ശാസ്ത്രീയ ഖരമാലിന്യ പരിപാലന രേഖ തയ്യാറാക്കുന്നതിന് നഗരസഭകള്‍ പ്രാധാന്യം നല്‍കണം: മന്ത്രി എം ബി രാജേഷ്

Thrissur / July 21, 2023

തൃശ്ശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ ശാസ്ത്രീയമായ മാറ്റം അനിവാര്യമാണെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 

പല മേഖലകളിലും കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ രാജ്യത്തില്‍ തന്നെ മുന്‍പന്തിയിലാണ്. എന്നാല്‍ ശാസ്ത്രീയ മാലിന്യ പരിപാലന സംവിധാനത്തില്‍ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ള്യൂഎംപി) നഗരസഭ പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച 'മാറ്റം' ദ്വിദിന ശില്‍പ്പശാലയുടെ രണ്ടാം ബാച്ചിന്‍റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരസഭകളിലെ ഖരമാലിന്യ പരിപാലനം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് കൃത്യമായ പഠനവും ആസൂത്രണവും ആവശ്യമാണെന്നും അതിനാവശ്യമായ മനുഷ്യ വിഭവ ശേഷിയും സാങ്കേതിക സാമ്പത്തിക സഹായവും കെഎസ്ഡബ്ള്യൂഎംപി നല്‍കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യസംസ്ക്കരണത്തില്‍ പണം ഒരു പ്രശ്നമാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ വഴിയായി 7000 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ലഭിക്കുന്നത്.

2025 മാര്‍ച്ച് 31 മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ അടുത്ത വര്‍ഷം മാര്‍ച്ച് 31 ന് തന്നെ ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. ജൈവമാലിന്യങ്ങളുടെ സംസ്ക്കരണം 100 ശതമാനം ഉറവിടത്തില്‍ തന്നെ ഉറപ്പുവരുത്തുക, ഹരിതകര്‍മ്മ സേന മുഖേന 100 ശതമാനം അജൈവ മാലിന്യങ്ങളുടെ ശേഖരണം നടപ്പിലാക്കുക, മാലിന്യമുക്ത തെരുവോരങ്ങള്‍ എന്നിവയാണ് പ്രധാനമായും 2024 മാര്‍ച്ചിന് മുമ്പായി ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഖരമാലിന്യസംസ്ക്കരണത്തിന് കൂടുതല്‍ പ്ലാന്‍റുകള്‍ ആവശ്യമാണെന്നതു പോലെ തന്നെ പ്രധാനമാണ് മാലിന്യ സംഭരണ കേന്ദ്രങ്ങളുമെന്ന് മന്ത്രി പറഞ്ഞു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 49 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുള്‍പ്പെടെ 300 ലധികം പേരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ച് ഖരമാലിന്യസംസ്ക്കരണം, സംഭരണ കേന്ദ്രങ്ങള്‍ വിപുലീകരിക്കല്‍,  തുടങ്ങി ആറ്വിഷയങ്ങളില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നു.

ഖരമാലിന്യ സംസ്ക്കരണത്തില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു. പരിശ്രമം കാര്യമായുണ്ടെങ്കിലും ഇച്ഛാശക്തിയുടെയും ലക്ഷ്യബോധത്തിന്‍റെയും അഭാവം കാര്യങ്ങളെ പിന്നോട്ടടിക്കുന്നു. ഖരമാലിന്യ സംസ്ക്കരണ നയത്തില്‍ പല പിഴവുകളുമുണ്ടാകാം. എന്നാല്‍ ഉദ്യോഗസ്ഥരാണ് പ്രായോഗികമായ സമീപനത്തിലൂടെ ഇത് മറികടക്കേണ്ടത്. കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തിന്‍റെ പ്രധാന വെല്ലുവിളി ഇ-മാലിന്യവും സാനിറ്ററി മാലിന്യവുമാണ്. അതിനാല്‍ കേരളത്തിന്‍റെ ലോലമായ പാരിസ്ഥിതിക അവസ്ഥ കണക്കിലെടുത്ത് വേണം നടപടികള്‍ നടപ്പാക്കേണ്ടതെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

ഈ വര്‍ഷത്തോടെ തൃശൂര്‍ നഗരസഭ സമ്പൂര്‍ണ മാലിന്യമുക്തമാകുമെന്ന് അധ്യക്ഷത വഹിച്ച മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു. കര്‍മ്മപദ്ധതികളുടെ ദ്രുതഗതിയിലുള്ള നടപ്പാക്കല്‍ വേണമെന്ന് മുഖ്യാതിഥിയായിരുന്ന കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ പറഞ്ഞു.

കേരള മുന്‍സിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, 'കില' ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍, കെഎസ്ഡബ്ല്യൂഎംപി ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ യു.വി ജോസ് എന്നിവരും സംബന്ധിച്ചു.

നഗരത്തിലെ സ്ഥലപരിമിതി കണക്കിലെടുത്ത് ആധുനിക യന്ത്ര സാമഗ്രികളുടെ ഉപയോഗത്തിലൂടെ മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനാകുമോ എന്ന കാര്യത്തിലും ഊന്നല്‍ നല്‍കി. പൊതുജനങ്ങളുടെ അവബോധം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വേണമെന്നാണ് പങ്കെടുത്ത പ്രതിനിധികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്.
സുസ്ഥിര മാലിന്യസംസ്ക്കരണം നടപ്പാക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിനുള്ള പരിപാടിയാണ് 'മാറ്റം'. അവതരണങ്ങള്‍, കൂട്ടായ ചര്‍ച്ച, പദ്ധതി നിര്‍വഹണം എന്നിവയാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളത്.

ദ്വിദിന ശില്‍പ്പശാലയില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നടത്തിയ വിവരശേഖരണത്തിലൂടെ കണ്ടെത്തിയ ഓരോ നഗരസഭകളിലെയും മാലിന്യ പരിപാലനത്തിലെ പോരായ്മകള്‍ കൂടുതല്‍ വിശകലനത്തിന് വിധേയമാക്കും. ഇതിന്‍റെ  അടിസ്ഥാനത്തില്‍  അടിയന്തിരമായി  നടപ്പിലാക്കേണ്ട ഉപപദ്ധതികള്‍ നിശ്ചയിക്കും. ഇതോടൊപ്പം മാലിന്യ പരിപാലനത്തില്‍ സുസ്ഥിര നേട്ടം കൈവരിക്കുന്നതിന് ഓരോ നഗരസഭകളിലും നടപ്പാക്കേണ്ട മാസ്റ്റര്‍പ്ലാനും ചര്‍ച്ചാവിഷയമാകും. ഓരോ നഗരസഭകളിലെയും ജനപ്രതിനിധികളും  നിര്‍വഹണ ഉദ്യോഗസ്ഥരും ശില്‍പ്പശാലയുടെ ഭാഗമാകുന്നതോടെ പദ്ധതി നിര്‍വഹണത്തില്‍ സമഗ്രമായ നേട്ടം കൈവരിക്കാനാകും. ആദ്യഘട്ട ശില്‍പ്പശാല ഈ മാസമാദ്യം തിരുവനന്തപുരം കോവളത്ത് നടന്നിരുന്നു. അടുത്ത ഘട്ടം വയനാട്ടില്‍ നടക്കും.

Photo Gallery

+
Content
+
Content
+
Content
+
Content