മില്‍മ മലമ്പുഴ കാലിത്തീറ്റ ഫാക്ടറിയിലെ ചോളം സ്റ്റോക്കില്‍ കുറവ്; ആരോപണം തെറ്റെന്ന് അന്വേഷണ സമിതി

Trivandrum / August 22, 2023

തിരുവനന്തപുരം: മില്‍മയുടെ മലമ്പുഴ കാലിത്തീറ്റ ഫാക്ടറിയിലെ ചോളം സ്റ്റോക്കില്‍ കുറവുണ്ടെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സമിതി.

2019 മുതല്‍ അക്യൂമിലേറ്റഡ് ലോസ് രേഖകളില്‍ ചേര്‍ക്കുന്നതില്‍ ഉണ്ടായിട്ടുളള വ്യത്യാസമാണ് സ്റ്റോക്ക് കുറവിന്‍റെ കാരണമെന്നും സ്റ്റോക്കില്‍ കുറവ് കണ്ടെത്തിയിട്ടില്ലെന്നും സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കാലിത്തീറ്റ ഫാക്ടറികളിലെ അനുവദനീയമായ പ്രോസസിംഗ് ലോസിന്‍റെ പകുതിയില്‍ താഴെ മാത്രമേ പ്രോസസ് ലോസ് ഇവിടെ കാണുന്നുള്ളൂവെന്നും അത്  കൃത്യമായി കണക്കില്‍ യഥാസമയം ചേര്‍ക്കാത്തതിനാലാണ് ബുക്സിലെയും സ്റ്റോക്കിലെയും വ്യത്യാസമെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

ചോളത്തിന്‍റെ സ്റ്റോക്കില്‍ കുറവുണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്ന വസ്തുതകളൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് ഇന്നലെ ചേര്‍ന്ന മില്‍മ ഫെഡറേഷന്‍ ഭരണസമിതി വിലയിരുത്തി.

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ എഎച്ച് റിട്ട. ഡയറക്ടര്‍ രാമചന്ദ്ര ഭട്ട്, എന്‍.ഡി.ഡി.ബി റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എഞ്ചിനീയറിംഗ്) യു.ബി. ദാസ് എന്നിവര്‍ സാങ്കേതിക വിദഗ്ധരായും മില്‍മ ഭരണസമിതി അംഗങ്ങളായ ജോണി ജോസഫ് (എറണാകുളം മേഖല), പി. ശ്രീനിവാസന്‍ (മലബാര്‍ മേഖല), കെ.ആര്‍. മോഹനന്‍ പിളള (തിരുവനന്തപുരം മേഖല) എന്നിവര്‍ അംഗങ്ങളായും ഉള്‍പ്പെട്ട സമിതിക്കായിരുന്നു അന്വേഷണ ചുമതല. ഈ സമിതി ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴ് മുതല്‍ 12 വരെ കാലിത്തീറ്റ ഫാക്ടറികളില്‍ സന്ദര്‍ശനം നടത്തി വിശദാംശങ്ങളും രേഖകളും പരിശോധിക്കുകയും വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

കാലിത്തീറ്റയടെ അസംസ്കൃത വസ്തുക്കളില്‍ വ്യത്യാസമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ജൂലൈ ഏഴിന് ചേര്‍ന്ന മില്‍മ ഭരണസമിതി യോഗമാണ് കമ്മിറ്റി രൂപീകരിച്ച് അന്വേഷണത്തിന് ചുമതലപ്പെടുത്താന്‍ തീരുമാനമെടുത്തത്.

Photo Gallery