പത്തനംതിട്ട മില്‍മയിലെ നെയ്യ് ഇനി വിദേശത്തും

കയറ്റുമതി ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു
Pathanamthitta / July 10, 2023

പത്തനംതിട്ട: മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍റെ (ടി.ആര്‍.സി.എം.പി.യു) കീഴിലുള്ള പത്തനംതിട്ട ഡെയറിയില്‍ ഉത്പാദിപ്പിക്കുന്ന നെയ്യ് വിദേശ രാജ്യങ്ങളില്‍ വിപണനം ചെയ്യുന്നതിന് എക്സ്പോര്‍ട്ട് ലൈസന്‍സ് ലഭിച്ചതിന്‍റെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു. സിംഗപ്പൂര്‍, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യു.കെ, യു.എസ്.എ, മലേഷ്യ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കാണ് പത്തനംതിട്ട ഡെയറിയില്‍ നിന്ന് നെയ്യ് കയറ്റുമതി ചെയ്യുക.

സംസ്ഥാനത്ത് പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ പശുക്കളെയും പശുക്കിടാക്കളെയും ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും പശുക്കിടാവ് വളര്‍ത്തല്‍ പദ്ധതികള്‍ നടപ്പാക്കും. പാലുത്പാദനം വര്‍ധിപ്പിക്കുന്നതിനായി തീറ്റക്രമത്തില്‍ പുതിയ രീതികള്‍ സ്വീകരിക്കുകയും കറവയുടെ ഇടവേളകള്‍ പുനഃക്രമീകരിക്കുകയും ചെയ്യും.

കന്നുകാലി ചികിത്സയ്ക്കായി 29 ബ്ലോക്ക് പഞ്ചായത്തുകളില്‍ മൊബൈല്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും പദ്ധതിക്ക് 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഈ സൗകര്യം ഓണത്തിന് ലഭ്യമാക്കും. കയറ്റുമതി ലൈസന്‍സ് ലഭിച്ചത് പത്തനംതിട്ട ഡെയറിയുടെ ആഗോള നിലവാരത്തെയാണ് കാണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട ഡെയറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കയറ്റുമതി ലൈസന്‍സ് മന്ത്രി ടി.ആര്‍.സി.എം.പി.യു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന് കൈമാറി.

കയറ്റുമതി ലൈസന്‍സ് പത്തനംതിട്ട ഡെയറിക്കും ക്ഷീരകര്‍ഷകര്‍ക്കും പ്രോത്സാഹനമാകുമെന്നും ഈ അംഗീകാരം ഡെയറിയിലെ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിന് സാക്ഷ്യമാണെന്നും അധ്യക്ഷത വഹിച്ച കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ പറഞ്ഞു.

ടി.ആര്‍.സി.എം.പി.യു നടപ്പിലാക്കുന്ന കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 5.5 കോടി രൂപ വിനിയോഗിച്ച് 4000 പശുക്കിടാക്കളെ ദത്തെടുക്കുമെന്ന് കെ.എസ്. മണി പറഞ്ഞു. മില്‍മയുടെ പാല്‍ ഇതര ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഔട്ട്ലെറ്റുകള്‍ ആരംഭിക്കും. കയറ്റുമതി ലൈസന്‍സ് നേടിയെടുക്കുന്നതിനുള്ള ടി.ആര്‍.സി.എം.പിയുടെ പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. മില്‍മയുടെ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ വിദേശത്ത് വാങ്ങുന്നവര്‍ ഉണ്ടെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

മില്‍മ ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കുമ്പോള്‍ ക്ഷീരകര്‍ഷകര്‍ക്കാണ് അതിന്‍റെ ഗുണം ലഭിക്കുകയെന്ന് സ്വാഗതം ആശംസിച്ച ടി.ആര്‍.സി.എം.പി.യു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ പറഞ്ഞു.


ഒരു വര്‍ഷത്തിനുള്ളില്‍ 110 ടണ്‍ നെയ്യ് കയറ്റുമതി ചെയ്യാനാണ് ടി.ആര്‍.സി.എം.പി.യു പദ്ധതിയിടുന്നതെന്നും ഇതുവഴി ഏകദേശം 12 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ടി.ആര്‍.സി.എം.പി.യു മാനേജിംഗ് ഡയറക്ടര്‍ ഡി.എസ് കോണ്ട പറഞ്ഞു. ആറര ടണ്‍ നെയ്യിന്‍റെ കയറ്റുമതി ഓര്‍ഡര്‍ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


യു.എസ്.എ, യുകെ, കാനഡ എന്നിവിടങ്ങളിലേക്ക് നെയ്യ് കയറ്റുമതി ചെയ്യുന്നതിനുള്ള ആദ്യ കയറ്റുമതി രേഖയുടെ കൈമാറ്റം പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു.

പ്രകൃതിക്ഷോഭത്തില്‍ പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള ധനസഹായം ടി.ആര്‍.സി.എം.പി.യു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ കെ.ആര്‍. മോഹനന്‍ പിള്ള വിതരണം ചെയ്തു.

മില്‍മ റിവോള്‍വിംഗ് ഫണ്ട് ടി.ആര്‍.സി.എം.പി.യു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ വി.എസ്. പത്മകുമാര്‍ വിതരണം ചെയ്തു.

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ആര്‍. മോഹനന്‍ നായര്‍, ജനപ്രതിനിധികളായ നീതു ചാര്‍ളി, സോജി പി. ജോണ്‍, മൃഗസംരക്ഷണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഡോ. അനന്തകൃഷ്ണന്‍ സി.പി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ, മില്‍മ പത്തനംതിട്ട ഡെയറി സീനിയര്‍ മാനേജര്‍ ഡോ. ആര്‍.കെ. സാമുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Photo Gallery

+
Content
+
Content