കനകക്കുന്നിലെ ഓണം വാരാഘോഷത്തില്‍ ശുചിത്വ മിഷന്‍റെ പ്ലാസ്റ്റിക് വിരുദ്ധ പ്രതിഷ്ഠാപനം ശ്രദ്ധയാകര്‍ഷിക്കുന്നു

Trivandrum / August 28, 2023

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സര്‍പ്പം ഹരിതവര്‍ണമാര്‍ന്ന ഭൂമിയെ വിഴുങ്ങാന്‍ തുടങ്ങുന്ന പ്രതിഷ്ഠാപനമാണ് ടൂറിസം വകുപ്പ് കനകക്കുന്നിലൊരുക്കിയ ഓണം വാരാഘോഷ പരിപാടികള്‍ക്കായി എത്തുന്നവരെ വരവേല്‍ക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ ദൂഷ്യവശങ്ങളെ ഏറ്റവും എളുപ്പത്തില്‍ പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന 90 അടിക്ക് മുകളില്‍ നീളമുള്ള ഈ പ്രതിഷ്ഠാപനം ഒരുക്കിയത് സംസ്ഥാന ശുചിത്വമിഷനാണ്.

ശുചിത്വമിഷന്‍ പ്രചാരണ കോ-ഓര്‍ഡിനേറ്റര്‍ രവികൃഷ്ണന്‍ പി കെ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബാലഭാസ്കരന്‍ കെ ടി എന്നിവരാണ് ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുകയും ഉപയോഗം കഴിഞ്ഞവ കൃത്യമായി സംസ്ക്കരിക്കുകയും ചെയ്തില്ലെങ്കില്‍ അവ ഭൂമിയെ വിഴുങ്ങുന്ന കാലം വിദൂരമല്ല എന്ന് ഓര്‍മിപ്പിക്കുകയാണ് ഈ പ്രതിഷ്ഠാപനം.

വിവേചന ബുദ്ധിയോടെ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കണമെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കുക എന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചുപേക്ഷിച്ച ഇരുപതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടാണ് ശില്പം തയാറാക്കിയിരിക്കുന്നത്. ഫൈന്‍ ആര്‍ട്സ് കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളായ മിഥുന്‍ ജെ, സുമേഷ് ബി എസ്, ബാലസുന്ദരം പി, ഹാഷിര്‍ സി പി, അരുണ്‍ പി വി, അശ്വതി എസ്, ആര്യ എം ആര്‍, ഈശ്വര്‍ ഡി, മഹേഷ് ബി നായര്‍, അതുല്‍ കെ പി, കൃതിക എന്‍ എന്നീ  വിദ്യാര്‍ത്ഥികളുടെ നാല് ദിവസത്തെ അഹോരാത്ര പരിശ്രമമാണ് ഈ ശില്പം. വെറും മൂന്ന് ദിവസം കൊണ്ട് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍  ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്

ഓണം വാരാഘോഷത്തിന്‍റെ ആദ്യദിനത്തില്‍ തന്നെ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതിഷ്ഠാപനം സന്ദര്‍ശിച്ച് കലാകാരന്‍മാരെയും വോളണ്ടിയര്‍മാരെയും അനുമോദിച്ചു. മനോഹരമായ പ്രതിഷ്ഠാപനത്തിലൂടെ അര്‍ഥവത്തായ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കനകക്കുന്നിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ശുചിത്വ അവബോധം നല്‍കുന്നതിന് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. കനകക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹരിത സേനാംഗങ്ങള്‍ പ്ലാസ്റ്റിക് ഉപയോഗം തടയേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തി. ഇത് ലംഘിക്കുന്നതിനുള്ള പിഴ ശിക്ഷയെക്കുറിച്ചും വ്യാപാരികളെ പറഞ്ഞ് മനസിലാക്കുകയും ചെയ്തു.

കനകക്കുന്നിലെ ഓണം വാരാഘോഷം കര്‍ശനമായ ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തി വരുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കിയാണ് ഇത്തവണത്തെ ഓണം വാരാഘോഷം.

Photo Gallery

+
Content
+
Content
+
Content