ഗുണനിലവാരമുള്ള ടൂറിസം പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് ഗോവ ടൂറിസം മന്ത്രി

Trivandrum / August 7, 2023

തിരുവനന്തപുരം: ഗുണനിലവാരമുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം ഉത്തമ മാതൃകയാണെന്ന് ഗോവ ടൂറിസം മന്ത്രി രോഹന്‍ കാവ്തെ. ഇക്കാര്യത്തില്‍ കേരളത്തെ ഗോവയ്ക്ക് മാതൃകയാക്കാമെന്നും മന്ത്രി ഗോവ നിയമസഭയില്‍ പറഞ്ഞു.

വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമ്പോഴും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച വരുത്താത്ത കേരളത്തിന്‍റെ പ്രവര്‍ത്തന രീതി അനുകരണീയമാണെന്ന് മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരകളെ ആകര്‍ഷിക്കുന്നതിനായി ഗോവ പുതിയ ടൂറിസം വിപണികള്‍ കണ്ടെത്തെണ്ടതിനെക്കുറിച്ച് സംസാരിക്കവേയാണ് മന്ത്രി കേരളത്തെ പരാമര്‍ശിച്ചത്.

കോവിഡിനു ശേഷം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട കേരളത്തിന് വിദേശ സഞ്ചാരികളുടെ സന്ദര്‍ശനത്തിലും ക്രമാനുഗതമായ വര്‍ധനവുണ്ടാക്കാനായിട്ടുണ്ട്. പുതിയ ടൂറിസം ഉല്‍പ്പങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയുമാണ് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരളത്തിനായത്.

Photo Gallery