കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (20.08.2023) മുഖ്യമന്ത്രി നിര്‍വഹിക്കും

Kochi / August 19, 2023

കൊച്ചി: സംസ്ഥാനത്ത് സമ്പൂര്‍ണ മാലിന്യ പരിപാലനത്തിന് സമഗ്രമായ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ(കെഎസ്ഡബ്ല്യൂഎംപി)  പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (20.08.2023) മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ പത്തരയ്ക്ക് ബോള്‍ഗാട്ടി ഐലന്‍റിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വച്ചാണ് പരിപാടി. 2400 കോടി രൂപയുടെ ഈ പദ്ധതിയിലൂടെ അത്യാധുനികവും ശാസ്ത്രീയവുമായ  ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങളാണ്  സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകള്‍ക്കും സ്വന്തമാവുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

     'മാലിന്യ മുക്തം നവകേരളം'  പ്രവര്‍ത്തനങ്ങള്‍ നിലവില്‍ രണ്ടാം ഘട്ടത്തിലാണ്. അടിസ്ഥാന സൗകര്യവികസനത്തിനും, ആധുനിക മാലിന്യ പരിപാലന സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമാണ് ഈ ഘട്ടത്തില്‍ ഊന്നല്‍ നല്കുന്നത്. സംസ്ഥാനത്തെ നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന്  ലോക ബാങ്കിന്‍റെയും  ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിന്‍റെയും ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് 'മാറ്റം' എന്ന് പേരിട്ടിരിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി.

ശ്രീ. എം. ബി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിയമ-വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് ആധുനിക മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ രൂപരേഖ പ്രകാശനം ചെയ്യും. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സമഗ്ര പരാതി പരിഹാര സംവിധാനത്തിന്‍റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ. വി . ഡി സതീശന്‍ നിര്‍വഹിക്കും.  

93 നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത 25 വര്‍ഷത്തേക്ക് സുസ്ഥിര മാലിന്യപരിപാലത്തിനാവശ്യമായിട്ടുള്ള രൂപരേഖ കേന്ദ്ര ഖരമാലിന്യ പരിപാലന ചട്ടത്തിനനുസരിച്ച തയ്യാറാക്കണം. വന്‍കിട പദ്ധതികള്‍ക്കയുള്ള ഉപപദ്ധതികള്‍ നഗരസഭകള്‍ നടപ്പാക്കണം. 31 നഗരസഭകളില്‍ ഇതിനായുള്ള രൂപരേഖ തയ്യാറാക്കി കഴിഞ്ഞു.

1200 കോടി രൂപയുടെ അടിസ്ഥാനസൗകര്യവികസന ഗ്രാന്‍റാണ് നഗരസഭകള്‍ക്ക് നല്‍കുന്നത്. ഈ വര്‍ഷം 300 കോടി രൂപയുടെ ഉപപദ്ധതികള്‍ 93 നഗരസഭകളില്‍ തുടങ്ങും. ലോകനിലവാരത്തിലുള്ള പദ്ധതികള്‍ ഒരു വര്‍ഷം കൊണ്ട് തന്നെ പൂര്‍ത്തിയാക്കും.

 

മാലിന്യം ശേഖരിക്കുന്നതിനുള്ള എംസിഎഫ്(മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി), ആര്‍ ആര്‍ എഫ്(റിസോഴ്സ് റിക്കവറി ഫെസിലിറ്റി) എന്നിവ ഗ്രീന്‍ പാര്‍ക്കുകളായി മാറും. ആര്‍ക്കിടെക്റ്റ് ശങ്കറാണ് ഇവയുടെ രൂപകല്‍പന തയ്യാറാക്കിയത്. പൊതുജനങ്ങള്‍ക്ക് വരാവുന്ന സായാഹ്നങ്ങള്‍ ചെലവഴിക്കാനുള്ള സ്ഥലമായി ഇവ മാറും.

മാലിന്യ ശേഖരണത്തിന് ആഗോള നിലവാരത്തിലുള്ള ആധുനിക വാഹനങ്ങള്‍ ലഭ്യമാക്കും. മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ സ്ഥലം വാങ്ങാന്‍ നഗരസഭകള്‍ക്ക് ധനസഹായം നല്‍കും. ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ആധുനിക സംവിധാനങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, തൊഴിലിടങ്ങള്‍ സുരക്ഷിതമാക്കല്‍ എന്നിവ നടപ്പാക്കും.

എല്ലാ നഗരസഭകളിലും സാനിറ്ററി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനായി മാലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ച ഇരട്ട അറകളുള്ള ഇന്‍സിനേറ്റര്‍ എല്ലാ നഗരസഭകളിലും സ്ഥാപിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ പ്രത്യേകമായി സംസ്ക്കരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കാവുന്നതിനുള്ള സംരംഭങ്ങള്‍ ആരംഭിക്കും. അജൈവമാലിന്യങ്ങള്‍പുനരുപയോഗിക്കുന്നതിന് ഗ്രീന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും സജ്ജീകരിക്കും.  ഈ സാമ്പത്തികവര്‍ഷം 19 വന്‍കിട മാലിന്യ കൂനകള്‍ വൃത്തിയാക്കും.  പദ്ധതി പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഓരോ നഗരസഭയിലും സോളിഡ് വേസ്റ്റ് എന്‍ജിനിയര്‍മാരെ നിയോഗിച്ചു. സംസ്ഥാനത്തൊട്ടാകെ 350 സാങ്കേതികവിദഗ്ധരെ കെഎസ് ഡബ്ല്യൂഎംപി നിയമിച്ചിട്ടുണ്ട്.

ക്യാമറകള്‍ വഴിയും, വാട്സാപ്പ്, മൊബൈല്‍ എന്നിവ വഴിയുമുള്ള കേന്ദ്രീകൃത നിരീക്ഷണ സംവിധാനം, സമഗ്ര പരാതി പരിഹാര സംവിധാനം എന്നിവയും നടപ്പാക്കിയിട്ടുണ്ട്.മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കൂടുതല്‍ കര്‍ശനമായ നിയമഭേദഗതി കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്ത കേരളത്തിന്‍റെ ഒന്നാംഘട്ടം പിന്നിടുമ്പോള്‍ നല്ല പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. പദ്ധതി തുടങ്ങുമ്പോള്‍ വാതില്‍പടി മാലിന്യശേഖരണം 48 ശതമാനം മാത്രമായിരുന്നു. ഇന്നത് 78 ശതമാനമായിട്ടുണ്ട്.  സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നു.1034 തദ്ദശസ്ഥാപനങ്ങള്‍ക്കായി 2290 കോടി രൂപയാണ് മാലിന്യസംസ്ക്കരണത്തിന് നടപ്പു സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 422 സ്ഥാപനങ്ങള്‍ 90-100 ശതമാനം വരെ ലക്ഷ്യം നേടി. 298 സ്ഥാപനങ്ങള്‍ 75 മുതല്‍ 90 ശതമാനം വരെയും 236 സ്ഥാപനങ്ങള്‍ 50 മുതല്‍ 75 ശതമാനം വരെയും വാതില്‍പ്പടി മാലിന്യ ശേഖരണത്തില്‍ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്.

മാലിന്യക്കൂനയെക്കുറിച്ച് പരാതിപ്പെടാന്‍ ഓരോ തദ്ദേശ സ്ഥാപനവും വാട്സാപ്പ് നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ട2ുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കും പൊതുജനങ്ങള്‍ വാട്സാപ്പ് നമ്പര്‍ വഴിയും റിപ്പോര്‍ട്ട് ചെയ്തത് 5965 മാലിന്യക്കൂനകളുടെ കേസുകളാണ്. അതില്‍ 5473(91.65 ശതമാനം) കേസുകളിലെ മാലിന്യക്കൂമ്പാരങ്ങള്‍ ശുചീകരിക്കാന്‍ കഴിഞ്ഞു. മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരില്‍ നിന്ന് സ്ക്വാഡുകള്‍ വഴി 1.6 കോടി രൂപ പിഴയായി ഈടാക്കി. മാലിന്യം വലിച്ചെറിഞ്ഞവരുടെ ചിത്രങ്ങള്‍ സഹിതം പൊതുജനങ്ങള്‍ നല്‍കിയ പരാതികളില്‍ നിന്ന് 25 ലക്ഷം രൂപയാണ് ചുരുങ്ങിയ കാലയളവില്‍ പിഴയായി ഈടാക്കിയത്. ഇത്തരത്തില്‍ വിവരം തരുന്നവര്‍ക്ക് പിഴത്തുകയുടെ 25 ശതമാനം വരെ പാരിതോഷികം നല്‍കാനും തീരുമാനമുണ്ട്.

ഉറവിടമാലിന്യ സംസ്ക്കരണത്തിനായി 3,64,259 ജൈവ കമ്പോസ്റ്റ് യൂണിറ്റുകള്‍ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്തു. തൊഴിലുറപ്പ് പദ്ധതി വഴിയും ജൈവമാലിന്യ സംസ്ക്കരണത്തില്‍ പങ്കാളിത്തമുണ്ടായി.

 

Photo Gallery