വിദ്യാര്‍ഥികള്‍ക്കായി മാലിന്യമുക്തം നവകേരളം ഓണാശംസ കാര്‍ഡ് മത്സരം

Trivandrum / August 16, 2023

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ഭാഗമായി 'ഈ ഓണം  വരുംതലമുറയ്ക്ക്' എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണാശംസ കാര്‍ഡ് തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു.

സംസ്ഥാന ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലെ യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. മികച്ച മൂന്ന് കാര്‍ഡുകള്‍ക്ക് സംസ്ഥാന ശുചിത്വ മിഷനും ജില്ലയിലെ മികച്ച മൂന്ന് കാര്‍ഡുകള്‍ക്ക് ജില്ലാ ശുചിത്വ മിഷനും സമ്മാനങ്ങള്‍ നല്‍കും. സംസ്ഥാന തലത്തില്‍ 10000, 7000, 5000 എന്നിങ്ങനെയും ജില്ലാ തലത്തില്‍ 5000, 3000, 2000 എന്നിങ്ങനെയുമാണ് സമ്മാനത്തുക. ഇതിനു പുറമേ പ്രകൃതിസൗഹൃദ സഞ്ചി ബാഗ് പ്രോത്സാഹന സമ്മാനമായും നല്‍കും.

മാലിന്യമുക്തം നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തേണ്ടത്. വിദ്യാര്‍ഥികള്‍ പ്രകൃതിസൗഹൃദ വസ്തുക്കള്‍ കൊണ്ട് കാര്‍ഡ് ഉണ്ടാക്കി ഓണാവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനം സ്കൂളില്‍ ഏല്‍പ്പിക്കണം. യു.പി, എച്ച്.എസ് തലത്തില്‍ മികച്ച മൂന്ന് കാര്‍ഡുകള്‍ തിരഞ്ഞെടുത്ത് സ്കൂള്‍ അധികൃതര്‍ ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ സെപ്റ്റംബര്‍ 9 ന് മുമ്പായി സമര്‍പ്പിക്കണം. ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കാര്‍ഡുകളില്‍ നിന്ന് ശുചിത്വ മിഷന്‍ സംസ്ഥാന കാമ്പയിന്‍ സെക്രട്ടറിയേറ്റാണ് അന്തിമ വിജയികളെ കണ്ടെത്തുക. വിജയികള്‍ക്ക് സംസ്ഥാനതലത്തില്‍ ചടങ്ങ് സംഘടിപ്പിച്ച് സമ്മാനവിതരണം നടത്തും.

വിദ്യാര്‍ഥികളില്‍ ശുചിത്വ മാലിന്യ സംസ്കരണ അവബോധം സൃഷ്ടിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ളവരിലേക്ക് കാമ്പയിന്‍റെ സന്ദേശം എത്തിക്കാനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ നിര്‍മ്മിക്കുന്ന മുഴുവന്‍ കാര്‍ഡുകളും സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം.
 

Photo Gallery