അടുത്ത അധ്യയന വര്‍ഷം പാഠപുസ്തകത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം ഉള്‍പ്പെടുത്തും: മന്ത്രി വി. ശിവന്‍കുട്ടി

Trivandrum / August 15, 2023

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വളര്‍ന്നുവരുന്ന തലമുറയാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെപ്പറ്റി കൂടുതല്‍ ബോധവാന്മാരാകേണ്ടത്‌   എന്നതിനാലാണ് ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിക്കുന്ന പരിപാടി എസ്.എം.വി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ സ്ത്രീകളുടെ പങ്ക് പ്രചോദനകരമാണെന്ന് മന്ത്രി പറഞ്ഞു. ഹരിതകര്‍മ്മ സേന ഒരു മാലിന്യ സംസ്ക്കരണ സംരംഭം മാത്രമല്ല, സമൂഹത്തിന്‍റെ നവീകരണത്തിന്‍റെയും ശക്തിയുടെയും തെളിവു കൂടിയാണ്. ഇത് സ്ത്രീശാക്തീകരണത്തോടൊപ്പം അവര്‍ക്ക് വരുമാന സ്രോതസ്സും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു. വീടുകളില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ ക്രമമായും ചിട്ടയായും സ്വീകരിക്കുന്ന ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ അടിത്തറയാണ്. ഗാര്‍ഹിക തലത്തില്‍ ജൈവമാലിന്യ സംസ്കരണത്തിന് പരിഹാരം കാണാന്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഗ്രീന്‍ ടെക്‌നീഷ്യന്‍മാര്‍ക്കുള്ള   സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇരുന്നൂറോളം ഹരിതകര്‍മ്മ സേനാംഗങ്ങളെയാണ് ആദരിച്ചത്.

കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗായത്രി ബാബു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി. ഹരികുമാര്‍, എസ്.എം.വി സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ റാണി വിദ്യാധര, ചാല ഗവ. മോഡല്‍ ബോയ്സ് എച്ച്.എസ്.എസ്സിലെ അധ്യാപിക ഡോ. സിന്ധു എസ്, എസ്.എം.വി സ്കൂളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എസ്.ആര്‍ ബിന്ദു, ശുചിത്വ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ഫൈസി   എ, ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിലെ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Photo Gallery

+
Content
+
Content