കേരള ഫീഡ്സിന്‍റെ ആരോഗ്യ, ശുചിത്വ ബോധവത്കരണവും മെന്‍സ്ട്രല്‍ കപ്പ് ഉപകരണങ്ങളുടെ വിതരണവും

Thrissur / August 16, 2023

തൃശൂര്‍: പൊതുമേഖലാ കാലിത്തീറ്റ സ്ഥാപനമായ കേരള ഫീഡ്സ് സാമൂഹ്യ പ്രതിബദ്ധതാ(സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ച് ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആരോഗ്യ-ശുചിത്വ ബോധവത്കരണവും മെന്‍സ്ട്രല്‍ കപ്പ് വിതരണവും നടത്തും. ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പീച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പരിപാടി റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും.

ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ പട്ടിക്കാട്, പീച്ചി, പുത്തൂര്‍, കാട്ടിലപൂവ്വം, അഞ്ചേരി, ഒല്ലൂര്‍, കണിമംഗലം, കൂര്‍ക്കഞ്ചേരി, മാന്ദാമംഗലം, പൂച്ചെട്ടി എന്നീ പ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 13-17 വയസ്സിനിടയ്ക്ക് പ്രായമുള്ള 1800 വിദ്യാര്‍ത്ഥിനികള്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തുടനീളം പതിനയ്യായിരത്തിരലധികം വിദ്യാര്‍ത്ഥിനികള്‍ക്ക് പദ്ധതിയുടെ സൗകര്യം ലഭിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സുമായി(എച്എല്‍എല്‍ ഹെല്‍ത്ത്കെയര്‍) സഹകരിച്ചാണ് കെഎഫ്എല്‍ ഈ പദ്ധതി നടപ്പാക്കുന്നത്.

തിങ്കളാഴ്ച രാവിലെ പത്തിന് നടക്കുന്ന പരിപാടിയില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ ആര്‍ രവി അധ്യക്ഷത വഹിക്കും. കേരള ഫീഡ്സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ മുഖ്യപ്രഭാഷണവും എംഡി ഡോ. ബി ശ്രീകുമാര്‍ പദ്ധതി വിശദീകരണവും നടത്തും. ജില്ലാപഞ്ചായത്തംഗം കെ വി സജു, ബ്ലോക്ക് പഞ്ചായത്തംഗം കെ കെ രമേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി പി രവീന്ദ്രന്‍, വെസ്പ്രസിഡന്‍റ് സാവിത്രി സദാനന്ദന്‍, പഞ്ചായത്തംഗങ്ങളായ അനിത കെ വി, ബാബു തോമസ്, പീച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗിരീശന്‍ എ ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ഡെയ്സി കെ എം, പിടിഎ പ്രസിഡന്‍റ് മുബീന നസീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Photo Gallery