മാലിന്യ സംസ്ക്കരണത്തിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണം- മാറ്റം സമ്മേളനം

Thrissur / July 22, 2023

തൃശ്ശൂര്‍: ഖര മാലിന്യസംസ്ക്കരണത്തിലെ സത്വരനടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള മധ്യമേഖലാ ദ്വിദിന ശില്‍പശാല സമാപിച്ചു. സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് കേരള സോളിഡ് വേസ്റ്റ് മാനേജ്മന്‍റ് പ്രൊജക്ട് (കെഎസ്ഡബ്ല്യൂഎംപി) സര്‍ക്കാരിന് സമര്‍പ്പിക്കും.

തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം എന്നീ ആറ് ജില്ലകളില്‍ നിന്നുള്ള നഗരസഭകളിലെ 49 ജനപ്രതിനിധികള്‍, മാലിന്യസംസ്ക്കരണ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി 300 ഓളം പേരാണ് രണ്ട് ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുത്തത്. നിലവിലെ മാലിന്യ സംസ്ക്കരണത്തിലെ വിടവുകള്‍ പരിഹരിച്ച് സുസ്ഥിരമായ സംവിധാനങ്ങള്‍ ജനപങ്കാളിത്തത്തോടെ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മാറ്റം' എന്ന് പേരിട്ടിരിക്കുന്ന ഈ ശില്‍പശാല നടത്തുന്നത്.
മലിനജല സംസ്ക്കരണം, ബയോഗ്യാസ് പ്ലാന്‍റുകള്‍, സാനിറ്ററി പാഡുകള്‍ കത്തിക്കാനുള്ള സംവിധാനം, മികച്ച വാഹന സൗകര്യം എന്നീ വിഷയങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

ശാസ്ത്രീയമായ സംവിധാനങ്ങള്‍ മികച്ച മാലിന്യസംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത തദ്ദേശ-സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. അതിനാല്‍ നിലവിലെ ജൈവ-അജൈവ മാലിന്യ പരിപാലനത്തിലെ സ്ഥിതിവിവരക്കണക്ക് പഠിച്ച് കുറവുകള്‍ നികത്തുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ എല്ലാ നഗരസഭകളും പ്രാധാന്യം നല്‍കണം. ഇതോടൊപ്പം കൂടുതല്‍ സംഭരണ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിവിധ നഗരസഭകളിലെ ചെയര്‍മാന്മാര്‍ ഖരമാലിന്യ പരിപാലനത്തിന്‍റെ വിശദാംശങ്ങളും നിലവിലെ വിടവ് നികത്തുന്നതിനുള്ള പദ്ധതികളും അവതരിപ്പിച്ചു. സംഭരണ കേന്ദ്രങ്ങള്‍, സിസിടിവികള്‍, ഖരമാലിന്യം പൊടിയാക്കുന്നതിനുള്ള യന്ത്രങ്ങള്‍, ദ്രവമാലിന്യം സംസ്ക്കരിക്കുന്നതിനുള്ള മൊബൈല്‍ സംവിധാനം എന്നിവയുടെ ആവശ്യകതയാണ് പ്രധാനമായും എടുത്തു പറഞ്ഞത്. ആധുനിക അറവുശാലകള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം വീടുകളിലെ മാലിന്യസംസ്ക്കരണത്തിന് കമ്പോസ്റ്റ് ബാക്ടീരിയകള്‍ നല്‍കുകയും വേണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. ഇതിലൂടെ ലഭിക്കുന്ന വളം വില്‍പന നടത്താമെന്നും നിര്‍ദ്ദേശമുണ്ട്.

ഖരമാലിന്യ സംസ്ക്കരണത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നിലവിലെ ഖരമാലിന്യസംസ്ക്കരണ യൂണിറ്റുകളുടെ ശേഷി വര്‍ധിപ്പിക്കണം. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയിലെ ബോധവത്കരണം ശക്തമാക്കണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

തൊഴിലാളി-സ്ത്രീ സൗഹൃദമായിരിക്കണം മാലിന്യസംസ്ക്കരണ രീതികളെന്ന് ശില്‍പശാലയില്‍ പങ്കെടുത്ത പ്രശസ്ത ആര്‍ക്കിടെക്ട് ജി ശങ്കര്‍ പറഞ്ഞു. ലഭ്യമായ സ്ഥലത്ത് മികച്ച സംസ്ക്കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അത് സാമൂഹിക കേന്ദ്രമാവുകയും വേണം. ഖരമാലിന്യം മികച്ച നിര്‍മ്മാണ സാമഗ്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയ്ക്കല്‍ നഗരസഭയിലെ ബയോ-പാര്‍ക്ക് ഹാപ്പിനെസ് സെന്‍ററിന്‍റെ അവതരണവും നടന്നു.

 മാലിന്യസംസ്ക്കരണത്തിലെ പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ചാണ് ഈ രംഗത്തെ വിദഗ്ധനായ ജയകുമാര്‍ ജെ എസ് പറഞ്ഞത്. നിലവിലെ മാലിന്യ സംഭരണ സ്ഥിതിയെക്കുറിച്ച് കെഎസ്ഡബ്ല്യൂഎംപി ഡെ. ഡയറക്ടര്‍ യു വി ജോസ് അവതരണം നടത്തി.

 ദേശീയ ഖരമാലിന്യസംസ്ക്കരണ മാന്വലിന്‍റെ അടിസ്ഥാനത്തിലുള്ള വിശദമായ പദ്ധതികളാണ് ശില്‍പശാലയില്‍ അവതരിക്കപ്പെട്ടത്. ഈ വിഷയത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനം വിലയിരുത്തി.

മാറ്റം ശില്‍പശാലയുടെ ആദ്യ ഭാഗം കോവളത്തും രണ്ടാം ഭാഗം തൃശൂരും നടന്നു. മലബാര്‍ മേഖലയിലെ ശില്‍പശാല വയനാട്ടിലാണ് നടക്കുന്നത്.

Photo Gallery