഗ്ലീഷ് അടിക്കുറിപ്പുകളും നല്‍കിയിട്ടുണ്ട്. കാവ്യത്തിന്‍റെ പദാനുപദ അര്‍ഥം പ്രത്യേകമായി തന്നെ കൊടുത്തിരിക്കുന്നു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച്  അത് വലിയ അനുഗ്രഹമാകും. ഗീതാഗോവിന്ദത്തിന്‍റെ അന്ത:സ്സത്ത ഇംഗ്ലീഷിലുള്ള  വിവരണത്തിന്‍റെ സഹായത്തോടെ അഭിനയത്തിലൂടെ ഡോ. പാലി അവതരിപ്പിക്കുന്നുണ്ട്. അധ്യയനത്തിലും വിശദീകരണത്തിലും പ്രദര്‍ശനത്തിലുമെല്ലാം ഇംഗ്ലീഷാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. സംസ്കൃത ശ്ലോകങ്ങളുടെ അര്‍ഥവും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്. 
 

Photo Gallery

+
Content
+
Content
+
Content