മാലിന്യം കുറയ്ക്കുന്ന ബദല്‍ വാണിജ്യ മാര്‍ഗങ്ങളുടെ സാധ്യത തേടണം: മന്ത്രി എം.ബി രാജേഷ്

'മാലിന്യമുക്തം നവകേരളം' കാമ്പയിനിന്‍റെ ഭാഗമായി വിവിധ സംഘടനാ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി
Trivandrum / July 27, 2023

തിരുവനന്തപുരം: മാലിന്യത്തിന്‍റെ തോത് കുറയ്ക്കുന്ന ബദല്‍ വാണിജ്യ മാര്‍ഗങ്ങളുടെ സാധ്യതകള്‍ തേടണമെന്നും മാലിന്യമുക്ത കാമ്പയിനില്‍ സാമൂഹിക സംഘടനകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും സജീവ ഇടപെടല്‍ ആവശ്യമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വിജയിപ്പിക്കാനായി സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വനിത, യുവജനം, സിനിമ, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ സംഘടനകളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കാമ്പയിന് പിന്തുണ വാഗ്ദാനം ചെയ്തു.

വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും അവരുടെ സ്ഥാപനങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കാമ്പയിന് പിന്തുണ നല്‍കാനാകുമെന്നും മാലിന്യം കുറയ്ക്കുന്ന ബദല്‍ ഉത്പന്നങ്ങളുടെ സാധ്യതകള്‍ തേടണമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷമുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ ഒഴിവാക്കി ബദലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ആശയങ്ങളും ബിസിനസ് മോഡലുകളും ആവശ്യമാണ്. ഇതില്‍ സംരംഭകര്‍ക്ക് നിര്‍ണായക പങ്കു വഹിക്കാനാകും. ആഘോഷങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നത് കര്‍ശനമാക്കണം. വരാനിരിക്കുന്ന ഓണാഘോഷം മാലിന്യമുക്തമാക്കാന്‍ ശ്രദ്ധിക്കണം. മികച്ച രീതിയില്‍ മാലിന്യ സംസ്കരണം നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പാരിതോഷികം നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

 ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള രണ്ടാം ഘട്ട കാമ്പയിന്‍ നിര്‍ണായകമാണെന്നും മാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോര്‍പ്പറേഷനുകളില്‍ ഖരമാലിന്യ സംസ്കരണത്തിനായി ലോകബാങ്ക് സഹായത്തോടെ 2,400 കോടി രൂപയുടെ പദ്ധതി ഓഗസ്റ്റില്‍ ആരംഭിക്കും. സംസ്ഥാനത്തെ 1,034 തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പദ്ധതികള്‍ക്കായി മൊത്തം 2,290 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ആശയങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31 ആയി നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.

കാമ്പയിനില്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. ഇതില്‍ ബോധവല്‍ക്കരണവും പങ്കാളിത്തവും ശക്തമായ നിര്‍വ്വഹണവും പ്രധാനമാണ്. ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്കരണം, മാലിന്യം 100 ശതമാനം വേര്‍തിരിക്കല്‍, അജൈവമാലിന്യങ്ങളുടെ 100 ശതമാനം വാതില്‍പ്പടി ശേഖരണം എന്നിവയിലാണ് കാമ്പയിന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാമ്പയിനിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ ഏകദേശം 13,106 പരിശോധനകള്‍ നടത്തുകയും 4,486 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. നിയമലംഘകര്‍ക്ക് 1,60,44,550 രൂപ പിഴ ചുമത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാമ്പയിനിന്‍റെ ഭാഗമായി ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ചൂണ്ടിക്കാട്ടി. മുപ്പതോളം വകുപ്പുകള്‍ക്ക് കാമ്പയിനിലെ പങ്കിനെക്കുറിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അതിന്‍റെ പുരോഗതി ഉടന്‍ വിശകലനം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി ബാലഭാസ്കരന്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി.കെ സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മാലിന്യമുക്ത സന്ദേശം പ്രചരിപ്പിക്കുന്നതിനായി സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തി ഹ്രസ്വചിത്രങ്ങളും പരസ്യങ്ങളും നിര്‍മ്മിക്കാമെന്ന് സംവാദത്തില്‍ പങ്കെടുത്ത കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധി ജി. സുരേഷ് കുമാര്‍ പറഞ്ഞു.

പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് പ്രധാനമാണെന്നും വീകേന്ദ്രീകൃത പ്ലാസ്റ്റിക്ക് സംസ്കരണമാണ് ആവശ്യമെന്നും പ്ലാസ്റ്റിക് റീസൈക്ലിംഗ് അസോസിയേഷന്‍ പ്രതിനിധി അനീഷ് അഭിപ്രായപ്പെട്ടു.

യാത്രയ്ക്കിടെ മാലിന്യങ്ങളും കുപ്പികളും വലിച്ചെറിയുന്നത് തടയുമെന്നും യാത്രക്കാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹി ബാഹുലേയന്‍ പറഞ്ഞു.

മൂന്ന് സെഷനുകളിലായി നടന്ന യോഗത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍, വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍, വനിത-യുവജന സംഘടനകള്‍, മാധ്യമങ്ങള്‍, കല, ലൈബ്രറി കൗണ്‍സില്‍, ശാസ്ത്രം എന്നിവയുടെ പ്രതിനിധികളും നേതാക്കളും പങ്കെടുത്തു.

തദ്ദേശ വകുപ്പ് നടത്തിവരുന്ന മാലിന്യമുക്ത കാമ്പയിനില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് യോഗങ്ങള്‍ നടത്തിയത്. 2024 മാര്‍ച്ചോടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ ശുചിത്വ പദവിയില്‍ എത്തിക്കുന്നതിനാണ് മൂന്ന് ഘട്ടങ്ങളായുള്ള കാമ്പയിന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്.

 

Photo Gallery

+
Content