ഓണക്കാലത്ത് റെക്കോര്‍ഡ് പാല്‍വില്‍പ്പന ലക്ഷ്യമിട്ട് മില്‍മ തിരുവനന്തപുരം യൂണിയന്‍

ഉത്രാടത്തിന് ലക്ഷ്യമിടുന്നത് 15 ലക്ഷം ലിറ്റര്‍ വില്‍പ്പന
Trivandrum / August 26, 2023

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണക്കാലത്ത് റെക്കോര്‍ഡ് പാല്‍വില്‍പ്പന ലക്ഷ്യമിട്ട് മില്‍മ തിരുവനന്തപുരം യൂണിയന്‍ (ടിആര്‍സിഎംപിയു). ഉത്രാടത്തിന് മാത്രം 15 ലക്ഷം ലിറ്റര്‍ പാല്‍ വിപണനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് ഏകോപിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 11 ലക്ഷം ലിറ്ററാണ് വിറ്റത്. ഇത് സര്‍വ്വകാല റെക്കോര്‍ഡ് ആയിരുന്നു. യൂണിയന്‍റെ പ്രതിദിന പാല്‍ വില്‍പ്പന 5.75 ലക്ഷം ലിറ്റര്‍ ആണ്.

2023-24 സാമ്പത്തികവര്‍ഷം 1500 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ പറഞ്ഞു. ആഗസ്റ്റില്‍ 150 കോടിയുടെ വിറ്റുവരവ് ഉണ്ടായിട്ടുണ്ട്. ഇതില്‍ ഉത്പന്നങ്ങളുടെ വിഹിതം 41 കോടിയാണെന്നും അദ്ദേഹം പറഞ്ഞു.

ആയിരത്തോളം പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന പാലിനു പുറമേ ഓണക്കാലത്ത് അധികമായി ആവശ്യം വരുന്ന പാല്‍ മഹാരാഷ്ട്ര മില്‍ക്ക് യൂണിയനില്‍ നിന്നാണ് ടിആര്‍സിഎംപിയു വാങ്ങുന്നത്. ഓണക്കാലത്ത് കര്‍ഷകര്‍ക്ക് 2.3 കോടി രൂപ ഇന്‍സെന്‍റീവും പ്രൈമറി സംഘം ജീവനക്കാര്‍ക്ക് 55 ലക്ഷം രൂപ ഫെസ്റ്റിവെല്‍ അലവന്‍സും യൂണിയന്‍ നല്‍കി.

Photo Gallery