മാലിന്യപരിപാലന രംഗത്ത് കേരളത്തെ ലോകമാതൃകയാക്കും- മുഖ്യമന്ത്രി

കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
Kochi / August 20, 2023

കൊച്ചി: മാലിന്യപരിപാലരംഗത്ത് കേരളത്തെ ലോകമാതൃകയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ(കെഎസ്ഡബ്ള്യൂഎംപി) ഔപചാരിക   പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2,400 കോടി രൂപയുടെ പദ്ധതിയിലൂടെ അത്യാധുനികവും ശാസ്ത്രീയവുമായ ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങള്‍ സംസ്ഥാനത്ത് നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ലോക ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്ക് എന്നിവയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

 സാമൂഹിക വികസന സൂചികകളില്‍ മുന്നിട്ടു നില്‍ക്കുകയും രാജ്യത്തിനാകെ മാതൃകയാവുകയും ചെയ്യുന്ന സംസ്ഥാനം എന്ന നിലയില്‍ മാലിന്യ സംസ്കരണരംഗത്തും മാതൃകാപരമായ ഇടപെടലുകളാണ് നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. അതിനു സഹായകരമാകുന്ന വിധത്തിലാണ് മാലിന്യമുക്തം നവകേരളം പദ്ധതിക്ക് തുടക്കമിട്ടത്.

നഗരവത്ക്കരണത്തിന്‍റെ വെല്ലുവിളികളെ നേരിട്ടു കൊണ്ട് അതിന്‍റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2035 ആകുമ്പോഴേക്കും കേരളത്തിന്‍റെ ജനസംഖ്യയുടെ ഏതാണ്ട് 90 ശതമാനം നഗരങ്ങളില്‍ ജീവിക്കുന്നവരായിരിക്കും എന്നാണ് കണക്ക്. നഗരവത്ക്കരണം തുറന്നുതരുന്ന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതോടൊപ്പം പ്രകൃതിയോടിണങ്ങിയ വികസന മാതൃകകള്‍ അവതരിപ്പിക്കുക, മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ജലാശയങ്ങളെ സംരക്ഷിക്കുക, മാലിന്യ സംസ്കരണത്തിന് നൂതന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക എന്നീ വെല്ലുവിളികളെ ഏറ്റെടുക്കുക കൂടിയുമാണ്.

കൊവിഡിനു ശേഷം കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് വന്‍തോതില്‍ കൂടിയിട്ടുണ്ട്. ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്ക് ശുചിത്വം ഏറെ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൈവമാലിന്യവും അജൈവമാലിന്യവും ഉറവിടത്തില്‍ത്തന്നെ തരംതിരിക്കല്‍, അജൈവമാലിന്യത്തിന്‍റെ വാതില്‍പ്പടി ശേഖരണം, ജൈവമാലിന്യത്തിന്‍റെ ശാസ്ത്രീയമായ സംസ്കരണം, പൊതു ഇടങ്ങളിലെ മാലിന്യക്കൂന ഒഴിവാക്കല്‍, ജലാശയങ്ങളുടെ സംരക്ഷണം എന്നിവയെല്ലാം മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍റെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്. ഇതുവരെ 422 തദ്ദേശ സ്ഥാപനങ്ങളില്‍ 90 ശതമാനത്തില്‍ കൂടുതല്‍ വാതില്‍പ്പടി ശേഖരണം ഉറപ്പുവരുത്താന്‍ കഴിഞ്ഞു. 33,378 ഹരിത കര്‍മ്മ സേനാംഗങ്ങളാണ് ഇതിന് മുന്‍കയ്യെടുത്തത്. 74 ശതമാനം വീടുകളിലും 63 ശതമാനം സ്ഥാപനങ്ങളിലും ഉറവിടത്തില്‍ത്തന്നെ മാലിന്യം തരംതിരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

മാലിന്യ പരിപാലന രംഗത്ത് പ്രാവീണ്യമുള്ളവരുടെ സേവനം ലഭിക്കുന്നില്ല എന്നത് നമ്മുടെ നഗരസഭകള്‍ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. ഇത് പരിഹരിക്കാനായി സാങ്കേതിക വിദഗ്ദ്ധരുടെ സഹായം ഈ പദ്ധതിയുടെ ഭാഗമായി നഗരസഭകള്‍ക്കു ലഭ്യമാക്കും.

മാലിന്യശേഖരണം മുതല്‍ സംസ്കരണം വരെയുള്ള എല്ലാ മേഖലകളിലും സുസ്ഥിര സംവിധനങ്ങള്‍ കൊണ്ടുവരാനാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കും. അതിനു കഴിയാത്ത മേഖലകളില്‍ കേന്ദ്രീകൃത ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളായ സി എന്‍ ജി പ്ലാന്‍റ്, ബയോ പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിക്കും. അജൈവ മാലിന്യ പരിപാലനത്തിനായി ആധുനിക രീതിയിലുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും റിസോഴ്സ് റിക്കവറി ഫെസിലിറ്റികളും സ്ഥാപിക്കും.

ഖരമാലിന്യം വാതില്‍പ്പടിക്കല്‍ ശേഖരിക്കുന്നതിനും പരിപാലന കേന്ദ്രത്തില്‍ എത്തിക്കുന്നതിനും ജി പി എസ് സംവിധാനത്തിലൂടെ നിരീക്ഷിക്കാവുന്ന ആധുനിക വാഹനങ്ങള്‍ ഒരുക്കും. സാനിറ്ററി വേസ്റ്റ് ശേഖരണം നിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്കായി എല്ലാ നഗരസഭകളിലും അത്യാധുനിക സാനിറ്ററി വേസ്റ്റ് ഡിസ്പോസല്‍ സംവിധാനം ഒരുക്കും.

 നിലവില്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതികള്‍ക്കാണ് മുന്‍ഗണന നല്‍കിവരുന്നത്. ഖരമാലിന്യ സംസ്കരണത്തിന് എല്ലാ സംവിധാനങ്ങളും അതത് നഗരസഭകളില്‍ ഒരുക്കുക പ്രായോഗികമല്ല. ഇതു മറികടക്കാന്‍ സംസ്ഥാനത്തെ 5 ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററിലും ഓരോ ശാസ്ത്രീയ ലാന്‍ഡ് ഫില്ലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ജൈവവളം ഉല്‍പ്പാദനം, റീസൈക്ലിംഗ് ഇന്‍ഡസ്ട്രി, വെയ്സ്റ്റ് റെണ്ടറിംഗ് തുടങ്ങി വിവിധ മേഖലകളില്‍ നിലവില്‍ത്തന്നെ ഒരുലക്ഷത്തോളം ആളുകള്‍ കേരളത്തില്‍ ജോലിയെടുക്കുന്നുണ്ട്. ബദല്‍ ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ ടെക്നോളജി, പ്രോസസ്സിംഗ് തുടങ്ങിയവയില്‍ നൂതന സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുമുണ്ട്. ഇത് തിരിച്ചറിഞ്ഞ് കൂടുതല്‍ സംരംഭങ്ങള്‍ ഒരുക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കഴിയണം.

സംസ്കരിച്ച മാലിന്യങ്ങളെ കെട്ടിട നിര്‍മ്മാണത്തിനും മറ്റും ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാക്കി മാറ്റുന്ന ഗ്രീന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വിഭാവനം ചെയ്യുകയാണ്. കെട്ടിട മാലിന്യങ്ങളെ സംസ്ഥാനത്തിനകത്തു തന്നെ അവയെ ഉപയോഗപ്പെടുത്തുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ശ്രമം നടക്കുന്നു.

 സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും മറ്റുമുള്ള ഇ-മാലിന്യ ശേഖരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലകളില്‍ നടന്നുവരികയാണ്. ഇ-മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി പുനഃചംക്രമണം നടത്തുന്നതിനായി അംഗീകൃത റീ-സൈക്കിളിങ് ഏജന്‍സികള്‍ക്കു കൈമാറുകയുമാണ്. മൂല്യവര്‍ദ്ധിത സേവനം എന്ന നിലയില്‍ ആപത്ക്കരമായ മാലിന്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള മോണിറ്ററുകള്‍, കാര്‍ട്രിജ്ജുകള്‍ എന്നിവ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയാണ്.

സമ്പൂര്‍ണ്ണമായ മാലിന്യ സംസ്കരണത്തിനു സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ മാത്രം മതിയാവില്ല. അതിന് സമൂഹത്തിന്‍റെയാകെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. പൊതുജനങ്ങള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ അങ്ങനെ എല്ലാ മേഖലയിലുള്ളവരും കൈകോര്‍ത്തുനിന്ന് ഉത്തരവാദിത്വത്തോടെ മാലിന്യനിര്‍മ്മാര്‍ജനം ഏറ്റെടുക്കണം.

മാലിന്യമുക്ത കേരളത്തിന്‍റെ ഒന്നാംഘട്ടം പിന്നിടുമ്പോള്‍ നല്ല പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പദ്ധതി തുടങ്ങുമ്പോള്‍ വാതില്‍പടി മാലിന്യശേഖരണം 48 ശതമാനം മാത്രമായിരുന്നു. ഇന്നത് 78 ശതമാനമായിട്ടുണ്ട്.

 സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നു.1034 തദ്ദശസ്ഥാപനങ്ങള്‍ക്കായി 2290 കോടി രൂപയാണ് മാലിന്യസംസ്ക്കരണത്തിന് നടപ്പു സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 422 സ്ഥാപനങ്ങള്‍ 90-100 ശതമാനം വരെ ലക്ഷ്യം നേടി. 298 സ്ഥാപനങ്ങള്‍ 75 മുതല്‍ 90 ശതമാനം വരെയും 236 സ്ഥാപനങ്ങള്‍ 50 മുതല്‍ 75 ശതമാനം വരെയും വാതില്‍പ്പടി മാലിന്യ ശേഖരണത്തില്‍ ലക്ഷ്യം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടായ പ്രവര്‍ത്തനമാണ് മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് അത്യാവശ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ആര്‍ക്കിടെക്ട് ജി ശങ്കര്‍ രൂപകല്‍പ്പന ചെയ്ത ആധുനിക മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ററുകളുടെ(എംസിഎഫ്) രൂപരേഖ അദ്ദേഹം പുറത്തിറക്കി.

കെസ്ഡബ്ള്യൂഎംപിയുടെ പരാതി പരിഹാര പോര്‍ട്ടല്‍ ഹൈബി ഈഡന്‍ എംപി സ്വിച്ചോണ്‍ ചെയ്തു. വൈപ്പിന്‍ എം ല്‍ എ കെഎന്‍ ഉണ്ണികൃഷ്ണന്‍, മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍, വേള്‍ഡ് ബാങ്ക് സീനിയര്‍ അര്‍ബന്‍ ഇക്കണോമിസ്റ്റ് സിയു ജെറി ചെന്‍, ജില്ലാകളക്ടര്‍ എന്‍എസ് കെ ഉമേഷ്, തദ്ദേശസ്വയംഭരണവകുപ്പ് അര്‍ബന്‍ ഡയറക്ടര്‍ അലക്സ് വര്‍ഗീസ്, കേരള മുന്‍സിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി എസ് അക്ബര്‍, ശുചിത്വ കേരള മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്കര്‍, ക്ലീന്‍ കേരള കമ്പനി എംഡി ജി കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കെഎസ്ഡബ്ള്യൂഎംപി പ്രൊജക്ട് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും ഡെ.ഡയറക്ടര്‍ യു വി ജോസ് നന്ദിയും അറിയിച്ചു.

Photo Gallery

+
Content
+
Content
+
Content