ജെന്‍ റോബോട്ടിക്സിന് മെഡിക്കോള്‍ ഗോള്‍ഡന്‍ അവാര്‍ഡ്

Trivandrum / August 14, 2023

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായ റോബോട്ടിക് കമ്പനിയായ ജെന്‍ റോബോട്ടിക്സിന് മെഡിക്കോള്‍ മേഡ് ഇന്‍ ഇന്ത്യ ഇന്നൊവേഷന്‍ 2023 ഗോള്‍ഡന്‍ അവാര്‍ഡ്. പക്ഷാഘാത പരിചരണത്തിനായി ജെന്‍ റോബോട്ടിക്സ് വികസിപ്പിച്ച അഡ്വാന്‍സ്ഡ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി-ഗെയ്റ്ററിനാണ് പുരസ്കാരം.

ചെന്നൈ ട്രേഡ് സെന്‍റര്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജെന്‍ റോബോട്ടിക്സ് മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി റീജണല്‍ ഡയറക്ടര്‍ അഫ്‌സല്‍ മുട്ടുക്കല്‍ ഹെല്‍ത്ത് റെനാലിക്സ് ആന്‍ഡ് ആര്‍.എക്സ്.ഡി.എച്ച്.പി ഫൗണ്ടറും ഡയറക്ടറുമായ ശ്യാം വാസുദേവ റാവുവില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ആരോഗ്യസംരക്ഷണ വ്യവസായത്തിലെ നൂതന സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനാണ് മെഡിക്കോള്‍ മേഡ് ഇന്‍ ഇന്ത്യ ഇന്നൊവേഷന്‍ പുരസ്കാരം നല്‍കുന്നത്.

സിഎംസി വെല്ലൂരിലെ മുന്‍ ഡയറക്ടര്‍ വി.ഐ മതന്‍, ഐഐടി മദ്രാസിലെ സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി മേധാവി ഡോ. ബോബി ജോര്‍ജ്, കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി ആന്‍ഡ് പീഡിയാട്രിക് കാര്‍ഡിയാക് എംആര്‍ഐ സര്‍വീസസിലെ ഡോ. മഹേഷ് കപ്പനയില്‍, ബയോ വേദാസ് മാനേജിംഗ് ഡയറക്ടര്‍ രവികുമാര്‍ പി എന്നിവരായിരുന്നു ജൂറി.

മസ്തിഷ്‌കാഘാതം, തളര്‍വാതം, അപകടം മൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സെറിബ്രല്‍ പാഴ്സി തുടങ്ങിയവയാല്‍ ചലനശേഷി നഷ്ടമായവരെ നടത്തം പരിശീലിപ്പിക്കുന്ന റോബോട്ടാണ് ജി-ഗെയ്റ്റര്‍. പരമ്പരാഗത ഫിസിയോതെറാപ്പി രീതികളെ അപേക്ഷിച്ച് ജി-ഗെയ്റ്ററിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജിന്‍സ്, വി.ആര്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രോഗിക്ക് ചികിത്സ നല്‍കാനും കാര്യക്ഷമമായ രീതിയില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും ജി-ഗെയ്റ്ററിനു സാധിക്കും. ജിഗെയ്റ്ററിന്‍റെ സേവനം ഇപ്പോള്‍ കണ്ണൂര്‍ തണല്‍ ബ്രെയിന്‍ ആന്‍ഡ് സ്പെയിന്‍ മെഡിസിറ്റി, തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍, എസ്പി വെല്‍ ഫോര്‍ട്ട്, അരീക്കോട് ആസ്റ്റര്‍ മദര്‍ തുടങ്ങിയ ആശുപത്രികളില്‍ ലഭ്യമാണ്.

സാമൂഹ്യപ്രതിബദ്ധതയുള്ള റോബോട്ടിക് സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്സ് എഴ് വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് ജി-ഗെയ്റ്റര്‍ റോബോട്ടിനെ വികസിപ്പിച്ചത്. റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ ആരോഗ്യപരിചരണ പുനരധിവാസ മേഖലയില്‍ ഗുണകരമായ മാറ്റം വരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ജെന്‍ റോബോട്ടിക്സിനെ വ്യത്യസ്തമാക്കുന്നത്.

മാന്‍ഹോളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കാന്‍ ഉപയോഗിക്കുന്ന 'ബാന്‍ഡിക്യൂട്ട്' റോബോട്ടിനെ വികസിപ്പിച്ചതിലൂടെയാണ് ജെന്‍ റോബോട്ടിക്സ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ ശ്രദ്ധ നേടിയത്.

 

Photo Gallery

+
Content