ഓണത്തിന് ഒരു കോടി ലിറ്റര്‍ പാല്‍ അധികം ഉറപ്പാക്കി മില്‍മ

Trivandrum / August 25, 2023

തിരുവനന്തപുരം: ഓണക്കാലത്തെ പാലിന്‍റെ അധിക ഉപയോഗം മുന്നില്‍ കണ്ട് ഒരു കോടി ലിറ്റര്‍ പാല്‍ അധിക സംഭരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. ബിപിഎല്‍ ഓണക്കിറ്റിനായി ആറര ലക്ഷം യൂണിറ്റ് നെയ്യും, പായസക്കിറ്റും മില്‍മ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അയല്‍സംസ്ഥാനങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാലത്ത് പാലിന്‍റെ വരവ് മില്‍മ ഉറപ്പാക്കിയിട്ടുള്ളത്. കൊവിഡ് ഭീതി പൂര്‍ണമായും അകന്ന സമയമായതിനാല്‍ തന്നെ പാലും അനുബന്ധ ഉത്പന്നങ്ങളുടെയും വില്‍പ്പന ഇക്കുറി സര്‍വകാല റെക്കോര്‍ഡിലെത്തുമെന്നാണ് അനുമാനം. ഓണത്തിന്‍റെ ഉത്സവദിനങ്ങളില്‍ പാല്‍ 12 ശതമാനവും തൈര് 16 ശതമാനവും അധിക ഉപഭോഗം ഉണ്ടാകുമെന്നാണ് മില്‍മ കണക്കുകൂട്ടുന്നത്. മറ്റുല്‍പ്പന്നങ്ങള്‍ക്കൊപ്പം നെയ്യ്, പായസം മിക്സ് എന്നിവയുടെ വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടം മില്‍മ പ്രതീക്ഷിക്കുന്നു. ഓണനാളുകളില്‍ ഒരു മുടക്കവുമില്ലാതെ പാലും, പാലുല്‍പ്പന്നങ്ങളും ലഭിക്കുമെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

വിവിധ കാരണങ്ങള്‍ കൊണ്ട് കേരളത്തില്‍ പാലിന്‍റെ സംഭരണത്തിലും വില്‍പ്പനയിലും അന്തരം കൂടുതലാണ്. ഓണവിപണി മുന്നില്‍ കണ്ടുകൊണ്ടാണ് വളരെ നേരത്തെ തന്നെ ആവശ്യത്തിന് പാല്‍ലഭ്യത ഉറപ്പുവരുത്തിയിട്ടുള്ളത്. ഇത്തരം നടപടികള്‍ പലപ്പോഴും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും മലയാളികളോടുള്ള പ്രതിബദ്ധത എന്നും ഉയര്‍ത്തിപ്പിടിക്കുകയാണ് മില്‍മ ചെയ്തിട്ടുള്ളതെന്ന് കെ.എസ് മണി പറഞ്ഞു.

റീപൊസിഷനിംഗ് മില്‍മ നടപടികളുടെ ഭാഗമായി ഗുണനിലവാരം, പാക്കിംഗ്, വിതരണം എന്നിവ ഏകീകരിക്കുന്ന നടപടികളില്‍ മികച്ച മുന്നേറ്റമാണ് മില്‍മ നടത്തിവരുന്നത്. ഓണക്കാലത്തെ സുഗമമായ വിതരണത്തിന് ഇത് ഏറെ സഹായകരമാണെന്നും ചെയര്‍മാന്‍ പറഞ്ഞു. എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന ചെയര്‍മാന്‍ ഇത്തവണത്തെ ഓണം മില്‍മയോടൊപ്പമാകണമെന്ന് എല്ലാ മലയാളികളോടും അഭ്യര്‍ഥിച്ചു.

 

 

Photo Gallery