പഴക്കൃഷിയെ തോട്ടവിളയായി കണക്കാക്കുന്നത് സജീവ പരിഗണനയില്‍- പി രാജീവ്

Kochi / August 22, 2023

കൊച്ചി: പഴക്കൃഷിയെ തോട്ടവിളയായി കണക്കാക്കുന്നത് സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.  ഭക്ഷ്യസംസ്ക്കരണ മേഖലയ്ക്കായി കൊച്ചിയില്‍ നടത്തിയ പ്രാദേശിക വ്യവസായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വകുപ്പും കേരള സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ വ്യവസായ സംഗമത്തിന് മുന്നോടിയായാണ് പ്രാദേശിക വ്യവസായസമ്മേളനം നടത്തിയത്. നവംബര്‍ മൂന്നു മുതല്‍ അഞ്ചുവരെ ഡല്‍ഹി പ്രഗതി മൈതാനിയില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ സംഗമത്തിന്‍റെ സ്റ്റേറ്റ് പാര്‍ട്ണര്‍ ആണ് കേരളം.

തോട്ടവിളകളെ വ്യവസായ വകുപ്പിന് കീഴിലേക്ക് എത്തിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ വ്യവസായനയം പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിന്‍റെ ചുവടുപിടിച്ചാണ് പഴക്കൃഷിയെക്കൂടി തോട്ടവിളയായി പരിഗണിക്കാനാകുമോയെന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഉടന്‍ തന്നെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്താദ്യമായി ആരംഭിക്കുന്ന സ്പൈസ് പ്രോസസിംഗ് പാര്‍ക്ക് സെപ്തംബറില്‍ തൊടുപുഴയില്‍ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പാര്‍ക്കിനും ഒക്ടോബറില്‍ തറക്കല്ലിടും. പരമ്പരാഗതമായ ഭക്ഷ്യസംസ്ക്കരണ ശീലങ്ങളില്‍ നിന്നും നാം മാറി ചിന്തിക്കേണ്ടതുണ്ട്. ലോകവിപണിയെ ലക്ഷ്യം വച്ചു കൊണ്ടാകണം ഓരോ ഭക്ഷ്യസംസ്ക്കരണ യൂണിറ്റും പ്രവര്‍ത്തിക്കേണ്ടത്.

ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. 1,39,000 ഓളം പുതിയ വ്യവസായ യൂണിറ്റുകള്‍ കേരളത്തില്‍ ഒരു വര്‍ഷത്തിനകം രജിസ്റ്റര്‍ ചെയ്തു. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ എന്നിവയും സംസ്ഥാനത്തിന്‍റെ വ്യവസായ മേഖലയില്‍ പുരോഗതി കൊണ്ടു വരും. കുറഞ്ഞത് പത്ത് ഏക്കര്‍ സ്ഥലത്ത് തുടങ്ങുന്ന സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് മൂന്ന് കോടി രൂപയുടെ സഹായം നല്‍കും. ഇതു വരെ എട്ട് പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി, ആറെണ്ണം പരിഗണനയിലാണ്. 25 പാര്‍ക്കുകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടുണ്ട്. കിന്‍ഫ്ര വഴി പത്ത് ചെറുകിട ഫുഡ് പാര്‍ക്കുകള്‍ തുടങ്ങും. പത്തേക്കറെങ്കിലും പാര്‍ക്കുകള്‍ക്ക് സ്ഥലം ആവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് പാര്‍ക്കൊന്നിന് പത്തു കോടി രൂപ നല്‍കും.

നൂതനത്വമാണ് ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ അത്യാവശ്യമായി ഏര്‍പ്പെടുത്തേണ്ടത്. നാനോ-ജീനോം സാങ്കേതിവിദ്യ തുടങ്ങിയവയ്ക്ക് ഈ മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. രാജ്യത്തെ ആദ്യ ജീനോം ഡാറ്റാ സെന്‍റര്‍ കേരളത്തില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വ്യവസായമേഖലയ്ക്ക് ഈ ഡാറ്റാസേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും വ്യവസായമന്ത്രി പറഞ്ഞു.

മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ കൂടുതല്‍ നൂനത്വവും ശാസ്ത്രീയ സാങ്കേതിക വിദ്യയും ഉപയോഗിക്കണമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. നവ വിപണികളായ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലേക്ക് കടന്നു കയറാന്‍ നമ്മുടെ ഭക്ഷ്യ വ്യവസായത്തിന് സാധിക്കണം. അതിന് ലോകനിലവാരത്തിലുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വേണം. ഗള്‍ഫ് രാജ്യങ്ങള്‍ക്കപ്പുറത്തേക്കുള്ള വിപണിയെക്കുറിച്ച് ഭക്ഷ്യവ്യവസായം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വകുപ്പ് അഡി. സെക്രട്ടറി മിന്‍ഹാജ് ആലം, കെഎസ്ഐഡിസി എംഡിയും വ്യവസായ വകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോര്‍, കെഎസ്ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്‍റണി തുടങ്ങിയവര്‍ സംസാരിച്ചു.

ഭക്ഷ്യ സംസ്ക്കരണ വ്യവസായ മേഖലയ്ക്ക് ആവശ്യമായ സഹകരണം, പിന്തുണ എന്നിവയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയും ചോദ്യോത്തരവും വേള്‍ഡ് ഫുഡ് ഇന്ത്യയെക്കുറിച്ചുള്ള അവതരണവും പരിപാടിയില്‍ നടന്നു.

Photo Gallery

+
Content
+
Content
+
Content