കാലാവസ്ഥാ വ്യതിയാനം: അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യാന്‍ ശില്‍പശാല

Trivandrum / July 13, 2023

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ  നേരിടാന്‍ അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം പ്രാദേശികമായുള്ള പ്രയോഗക്ഷമതയും വെള്ളിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും.

'ഇംപാക്ട് ഇന്‍റര്‍വെന്‍ഷന്‍സ് ഇന്‍ സസ്റ്റെയ്നബിലിറ്റി ആന്‍റ് ക്ലൈമറ്റ് ചെയ്ഞ്ച്' വിഷയത്തില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ശില്‍പശാലയില്‍ ഗവേഷകര്‍, വിദഗ്ധര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, കോര്‍പറേറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള നൂതനാശയങ്ങള്‍, പുത്തന്‍ സാങ്കേതികവിദ്യകള്‍, ഇവ നടപ്പിലാക്കുന്നതിലെ വെല്ലുവിളികള്‍ തുടങ്ങിയവ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും.

കേരള ശുചിത്വ മിഷന്‍, കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) എന്നിവയുടെ സഹകരണത്തോടെ ഭൗമ എന്‍വിറോടെക് പ്രൈവറ്റ് ലിമിറ്റഡാണ് ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്.

കെ-ഡിസ്ക് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. കെ എം. എബ്രഹാം ശില്‍പശാലയില്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉദ്ഘാടന പ്രസംഗം നടത്തും.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും ഗ്രാമവികസന കമ്മീഷണറുമായ എം ജി. രാജമാണിക്യം മുഖ്യപ്രഭാഷകനാകും. ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍  കെ ടി. ബാലഭാസ്കരന്‍ സംസാരിക്കും.

കാലാവസ്ഥാ വ്യതിയാനത്തെയും അതിന്‍റെ ആഘാതങ്ങളെയും നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആധാരമാക്കിയാണ് ചര്‍ച്ച നടക്കുക.

ഇത്തരം വെല്ലുവിളികളെ പ്രാദേശിക തലത്തില്‍ നേരിടുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനവെല്ലുവിളികളെ ലഘൂകരിക്കാനായി സാങ്കേതികവിദ്യയുടെ ഉപയോഗം സാധ്യമാക്കുന്ന ഒരു ഗവേഷണ-അധിഷ്ഠിത പ്രവര്‍ത്തന പദ്ധതി ആവിഷ്കരിക്കാനും ശില്പശാലയിലൂടെ ലക്ഷ്യമിടുന്നു.

ദ്രാവകമാലിന്യ പരിപാലനത്തിലെ നൂതനവും വികേന്ദ്രീകൃതവുമായ സമീപനം, സാനിറ്റേഷന്‍ ആസ് എ സര്‍വീസ്, മണ്ണ് പുനരുദ്ധാരണം, ശുചിത്വത്തിനായുള്ള മൈക്രോ എന്‍റര്‍പ്രൈസസ് എന്നിവയിലും ശില്‍പശാലയില്‍ ചര്‍ച്ച നടക്കും.

ബിറ്റ്സ് പിലാനിയിലെ ഡീന്‍ ഡോ. ശ്രീകാന്ത് മുട്നൂരി, ഡല്‍ഹിയിലെ വാഷ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാനേജിംഗ് ട്രസ്റ്റിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അറുമുഖം കാളിമുത്തു, സിഐഐ - ഐഡബ്ളുഎന്‍ ചെയര്‍വുമണ്‍ ബിന്‍സി ബേബി, ബാക്ട്രീറ്റ് എന്‍വയോണ്‍മെന്‍റല്‍ സൊല്യൂഷന്‍സ് എല്‍എല്‍പി, ഗോവയിലെ ടെക്നോളജി ഓഫീസര്‍ മിധു ഉണ്ണിത്താന്‍, വുമണ്‍ ലീഡ് ഇന്ത്യ ഫെലോ ശ്രീജ സന്തോഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

Photo Gallery