ആര്‍ത്തവം മൂലം മാറ്റി നിറുത്തപ്പെടേണ്ടവരല്ല എന്ന ബോധം പെണ്‍കുട്ടികള്‍ക്ക് സ്വയം ഉണ്ടാകണം- മന്ത്രി ഡോ. ആര്‍ ബിന്ദു
1,269 മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു
Irinjalakuda / August 14, 2023
ഇരിങ്ങാലക്കുട: ആര്‍ത്തവം മൂലം സമൂഹത്തില്‍ നിന്ന് മാറ്റിനിറുത്തപ്പെടേണ്ടവരല്ല എന്ന ബോധം പെണ്‍കുട്ടികള്‍ക്ക് സ്വയം ഉണ്ടാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. പൊതുമേഖലാ കാലിത്തീറ്റ സ്ഥാപനമായ കേരള ഫീഡ്സ് സാമൂഹ്യ പ്രതിബദ്ധതാ(സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിച്ച ആരോഗ്യ-ശുചിത്വ ബോധവത്കരണവും മെന്‍സ്ട്രല്‍ കപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാലഹരണപ്പെട്ട മൂല്യബോധങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ആര്‍ത്തവം അയിത്തമാണെന്ന ചിന്ത ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുതിയ പെണ്‍കുട്ടികള്‍ ആത്മവിശ്വാസത്തിന്‍റെ പരിച പിടിച്ച് പ്രതിരോധിക്കുമ്പോള്‍ സമൂഹത്തിന് മാറ്റം സംഭവിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആര്‍ത്തവം സാധാരണ ശാരീരികാവസ്ഥയാണിതെന്ന കാര്യം മനസിലാക്കി അപകര്‍ഷതാബോധം പെണ്‍കുട്ടികള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീപക്ഷ സമീപനം നയമാക്കി മാറ്റിയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് കേരള ഫീഡ്സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ആര്‍ത്തവാവധി പ്രഖ്യാപിച്ചത് മന്ത്രി ആര്‍ ബിന്ദുവിന്‍റെ കൂടി താത്പര്യം കൊണ്ടാണ്. തൃശൂര്‍ ജില്ലയിലെ വിവിധ സ്കൂളുകളിലും വരും ദിവസങ്ങളില്‍ മെന്‍സ്ട്രല്‍ കപ്പ് വിതരണം നടത്തും. ഇന്നത്തെ അബദ്ധം നാളത്തെ ആചാരമാക്കി മാറ്റരുതെന്ന നിര്‍ബന്ധം കേരള ഫീഡ്സിനു കൂടി ഉള്ളതു കൊണ്ടാണ് മെന്‍സ്ട്രല്‍ കപ്പെന്ന ആശയത്തിലേക്ക് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനമായതിനാലാണ് കേരള ഫീഡ്സിന് സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും ഈ മാതൃകയിലൊരു സഹായപ്രവര്‍ത്തി ചെയ്യാന്‍ സാധിച്ചതെന്ന് ചടങ്ങില്‍ റിപ്പോര്‍ട്ടവതരിപ്പിച്ച കേരള ഫീഡ്സ് എം ഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് മെന്‍സ്ട്രല്‍ കപ്പ് എന്ന ആശയത്തിലേക്കെത്തിയത്. അസംസ്കൃത വസ്തുക്കളുടെ വില അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിലും വിലവര്‍ധന പരമാവധി കുറച്ച് ലാഭമുണ്ടാക്കാന്‍ കേരള ഫീഡ്സിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇരിങ്ങാലക്കുട, കാട്ടൂര്‍, നടവരമ്പ് എന്നീ പ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 13-17 വയസ്സിനിടയ്ക്ക് പ്രായമുള്ള 1,269 വിദ്യാര്‍ത്ഥിനികള്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം നടത്തിയത്. സംസ്ഥാനത്തുടനീളം പതിനയ്യായിരത്തിരലധികം വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ സൗകര്യം ലഭിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സുമായി(എച്എല്‍എല്‍ ഹെല്‍ത്ത്കെയര്‍) സഹകരിച്ചാണ് കേരള ഫീഡ്സ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി, നഗരസഭാംഗം അഡ്വ. ജിഷ ബേബി, കെ അവിനാഷ്, തൃശൂര്‍ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ലത ചന്ദ്രന്‍, ജില്ലാപഞ്ചായത്തംഗം ഷീല അജയഘോഷ്, ഡിഇഒ എസ് ഷാജി, ഗവ. മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.
Photo Gallery
