ക്ഷീരകര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതി വീണ്ടും നടപ്പിലാക്കും: മന്ത്രി ജെ ചിഞ്ചുറാണി

ടിആര്‍സിഎംപിയുവിന്‍റെ ഔദ്യോഗിക വെബ്സൈറ്റിനും ഇ-കൊമേഴ്സ് പോര്‍ട്ടലിനും തുടക്കം
Trivandrum / July 5, 2023

തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായ 'ക്ഷീരസാന്ത്വനം' വീണ്ടും നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍റെ (ടിആര്‍സിഎംപിയു) ഔദ്യോഗിക വെബ്സൈറ്റും ഇ-കൊമേഴ്സ് പോര്‍ട്ടലും പട്ടം ക്ഷീരഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


അടുത്തിടെ നിര്‍ത്തലാക്കിയ ക്ഷീരസാന്ത്വനം പദ്ധതിയിലൂടെ കന്നുകാലികള്‍ക്കു പുറമെ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ- അപകട-ലൈഫ് ഇന്‍ഷുറന്‍സ് നല്കാന്‍ സാധിച്ചത് ക്ഷീരകര്‍ഷകര്‍ക്ക് ഗുണകരമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മില്‍മ ഉത്പന്നങ്ങളുടെ വിപണനരംഗത്ത് ഇ-കൊമേഴ്സ് പോര്‍ട്ടല്‍ മുതല്‍ക്കൂട്ടാകും. https://milmatrcmpu.com/ വെബ്സൈറ്റിലൂടെ  ഉപഭോക്താക്കള്‍ക്ക് ലോകത്തെവിടെ നിന്നും മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ ഒഴുക്ക് തടയുന്നതിന് പരിമിതികള്‍ ഉണ്ടെങ്കിലും സഹകരണതത്ത്വങ്ങള്‍ക്ക് വിരുദ്ധമായി മറ്റ് പാല്‍ ബ്രാന്‍ഡുകള്‍ കേരളത്തിലേക്ക് കടന്നുകയറുന്നത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കറവ സമയങ്ങളില്‍ മാറ്റം വരുത്തുന്നതിനൊപ്പം പാല്‍ ശേഖരിച്ചു സൂക്ഷിക്കാനുള്ള സംവിധാനങ്ങളും വിപൂലീകരിക്കും. കൂടുതല്‍ ആളുകളെ ക്ഷീരമേഖലയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ നടപ്പിലാക്കും. നല്ലയിനം കാലിത്തീറ്റ കുറഞ്ഞ വിലയ്ക്ക് നല്കാനും ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. മില്‍മ @സ്കൂള്‍ പദ്ധതി കോളേജുകളിലേക്കു വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ടിആര്‍സിഎംപിയുവിന് കീഴിലുള്ള നാല് ജില്ലകളിലെ ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് 2022-23 വര്‍ഷത്തില്‍ വിരമിച്ച 36 സെക്രട്ടറിമാരെയും മന്ത്രി ആദരിച്ചു. ക്ഷീരസംഘങ്ങളിലെ ജീവനക്കാരുടെ സേവനങ്ങള്‍ വിലമതിയ്ക്കാനാകാത്തത് ആണെന്നും പ്രാഥമിക സഹകരണസംഘങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്ക് തിരുവനന്തപുരം മേഖലാ യൂണിയന്‍ യാത്രയയപ്പ് നല്കുന്നത് അനുകരണീയ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മില്‍മയുടെയും ടിആര്‍സിഎംപിയുവിന്‍റെയും സമഗ്രമായ ചരിത്രം ലഭിക്കുന്നതിനൊപ്പം ലോകത്തിന്‍റെ ഏത് ഭാഗത്തുനിന്നുള്ള ഉപഭോക്താക്കള്‍ക്കും മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വെബ്സൈറ്റിലൂടെ സാധിക്കുമെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരംഗന്‍ പറഞ്ഞു

ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി എസ്. പത്മകുമാര്‍, കെ ആര്‍. മോഹനന്‍ പിള്ള, കെസിഎംഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് ഐഎഎസ് എന്നിവരും സന്നിഹിതരായിരുന്നു.

ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡി എസ്. കോണ്ട നന്ദി പറഞ്ഞു.

Photo Gallery

+
Content