പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതം സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുപയോഗിക്കണം: മന്ത്രി ജി.ആര്‍.അനില്‍

Trivandrum / July 27, 2023

തിരുവനന്തപുരം:  സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നവയുടെ ലാഭവിഹിതത്തിന്‍റെ ഒരു പങ്ക് സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കു വേണ്ടി ഉപയോഗിക്കണമെന്നും അതാണ് സര്‍ക്കാര്‍ നയമെന്നും ഭക്ഷ്യ സിവില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.

കേരള ഫീഡ്സ് ലിമിറ്റഡ് സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന 'സുരക്ഷിത്' പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നടത്തുന്ന ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണവും മെന്‍സ്ട്രല്‍ കപ്പ് (എം.കപ്പ്) വിതരണവും നെടുമങ്ങാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരള ഫീഡ്സ് കര്‍ഷകര്‍ക്ക് ഗുണമേന്‍മയുള്ളതും ലാഭകരവുമായ ഉല്പന്നങ്ങള്‍ ലഭ്യമാക്കുകയും ലാഭകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണ്. 'സുരക്ഷിത്' പദ്ധതിയ്ക്കൊപ്പം ഇത്തരത്തിലുള്ള സ്ത്രീ സൗഹൃദ പദ്ധതികളുമായി പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുന്നോട്ട് പോകുന്നത് ഗുണകരമാകും.


പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന 15000 മെന്‍സ്ട്രല്‍ കപ്പുകളില്‍ 4000 ത്തോളവും നെടുമങ്ങാട് നിയോജക മണ്ഡത്തിലെ ഒന്‍പത്  സ്കൂളുകളിലായാണ് വിതരണം ചെയ്യുന്നത്. പാഡ് ഉപയോഗിക്കുന്നത് കാരണം സ്ത്രീകളും പെണ്‍കുട്ടികളും അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ മെന്‍സ്ട്രല്‍ കപ്പ് വഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. കേരള ഫീഡ്സിന്‍റെ 2021-22 കാലത്തെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് (സിഎസ്ആര്‍) പദ്ധതി വഴിയാണ് 'സുരക്ഷിത്' പദ്ധതിക്കുള്ള തുക വകയിരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ പത്ത് അസംബ്ലി നിയോജകമണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.                                                                                  

സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ മെന്‍സ്ട്രല്‍ കപ്പ് (എം-കപ്പ്) പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് രൂപം നല്കിയ 'സുരക്ഷിത്' പദ്ധതി എച്ച്എല്‍എല്‍ ലൈഫ് കെയറുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്കൂളുകളിലെ 8-12 ക്ലാസുകളിലുള്ള 13 നും 17 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് പദ്ധതിയിലൂടെ എം കപ്പ് ലഭ്യമാക്കും.

മെഡിക്കല്‍ നിലവാരത്തിലുള്ള സിലിക്കണ്‍ ഉപയോഗിച്ചാണ് പരിസ്ഥിതിസൗഹൃദവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മെന്‍സ്ട്രല്‍ കപ്പ് തയ്യാറാക്കുന്നത്. ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ സുരക്ഷ നല്‍കുന്ന എം കപ്പുകള്‍ പത്തു വര്‍ഷം വരെ പുനരുപയോഗിക്കാം. വിലകൂടിയ സാനിറ്ററി നാപ്കിനുകളുടെ ബദലായിട്ടാണ് ഇവയെ കണക്കാക്കുന്നത്.

നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി എസ്. ശ്രീജ ചടങ്ങില്‍ അധ്യക്ഷയായിരുന്നു.  കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് യു. ലേഖാറാണി, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന ജയന്‍, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഹരികുമാര്‍, ആറ്റിങ്ങള്‍ ഡിഇഒ ബിന്ദു ജി. ഐ, ജിഎച്ച്എസ്എസ് നെടുമങ്ങാട് പ്രിന്‍സിപ്പല്‍ നീതാ നായര്‍ .ആര്‍, പി ടി എ പ്രസിഡന്‍റ് പി. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. എച്ച് എല്‍ എല്‍ പ്രതിനിധി ഡോ.കൃഷ്ണ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം സംബന്ധിച്ച് ക്ലാസെടുത്തു.
 

Photo Gallery

+
Content
+
Content