ഗ്രാഫീന്‍ ഉത്പാദനത്തിന്‍റെ മികവിന്‍റെ കേന്ദ്രം കൊച്ചിയില്‍ തുടങ്ങും

കേന്ദ്ര ഇലക്ട്രോണിക് ഐടി സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ പ്രഖ്യാപനം നടത്തി
Kochi / August 14, 2023

കൊച്ചി: ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ അതിനൂതന വസ്തുവായ ഗ്രാഫീന്‍ ഉത്പാദനത്തിനുള്ള മികവിന്‍റെ കേന്ദ്രം കളമശേരിയിലെ മേക്കര്‍ വില്ലേജില്‍ തുടങ്ങും. മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ച കേന്ദ്ര ഇലക്ട്രോണിക്-ഐടി വകുപ്പ് സെക്രട്ടറി അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. 94.85 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ചെലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് വഹിക്കുന്നത്.

രാജ്യത്ത് ഇലക്ട്രോണിക്സ് ഐടി മേഖലയിലെ മികച്ച അന്തരീക്ഷം മുതലാക്കാന്‍ കമ്പനികള്‍ ശ്രമിക്കണമെന്ന് അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ടെക്നോളജി, പ്രതിഭ, നൂതനത്വം, ഉത്പന്നം എന്നിവയാണ് ഭാവിയുടെ പ്രതീക്ഷകള്‍. ഇതില്‍ ഗ്രാഫീന്‍ ഭാവിയുടെ ഉത്പന്നമാണ്. ഇത് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നതോടെ രാജ്യത്ത് വമ്പിച്ച മാറ്റമാണ് നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക്സ് ഇന്‍കുബേഷനില്‍ പല സംസ്ഥാനങ്ങളും മേക്കര്‍വില്ലേജിനെയാണ് മാതൃകയാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതീക്ഷാനിര്‍ഭരമായ വ്യവസായ ലോകം, ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍, ലോകരാഷ്ട്രങ്ങളുടെയിടയില്‍ ഇന്ത്യയുടെ സല്‍പ്പേര് എന്നിവ മുതലാക്കാന്‍ ഐടി വ്യവസായമേഖല ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത വ്യവസായത്തില്‍ നിന്നും മാറി ചിന്തിക്കാന്‍ സംസ്ഥാനത്തെ വ്യവസായമേഖല ആരംഭിച്ചുവെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. കേരളത്തിനുതകുന്ന 22 വ്യവസായമേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന വ്യവസായവകുപ്പിന്‍റെ ശ്രദ്ധ ഈ മേഖലകള്‍ വികസിപ്പിക്കുകയെന്നതാണ്. ഇല്ക്ട്രോണിക്സ് ഐടി മേഖലയ്ക്കാണ് ഇതില്‍ ഊന്നല്‍ കുടുതല്‍ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.അക്കാദമിക് മേഖലയിലുണ്ടാകുന്ന മികച്ച ഗവേഷണങ്ങള്‍ വ്യവസായവുമായി സമന്വയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ഉന്നമനത്തിനായി കൊണ്ടു വന്ന നിരവധി പദ്ധതികള്‍ പൂര്‍ത്തിയാകുമെന്ന് സംസ്ഥാന ഐടി സെക്രട്ടറി ഡോ. രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. ഐടി മേഖലയ്ക്ക് മികച്ച പിന്തുണയാണ് വ്യവസായ ലോകത്ത് നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേക്കര്‍ വില്ലേജിന്‍റെ ആരംഭത്തില്‍ 40 കമ്പനികളെ ഇന്‍കുബേറ്റ് ചെയ്യാനാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും 140 കമ്പനികളെ ഇവിടെ ഇന്‍കുബേറ്റ് ചെയ്തുവെന്ന് കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. പ്രതിരോധമേഖലയുമായി വരെ വാണിജ്യബന്ധം പുലര്‍ത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് കോ-ഓര്‍ഡിനേറ്റര്‍ സുനിത വര്‍മ്മ, കേരള ഡിജിറ്റല്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോ. അലക്സ് ജെയിംസ്, കാര്‍ബറോന്‍ഡം വൈസ് പ്രസിഡന്‍റ് പി എസ് ജയന്‍, ഡോ. കാമേഷ് ഗുപ്ത എന്നിവര്‍ സംബന്ധിച്ചു. 

 

Photo Gallery

+
Content
+
Content
+
Content