ടൂറിസം ഓണാഘോഷ ഫെസ്റ്റിവെല്‍ ഓഫീസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Trivandrum / August 21, 2023

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഫെസ്റ്റിവെല്‍ ഓഫീസ് സംസ്ഥാന ടൂറിസം ഡയറക്ടറേറ്റില്‍ തുറന്നു. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 2023 ലെ ഓണാഘോഷങ്ങ പരിപാടികളുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

കേരളത്തിന്‍റെ തനത് കലകള്‍ക്കും നൃത്ത സംഗീത വാദ്യഘോഷങ്ങള്‍ക്കും അരങ്ങൊരുക്കി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ആഗസ്റ്റ് 27 നാണ് തുടക്കമാകുക.

പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്‍റണി രാജു, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍, എംഎല്‍എമാരായ വി.ജോയ്, ഐ.ബി സതീഷ്, വി.കെ പ്രശാന്ത്, ജി.സ്റ്റീഫന്‍, ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഓണത്തെ വരവേല്‍ക്കാന്‍ ടൂറിസം ഡയറക്ടറേറ്റിന്‍റെ കവാടത്തില്‍ ഒരുക്കിയ പൂക്കളത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചും ഊഞ്ഞാലില്‍ ആടിയും പായസം നുകര്‍ന്നും മന്ത്രിമാര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

തലസ്ഥാന നഗരത്തിലും എല്ലാ ജില്ലകളിലും ആസൂത്രണം ചെയ്തിട്ടുള്ള സാംസ്കാരിക പരിപാടികള്‍ ഫെസ്റ്റിവല്‍ ഓഫീസ് ഏകോപിപ്പിക്കും.

ഓണാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞയാഴ്ച ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്ത ഓണ്‍ലൈന്‍ ലോക പൂക്കള മത്സരം -2023 ന് ലോകമെമ്പാടു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Photo Gallery

+
Content
+
Content
+
Content