മാലിന്യസംസ്ക്കരണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ നിയമഭേദഗതി ഓഗസ്റ്റില്‍- എം ബി രാജേഷ്

Kalpetta / July 24, 2023

കല്‍പറ്റ: സംസ്ഥാനത്തെ മാലിന്യസംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള നിയമഭേദഗതി ഓഗസ്റ്റില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പാസ്സാക്കുമെന്ന് തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരള സോളിഡ് വേസ്റ്റ് മാനേജ്മന്‍റ് പ്രൊജക്ട്(കെഎസ്ഡബ്ല്യൂഎംപി) വയനാട്ടില്‍ സംഘടിപ്പിച്ച 'മാറ്റം' ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാലിന്യസംസ്ക്കരണ പ്രചാരണങ്ങള്‍ക്ക് കുറവില്ലെങ്കിലും പദ്ധതി നിര്‍വഹണത്തില്‍ വേഗത വളരെ മോശമായാണ് പല തദ്ദേശസ്ഥാപനങ്ങളിലും കാണുന്നത്. നിലവില്‍ മാലിന്യ പരിപാലന പദ്ധതികള്‍ക്ക്  സാമ്പത്തികം ഉള്‍പ്പെടെയുള്ള വിഭവശേഷിക്ക് ഒരു കുറവുമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി വിവിധ പദ്ധതികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്കനുവദിച്ച ഫണ്ടുകളെക്കുറിച്ച് വ്യക്തമാക്കി. കിച്ചണ്‍ ബിന്‍ വാങ്ങി നല്‍കി ബാധ്യത തീര്‍ക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ.  ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്.  തദ്ദേശ സ്ഥാപനങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്‍റെ നിശ്ചയദാര്‍ഢ്യമാണിവിടെ വേണ്ടതെന്നും മന്ത്രി പറഞ്ഞു.

ജൂലായ് മാസത്തിനുള്ളില്‍ മാലിന്യമുക്ത കേരളത്തിന്‍റെ ആദ്യ ഘട്ടം നൂറു ശതമാനം പൂര്‍ത്തിയാക്കിയേ പറ്റൂ. ഉറവിട സംസ്ക്കരണവും വാതില്‍പ്പടി ശേഖരണവും ഇനിയും പൂര്‍ണമായിട്ടില്ല. അത് കൈവരിക്കുന്നതിനുള്ള തടസ്സം നീക്കാനുള്ള നടപടികള്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ എടുക്കണം.

ജൈവമാലിന്യത്തിന്‍റെ കാര്യത്തില്‍ നൂറു കതമാനം ഉറവിട സംസ്ക്കരണം ഉറപ്പുവരുത്തേണ്ടതുണ്ട്. ഒന്നുകില്‍ വീട്ടില്‍, അല്ലെങ്കില്‍ വാര്‍ഡ് തലത്തില്‍ പരമാവധി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ തന്നെ ജൈവമാലിന്യ സംസ്ക്കരണം നടപ്പാക്കണം. മാലിന്യസംഭരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിലെ പൊതുജന എതിര്‍പ്പുകള്‍ അതത് സ്ഥലത്തെ ജനപ്രതിനിധികള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം.

ഹരിതകര്‍മ്മസേനയ്ക്ക് മതിയായ വേതനം, സുരക്ഷാഉപകരണങ്ങള്‍ എന്നിവ നല്‍കണം. യൂസര്‍ഫീ നല്‍കുന്നതില്‍ വീഴ്ചവരുത്തുന്നവരുടെ കെട്ടിട നികുതിയുടെ കൂടെ പിഴയോടെ ഇത് ഈടാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അത് തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

 സുല്‍ത്താന്‍ബത്തേരി, കുന്ദംകുളം, ഗുരുവായൂര്‍, വടകര, പെരിന്തല്‍മണ്ണ, ആറ്റിങ്ങല്‍ എന്നിങ്ങനെ ചില മാതൃകകള്‍ ഉണ്ട്. എന്നാല്‍ കേരളമൊട്ടാകെ പ്രകടമായ മാറ്റം ദൃശ്യമല്ലെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍, അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കെഎസ്ഡബ്ല്യൂഎംപി ഡെ. ഡയറക്ടര്‍ യു വി ജോസ്,  കേരള മുന്‍സിപ്പല്‍ ചെയര്‍മാന്‍സ് ചേംബേഴ്സ് ചെയര്‍മാന്‍ എം കൃഷ്ണദാസ്, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍ അലക്സ് വര്‍ഗീസ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹര്‍ഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, എന്നിവിടങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ശുചിത്വ പ്രവര്‍ത്തകര്‍ തുടങ്ങി 300 ഓളം പേരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. മാറ്റം ശില്‍പശാലയുടെ ആദ്യ ലക്കം കോവളത്തും രണ്ടാമത്തേത് തൃശൂരും നടന്നിരുന്നു. ശില്‍പശാലയില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് കെഎസ്ഡബ്ല്യൂഎംപി സര്‍ക്കാരിന് സമര്‍പ്പിക്കും.  

Photo Gallery

+
Content