നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ റെയിഡ്- കണ്ണൂര്‍ ജില്ലയില്‍ ഒറ്റദിവസം കൊണ്ട് ഈടാക്കിയത് 1,14,000 രൂപ പിഴ

Kannur / August 23, 2023

കണ്ണൂര്‍: ജില്ലയിലെ മാലിന്യസംസ്ക്കരണ നിയമലംഘനങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉപയോഗം എന്നിവ കണ്ടെത്തുന്നതിനായി രൂപീകരിച്ച വിജിലന്‍സ് സ്ക്വാഡ് ജില്ലയില്‍ ഒറ്റദിവസം കൊണ്ട് വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 1,14,000 രൂപ പിഴയീടാക്കി. ഇതിനു പുറമെ 71 പഞ്ചായത്തുകള്‍, 9 നഗരസഭകള്‍, ഒരു കോര്‍പറേഷന്‍ എന്നിവടങ്ങളില്‍ 5,24,000 രൂപ പിഴയീടാക്കാനായി നോട്ടീസ് നല്‍കുകയും ചെയ്തു.

കോളച്ചേരി, ആലക്കോട്, കുന്നോത്ത്പറമ്പ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ്  ആഗസ്റ്റ് 21 ന് പരിശോധന നടത്തിയത്. നിയമലംഘനം നടന്ന സ്ഥലത്ത് വച്ച് തന്നെ പിഴയീടാക്കി. യഥാക്രമം 35,000, 27,000, 10,000 എന്നിങ്ങനെയാണ് ഈ പഞ്ചായത്തുകളിലെ സ്ഥാപനങ്ങളില്‍ നിന്ന് പിഴയായി ലഭിച്ച തുക. ജില്ലയിലെ പഞ്ചായത്തുകളായ ഉള്ളിക്കല്‍, പയ്യാവൂര്‍, കോളച്ചേരി എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് യഥാക്രമം 50,000,  43,000, 35,000 രൂപയുടെ പിഴ നോട്ടീസ് നല്‍കി.

നഗരസഭകളില്‍ പൊതുവെ നിയമലംഘനങ്ങള്‍ പഞ്ചായത്തുകളെ അപേക്ഷിച്ച് പരിശോധനയില്‍ കുറവായിരുന്നു. പാനൂര്‍, മട്ടന്നൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമാണ് പിഴയീടാക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടുള്ളത്.

മൊത്തം 1202 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ നിന്നും 246 കിലോ നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.

 

Photo Gallery