കേരളം പശ്ചാത്തലമാകുന്ന 'ശുഭമാംഗല്യം' വീഡിയോ ഗാനം വൈറല്‍

Trivandrum / July 17, 2023

തിരുവനന്തപുരം: പ്രശസ്ത ഇന്ത്യന്‍-അമേരിക്കന്‍ ഗായിക വിദ്യ വോക്സിന്‍റെ കേരളം പശ്ചാത്തലമാകുന്ന 'ശുഭമാംഗല്യം' വീഡിയോ ഗാനം വൈറലാകുന്നു. ലോകത്തെ ഏറ്റവും ആകര്‍ഷകമായ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നെന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുള്ള കേരളത്തിന്‍റെ മനോഹാരിത പ്രയോജനപ്പെടുത്തുന്നതാണ് ഈ വീഡിയോ ഗാനം.

മലയാളികളല്ലാത്ത ദമ്പതികള്‍ കേരളത്തില്‍ വിവാഹം ആഘോഷിക്കുന്നതാണ് 'ശുഭമാംഗല്യ'ത്തില്‍ ചിത്രീകരിക്കുന്നത്. കേരള ടൂറിസവുമായി സഹകരിച്ചായിരുന്നു ചിത്രീകരണം. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ഇംഗ്ലീഷ്, ഹിന്ദി, മലയാളം വരികള്‍ ഇടകലര്‍ത്തിയുള്ളതാണ്.

ആലപ്പുഴയിലെ കായല്‍, വാഗമണ്‍, മാരാരി ബീച്ച് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച 'ശുഭമാംഗല്യം' രണ്ട് മാസത്തിനുള്ളില്‍ യൂട്യൂബില്‍ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങി മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ഗാനം ജനപ്രീതി നേടിയിട്ടുണ്ട്. കേരളത്തിന്‍റെ പ്രകൃതിസൗന്ദര്യവും അനുയോജ്യമായ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള കേരളത്തിന്‍റെ ഇടവും 'ശുഭമാംഗല്യ'ത്തിന് ലഭിച്ച സോഷ്യല്‍ മീഡിയ കമന്‍റുകളില്‍ വെളിപ്പെടുന്നു.

ട്രാവല്‍ പ്ലസ് ലിഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാഗസിന്‍ 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ തെരഞ്ഞെടുത്തിരുന്നു. രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് മാഗസിന്‍റെ വായനക്കാരാണ് കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. കേരളത്തെ മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനായി ഉയര്‍ത്തുന്നതിനായി വിമാനത്താവളങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ടൂറിസം വകുപ്പ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഈ കാമ്പയിനിനു ശേഷം വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളത്തെ പ്രയോജനപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്നാണ് ടൂറിസം വകുപ്പിന്‍റെ വിലയിരുത്തല്‍.

Photo Gallery

+
Content
+
Content
+
Content
+
Content