2025 ഓടെ ദരിദ്രാവസ്ഥയിലുള്ള ഒരു കുടുംബവും സംസ്ഥാനത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

സംസ്ഥാനതല ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്തു
Trivandrum / August 27, 2023

തിരുവനന്തപുരം: 2025 ഓടെ പരമ ദരിദ്രാവസ്ഥയിലുള്ള ഒരു കുടുംബവും സംസ്ഥാനത്ത് ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ അതിദരിദ്രാവസ്ഥയിലുള്ള 64,000 കുടുംബങ്ങളാണ് സര്‍ക്കാരിന്‍റെ കണക്കിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് കുറച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട്. ഇതിന്‍റെ ആദ്യഘട്ട പ്രഖ്യാപനം ഈ വര്‍ഷം നവംബര്‍ ഒന്നിന് നടത്തും. തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ ദരിദ്രരുടെ എണ്ണം വീണ്ടും കുറയ്ക്കും. 2024 നവംബര്‍ ഒന്നിന് അടുത്ത പ്രഖ്യാപനമുണ്ടാകും. ഇങ്ങനെ ഘട്ടംഘട്ടമായി ദരിദ്രരെ ഇല്ലാതാക്കാനും സമത്വത്തിന്‍റെ സന്ദേശം പ്രാവര്‍ത്തികമാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നവകേരള സങ്കല്‍പ്പം പഴയ ഓണസങ്കല്‍പ്പത്തിലേതിനേക്കാള്‍ മികവുറ്റതും ഐശ്വര്യസമൃദ്ധവുമായ ഒരു പുതുകേരളത്തെ സൃഷ്ടിച്ചെടുക്കാനുള്ളതാണ്. നാല് ലക്ഷത്തോളം വീടുകള്‍ ലഭ്യമാക്കിയ ലൈഫ് പദ്ധതി, ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ ഇതുവരെ ലഭ്യമാക്കിയ മൂന്നുലക്ഷം പട്ടയങ്ങള്‍, 43 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി, അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതി എന്നിവയെല്ലാം നടപ്പാക്കിവരികയാണ്. ഇവയെല്ലാം തന്നെ മാവേലി നാടിന്‍റെ ക്ഷേമസങ്കല്‍പ്പത്തോടു ചേര്‍ന്നു നില്‍ക്കുന്നവയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്‍റെ മതനിരപേക്ഷതയും സാഹോദര്യ ബോധവുമാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്നും ഈ ഒത്തൊരുമ ഉയര്‍ത്തിപ്പിടിക്കുന്ന ആഘോഷമാണ് ഓണമെന്നും അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

 വൈവിധ്യത്തോടെയും വിപുലമായും ഓണാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്ത ടൂറിസം വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 

ഉന്നതമായ ജനാധിപത്യ ബോധമാണ് കേരളത്തിന്‍റെ സവിശേഷതയെന്നും ഇത് ഉയര്‍ത്തിപ്പിടിക്കണമെന്നും നര്‍ത്തകി ഡോ. മല്ലിക സാരാഭായ് പറഞ്ഞു.

കേരളത്തിലെ ടൂറിസത്തിന്‍റെ വളര്‍ച്ച സിനിമാ മേഖലയ്ക്ക് ഗുണം ചെയ്തെന്നും ടൂറിസം വകുപ്പ് നടപ്പാക്കുന്ന സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണ അര്‍പ്പിക്കുന്നുവെന്നും നടന്‍ ഫഹദ് ഫാസില്‍ പറഞ്ഞു.

മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജി.ആര്‍ അനില്‍, ആന്‍റണി രാജു, എംപിമാരായ ബിനോയ് വിശ്വം, ഡോ.ജോണ്‍ ബ്രിട്ടാസ്, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയ്, ഡി.കെ മുരളി, ഐ.ബി സതീഷ്, വി.കെ പ്രശാന്ത്, ജി. സ്റ്റീഫന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി.സുരേഷ്കുമാര്‍, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

 പാലക്കാട് പെരിങ്ങോട് നിന്നുള്ള കലാകാരډാരുടെ പഞ്ചവാദ്യം, കേരള കലാമണ്ഡലത്തിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീതശില്പം എന്നിവയ്ക്കു ശേഷമാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. ചടങ്ങിനു ശേഷം പിന്നണിഗായകരായ ബിജു നാരായണനും റിമി ടോമിയും നയിച്ച കൈരളി ടിവി ചിങ്ങനിലാവ് മെഗാ ഷോയും അരങ്ങേറി.

സെപ്റ്റംബര്‍ രണ്ട് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യവിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടും.

കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, തൈക്കാട് പോലീസ് ഗ്രൗണ്ട്, പൂജപ്പുര മൈതാനം, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, അയ്യങ്കാളി ഹാള്‍, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 31 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. 8000 ത്തോളം കലാകാരډാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പ്രാദേശിക കലാകാരډാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

 ഓണം വാരാഘോഷത്തിന്‍റെ സമാപനം കുറിച്ച് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നടക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്ളാഗ് ഓഫ് ചെയ്യും.

 ജില്ലകളിലെ ഓണാഘോഷ പരിപാടികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നേതൃത്വം നല്‍കും.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content