ജില്ലാ ടൂറിസം കൗണ്‍സില്‍ വെബ്സൈറ്റുകള്‍ക്ക് പുതിയ മുഖം

നവീകരിച്ച വെബ്സൈറ്റുകളുടെ ഉദ്ഘാടനം മന്ത്രി പി എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
Trivandrum / August 23, 2023

തിരുവനന്തപുരം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) വെബ്സൈറ്റുകളുടെ മുഖംമിനുക്കി കേരള ടൂറിസം വകുപ്പ്. നവീകരിച്ച പതിനാല് ഡിടിപിസി വെബ്സൈറ്റുകളുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഓരോ ജില്ലയേയും അടുത്തറിയാനും യാത്ര അനായാസമാക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും നവീകരിച്ച വെബ്സൈറ്റിലൂടെ സാധിക്കും.

 കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലോകമൊട്ടാകെ പരിചയപ്പെടുത്താനുള്ള ടൂറിസം വകുപ്പിന്‍റെ വലിയ ചുവടുവയ്പുകളിലൊന്നാണ് നവീകരിച്ച ഡിടിപിസി വെബ്സൈറ്റുകളെന്ന് മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാലഘട്ടത്തിന്‍റെ മാറ്റം അനുസരിച്ച് ഇടപെടാനുള്ള ശ്രമമാണ് ടൂറിസം വകുപ്പിനുള്ളത്. ലോകത്തിന്‍റെ ഏതു കോണിലുള്ളവര്‍ക്കും കേരളത്തിലെ ടൂറിസം സ്പോട്ടുകളെ സോഷ്യല്‍മീഡിയയിലൂടെയും മറ്റ് സാധ്യതകളിലൂടെയും തിരിച്ചറിയാന്‍ പറ്റുന്ന സാഹചര്യമുണ്ട്. ഈ സംവിധാനത്തെ പുതുക്കുന്നതിന് കേരള ടൂറിസത്തിന്‍റെ വളര്‍ച്ചയുമായി അഭേദ്യമായ ബന്ധമുണ്ട്. 14 ജില്ലകളുടേയും സവിശേഷതകള്‍ ജനങ്ങളെ അറിയിക്കാന്‍ 20 വര്‍ഷത്തിനു ശേഷമാണ് ഡിടിപിസി വെബ്സൈറ്റുകള്‍ നവീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സഞ്ചാരികള്‍ക്ക് പൊതുമരാമത്തിന്‍റെ 151 റസ്റ്റ്ഹൗസുകള്‍ താമസത്തിനായി തുറന്നു നല്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി വിവരങ്ങള്‍ ഡിടിപിസി വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തും. കേരള ടൂറിസത്തിന്‍റെ പ്രധാനശാഖകളാണ് ഡിടിപിസികള്‍. ഓരോ ജില്ലയിലേയും ടൂറിസം പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണം നവീകരിച്ച വെബ്സൈറ്റുകളിലൂടെ സാധ്യമാകും. കേരള ടൂറിസം വകുപ്പിന്‍റെ നവീകരിച്ച വെബ്സൈറ്റ് രണ്ടു മാസത്തിനുള്ളില്‍ തുറക്കുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ അതില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 കേരളത്തിലേക്ക് സഞ്ചാരികള്‍ വരുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ഇവിടുത്തെ ജനങ്ങളുടെ ആതിഥേയ മര്യാദയാണ്. മതസാഹോദര്യ അന്തരീക്ഷവും വലിയ ഘടകമാണ്. ഓരോ ജില്ലയ്ക്കും ചരിത്രപരമായ പ്രത്യേകതകളുണ്ട്. മതസാഹോദര്യത്തിന്‍റെ നിരവധി ഉദാഹരണങ്ങളുള്ള ഇടങ്ങളുണ്ട്. സ്വാതന്ത്യ സമര പോരാട്ടകാലഘട്ടത്തിലും നവോത്ഥാന മുന്നേറ്റ സമയത്തുമൊക്കെ ഇത്തരം പ്രദേശങ്ങള്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ആ സംസ്ക്കാരം നമ്മുടെ നിലപാടുകളെ സ്വാധീനിക്കുന്ന വിധത്തില്‍ ആ ചരിത്രം മാറുന്നു. അത്തരം ചരിത്രപരമായ പ്രത്യേകതകളുള്ള പ്രദേശങ്ങള്‍ കൂടി വെബ്സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ ഡിടിപിസികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ളവയില്‍ പുത്തന്‍രീതികള്‍ അവലംബിക്കാന്‍ ഡിടിപിസി കള്‍ക്ക് കഴിയേണ്ടതുണ്ട്. അതിനുള്ള ശ്രമം ഉണ്ടാകണം. ട്രക്കിംഗ്, ഹൈക്കിംഗ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റിലൂടെ നല്കാന്‍ കഴിയണം. വിവിധ ജില്ലകളിലെ ഹൈക്കിംഗ്, ട്രക്കിംഗ്  സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പ് പുതിയ കാലത്തെ ട്രെന്‍ഡിന് അനുസരിച്ച് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. നേരത്തെ യാത്ര പ്ലാന്‍ ചെയ്യുന്നവരെ ആകര്‍ഷിക്കുന്ന വിധം  കാലാസ്ഥാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വെബ്സൈറ്റ് സംവിധാനം കൊണ്ടുവരുന്നത് വിദേശസഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവ് വര്‍ധിപ്പിക്കും. ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം ഡയറക്ടര്‍ പി ബി. നൂഹ് ഐഎഎസ് സ്വാഗതം ആശംസിച്ചു. ടൂറിസം കേന്ദ്രങ്ങളില്‍ നിലവിലുള്ള എല്ലാ സൗകര്യങ്ങളുടേയും വിവരങ്ങള്‍ നവീകരിച്ച ഡിടിപിസി വെബ്സൈറ്റുകളില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിടിപിസി വെബ്സൈറ്റുകളിലൂടെ ബുക്കിങ്ങിനുള്ള സംവിധാനം അടുത്തപടിയായി കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ഡി.ടി.പി.സി കളുടെയും കീഴിലുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, അവ സഞ്ചാരികള്‍ക്ക് നല്കുന്ന അനുഭവങ്ങള്‍, ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം പരിപാടികള്‍, സംഭവങ്ങള്‍ എന്നിവയെല്ലാം പതിനാല് വെബ്സൈറ്റുകളിലേയും ഹോം പേജുകളിലൂടെ സഞ്ചാരികള്‍ക്ക് അറിയാനാകും. നിലവിലുള്ള ഫോട്ടോ ബാനറുകള്‍ക്ക് പകരം അതാത് ജില്ലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ വീഡിയോകള്‍ ഉള്‍പ്പെടുന്ന വീഡിയോ ബാനറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പാക്കേജുകള്‍ ഉറപ്പാക്കാനുള്ള സംവിധാനം, ഓരോ ജില്ലയിലേയും ടൂറിസം കേന്ദ്രങ്ങളെ ഗൂഗിള്‍ മാപ്പുമായി ലിങ്ക് ചെയ്തിട്ടുള്ള ഫൈന്‍ഡ് ഓണ്‍ ദ മാപ്പിലൂടെ ഡസ്റ്റിനേഷനുകളെ തിരയാനുള്ള സൗകര്യം തുടങ്ങിയവ ഹോം പേജിന്‍റെ പ്രത്യേകതകളാണ്.

 മുപ്പതോളം പേജുകളുള്ള വെബ്സൈറ്റ് രൂപഭംഗി കൊണ്ടും ആകര്‍ഷണീയമാണ്. വെബ്സൈറ്റ് കാണുന്ന ഉപകരണമനുസരിച്ച് പേജ് സ്വയം ക്രമീകരിക്കപ്പെടുന്ന മൊബൈല്‍ റെസ്പോണ്‍സീവ് ഡിസൈന്‍ വെബ്സൈറ്റുകളുടെ മറ്റൊരു പ്രത്യേകതയാണ്.

 എല്ലാ വെബ്സൈറ്റുകളുടെയും കണ്ടന്‍റ് മാനേജ്മെന്‍റ് സംവിധാനം ഇനി മുതല്‍ ഒരു കുടക്കീഴിലാകുകയാണ്. കേരള ടൂറിസത്തിന്‍റെ പ്രധാന വെബ്സൈറ്റുമായി ലിങ്ക് ചെയ്താണ് ഈ വെബ്സൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിവര കൈമാറ്റം പരസ്പരം നടക്കും വിധമാണ് ഈ ക്രമീകരണം. ഭാവിയില്‍ ഡി.ടി.പി.സി. യുടെ സ്വന്തം സേവനങ്ങള്‍ കൂടി ഈ വെബ്സൈറ്റുകള്‍ വഴി കൈകാര്യം ചെയ്യപ്പെടും.

 ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേം ഭാസ്, പത്തനംതിട്ട ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ, പൂവാര്‍ റിസോര്‍ട്ട് ഉടമ എം പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Photo Gallery

+
Content