ഫുഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ് യുഎം 'ബിഗ് ഡെമോ ഡേ'

Trivandrum / July 16, 2023

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് കോര്‍പ്പറേറ്റ്, വ്യവസായ സ്ഥാപനങ്ങളുമായി സ്റ്റാര്‍ട്ടപ്പുകളെ ബന്ധപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു. ബിഗ് ഡെമോ ഡേയുടെ പത്താം പതിപ്പിന്‍റെ ഭാഗമായി ജൂലായ് 27 ന് നടക്കുന്ന വെര്‍ച്വല്‍ എക്സിബിഷനില്‍ ഫുഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച ഉത്പന്നങ്ങളും സൊല്യൂഷനുകളും പ്രദര്‍ശിപ്പിക്കും.

ഫൂ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഓര്‍ഗാനിക് പ്രൈവറ്റ് ലിമിറ്റഡ്, ഇസഡ് കോര്‍പ് ഓര്‍ഗാനിക് പ്രൈവറ്റ് ലിമിറ്റഡ്, ബാഗ്മോ പ്രൈവറ്റ് ലിമിറ്റഡ്, എഫ്ബിഇസി പ്രൈവറ്റ് ലിമിറ്റഡ്, വയനാട് ഓര്‍ഗാനിക് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ്, പാപുവാന്‍ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, ചക്കക്കൂട്ടം ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയാണ് എക്സ്പോയില്‍ പങ്കെടുക്കുന്ന ഫുഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍.

ഇതിന്‍റെ ഭാഗമായി നാഷനല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡെവലപ്മെന്‍റ് ഏജന്‍സി (എന്‍എസ് ടിഡിഎ) യുടെ തായ് ലന്‍ഡിലെ ഫുഡ് ഇന്നോപോളിസിന്‍റെ ഡയറക്ടര്‍ ഡോ. ആക്വിനോ ജാങബ  'ഗ്ലോബല്‍ ഫുഡ്ടെക് ഇക്കോസിസ്റ്റം ആന്‍ഡ് സ്കെയിലിംഗ് അവസരങ്ങള്‍' എന്ന സെഷനില്‍ സംസാരിക്കും.

ബിഗ് ഡെമോ ഡേയില്‍ ഇന്‍ക്യു ഇന്നൊവേഷന്‍സ് ഓസ്ട്രേലിയയിലും ഫാര്‍ ഈസ്റ്റിലും മാര്‍ക്കറ്റ് ആക്സസ് വെബിനാര്‍ നടത്തും. ഇതില്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള ഓഹരി ഉടമകളും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് വലിയൊരു സാധ്യതയാണ്.

പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയ്ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള വേദി കൂടിയാണ് ബിഗ് ഡെമോ ഡേ.

 കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്നോട്ടുവെക്കുന്ന സാങ്കേതികവിദ്യയെയും നവീകരണത്തെയും കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു.

രജിസ്ട്രേഷന്‍ ലിങ്ക്: http://bit.ly/3qmByyN.

Photo Gallery