ജെന്‍ റോബോട്ടിക്സ് ബാന്‍ഡികൂട്ട് മിനി ലോഗോ പ്രകാശനം ചെയ്തു

Trivandrum / August 11, 2023

തിരുവനന്തപുരം: പ്രമുഖ റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സിന്‍റെ പുതിയ റോബോട്ട് ബാന്‍ഡികൂട്ട് മിനിയുടെ ലോഗോ പ്രകാശനം ചെയ്തു. ജെന്‍ റോബോട്ടിക്സിന്‍റെ തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മയാണ് ലോഗോ പ്രകാശനം ചെയ്തത്.


സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഇ. മഹേഷ് എന്നിവരും  ചടങ്ങില്‍ സംബന്ധിച്ചു.

റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജെന്‍ റോബോട്ടിക്സ് ഇതിനോടകം കൈവരിച്ച മുന്നേറ്റങ്ങള്‍ ഏറെ വലുതാണെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. നിരവധി സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന പുതിയ ചുവടുവയ്പാകാന്‍ ബാന്‍ഡികൂട്ട് മിനിക്ക് ആകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ജെന്‍ റോബോട്ടിക്സ്. തൊഴിലാളികള്‍ മാന്‍ഹോളില്‍ ഇറങ്ങുന്നത് ഇല്ലാതാക്കാനുള്ള ദൗത്യത്തില്‍ ബാന്‍ഡിക്കൂട്ട് എന്ന റോബോട്ടിനെ വികസിപ്പിച്ച കമ്പനിയുടെ പുതിയ റോബോട്ടായ ബാന്‍ഡിക്കൂട്ട് മിനിയുടെ ലോഗോയാണ് പ്രകാശനം ചെയ്തത്.

ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും മനുഷ്യാവകാശങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സാമൂഹ്യമാറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാന്‍ഡിക്കൂട്ടിനെ വികസിപ്പിച്ചത്. നിലവില്‍ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ബാന്‍ഡിക്കൂട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ബാന്‍ഡിക്കൂട്ടിനെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെന്‍ റോബോട്ടിക്സ് ബാന്‍ഡിക്കൂട്ട് മിനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ്, ഹൈബ്രിഡ്, ഇലക്ട്രോണിക്സ് എന്നീ മൂന്ന് വകഭേദങ്ങളില്‍ ബാന്‍ഡിക്കൂട്ട് മിനി ലഭ്യമാണ്. മിനിമലിസ്റ്റിക് യു.ഐ, ഐ.പി 68 ക്യാമറ, ഓട്ടോ ക്ലീനിംഗ് സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളുള്ള ബാന്‍ഡിക്കൂട്ട് മിനി വൈദ്യുതിയിലും സോളാറിലും പ്രവര്‍ത്തിക്കും.

മാന്‍ഹോള്‍ ശുചീകരണത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള ജെന്‍ റോബോട്ടിക്സിന്‍റെ ഏറ്റവും പുതിയ ചുവടുവയ്പാണ് ബാന്‍ഡികൂട്ട് മിനിയെന്ന് ജെന്‍ റോബോട്ടിക്സ് സി.ഇ.ഒ വിമല്‍ ഗോവിന്ദ് എം.കെ അഭിപ്രായപ്പെട്ടു. എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ബാന്‍ഡിക്കൂട്ടിനെ എത്തിച്ച് മനുഷ്യപ്രയത്നം ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെന്‍ റോബോട്ടിക്സില്‍ ഇതിനോടകം തന്നെ പ്രമുഖ വ്യവസായികളായ ആനന്ദ് മഹീന്ദ്ര, ശ്രീധര്‍ വെമ്പു (സോഹോ കോര്‍പ്പ്) ഗൂഗിള്‍ ഇന്ത്യ മുന്‍ മേധാവി രാജന്‍ ആനന്ദന്‍ എന്നിവരും യൂണികോണ്‍ വെഞ്ചേഴ്സ്, സി ഫണ്ട് എന്നീ നിക്ഷേപക സ്ഥാപനങ്ങളും മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.
 

Photo Gallery

+
Content